ഇന്തോ – സൗദി ഊർജ മേഖലയിലെ സഹകരണത്തിന് ഊർജിത നീക്കങ്ങൾ; സംയുക്ത വൈദ്യുതി ഗ്രിഡുകൾ, റിഫൈനറികൾ, പെട്രോകെമിക്കൽ എന്നിവയിൽ സാധ്യതാ പഠനങ്ങൾ

  • അക്ബർ പൊന്നാനി –

ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദ്വിദിന സൗദി സന്ദർശനത്തിലെ ചർച്ചകൾ പുരോഗമിക്കുന്നു. ഇതുവരെയുള്ള ചർച്ചകളിൽ ഊർജ രംഗത്തെ പരസ്പര സഹകരണവും സംയുക്ത പദ്ധതികളും സംബന്ധിച്ച പഠനം, ധാരണ എന്നിവ ഉൾപ്പെടുന്നതായാണ് വിവരം. ഇരു രാജ്യങ്ങൾക്കുമിടയിൽ പെട്രോകെമിക്കൽ രംഗത്തെ സംയുക്ത സംരംഭങ്ങളും കാൽവെപ്പുകളും സംബന്ധിച്ച സാധ്യതാ പഠനങ്ങൾ ഇവയിൽ ഉൾപ്പെടുന്നു.

ചൊവാഴ്ച കാലത്ത് ജിദ്ദയിൽ വിമാനമിറങ്ങുന്ന വേളയിൽ പുറത്തിറക്കിയ പത്രക്കുറിപ്പുകളിൽ, തന്റെ രാജ്യം സൗദി അറബ്യയുമായി സംയുക്ത റിഫൈനറി – പെട്രോകെമിക്കൽ രംഗങ്ങളിൽ സംയുക്ത പദ്ധതികൾ തുടങ്ങുന്നത് സംബന്ധിച്ച് പര്യവേക്ഷണം നടത്തുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യക്തമാക്കിയിരുന്നു.

ഇരു രാജ്യങ്ങളും ചേർന്ന് നിർമിക്കാൻ പദ്ധതിയിടുന്ന ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സൗഹൃദ എണ്ണ ശുദ്ധീകരണശാലയും ഇതിൽ ഉൾപ്പെടുന്നു. പ്രതിദിനം 1.2 ദശലക്ഷം ബാരൽ ഉൽപാദന ശേഷിയുള്ള ഈ റിഫൈനറി 44 ബില്യൺ ഡോളർ ചെലവ് കണക്കാക്കുന്ന സംരംഭമാണ്.

അതോടൊപ്പം, ഇന്ത്യയുടെ പ്രതിരോധ നിർമ്മാണ മേഖലയിൽ സൗദി നിക്ഷേപം നടത്തുന്നുണ്ടെന്നും, എന്നാൽ ഈ മേഖല ഇപ്പോഴും സ്വകാര്യ നിക്ഷേപത്തിന് തുറന്നിട്ടിരിക്കുകയാണെന്നും ഇന്ത്യൻ പ്രധാനമന്ത്രി പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തി.

സൈബർ സുരക്ഷയിൽ സഹകരണത്തിനുള്ള പുതിയ വഴികൾ പഠിച്ചുകൊണ്ടിരിക്കുകയാണെന്നും വൈദ്യുതി ഗ്രിഡുകളെ ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ഇന്ത്യയും സൗദി അറേബ്യയും സാധ്യതാ പഠനങ്ങൾ നടത്തുന്നുണ്ടെന്നും നരേന്ദ്രമോഡി കൂട്ടിച്ചേർത്തു.

തന്ത്രപ്രധാനമായ പങ്കാളിത്ത പദവി പരസ്പരം വഹിക്കുന്നവരാണ് ഇന്ത്യയും സൗദി അറേബ്യയും. 2019-ൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ നടത്തിയ ഇന്ത്യാ സന്ദർശന വേളയിലായിരുന്നു ഇതിനായി സൗദി – ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ടിസിപ്പേഷൻ കൗൺസിൽ രൂപവത്കരിച്ചത്. സൗദിയുടെ മുന്നോട്ടുള്ള അഭിമാന മാർഗ്ഗരേഖയായ “വിഷൻ 2030” ഉം ഇന്ത്യയുടെ “വിഷൻ 2047” ഉം കൂട്ടിയോജിപ്പിച്ചതും അർത്ഥവത്തായ പരസ്പര പങ്കാളിത്തത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.

ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊർജ്ജ മേഖലയിൽ സഹകരണം വികസിപ്പിക്കാൻ സൗദി അറേബ്യയും ഇന്ത്യയും ഊർജിത ശ്രമം നടത്തികൊണ്ടിരിക്കുന്നുണ്ട്. കൂടാതെ നിക്ഷേപം, വ്യവസായം, ജലശുദ്ധീകരണം എന്നീ മേഖലകളിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിൽ കരാറുകൾ നിലവിലുണ്ട്.

സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. സൗദി അറേബ്യ ഇന്ത്യയുടെ അഞ്ചാമത്തെ വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യയും.

അതിനേക്കാളേറെ ഹൃദ്യമാണ് ഹജ്ജ് – ഉംറ തീർത്ഥാടനങ്ങളിലും പ്രവാസി മേഖലയിലും നിലനിൽക്കുന്ന സഹകരണവും കൊള്ളലും കൊടുക്കലും. ശരാശരി ഒന്നര ലക്ഷത്തിലേറെ തീർത്ഥാടകരാണ് ഇന്ത്യയിൽ നിന്ന് വർഷംതോറും വിശുദ്ധ ഹജ്ജിൽ പങ്കെടുക്കുന്നത്. അതിലേറെയാണ് മാസം തോറും ഉള്ള ഉംറ കണക്ക്. അതുപോലെ ഇന്ത്യക്കാരായ ഏതാണ്ട് 27 ലക്ഷം സാധാരണക്കാരാണ് സൗദിയിൽ ഉപജീവനം കണ്ടെത്തുന്നത്. അനൗപചാരിക അംബാസഡര്മാരായ ഇവരിലൂടെ വമ്പിച്ച തുകയാണ് വിദേശ കാറൻയായി ഇന്ത്യയിലേയ്ക്ക് അനുദിനം ഒഴുകി കൊണ്ടിരിക്കുന്നതും. അതിലൂടെ രാജ്യത്തിന്റെ ജീവിത പുരോഗതി അഭിവൃദിപ്പെടുന്നതും.

Leave a Reply

Your email address will not be published.