
തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി വിഷയം കോടതിയുടെ പരിഗണനയിലാണെന്നും വഖഫ് ഭേദഗതി നിയമത്തിലൂടെ മുനമ്പത്തുകാരുടെ പ്രശ്‌നം പരിഹരിക്കാനാവില്ലെന്നുമുള്ള കേന്ദ്ര മന്ത്രിയുടെ കുറ്റസമ്മതത്തിലൂടെ മുസ്‌ലിം സമൂഹത്തിനെതിരേ ശത്രുത വളർത്താനുള്ള ഇന്ധനമായിരുന്നു മുനമ്പം വിഷയമെന്ന യാഥാർഥ്യം ജനങ്ങൾ തിരിച്ചറിയണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് തുളസീധരൻ പള്ളിക്കൽ. ഇതിലൂടെ അവരുടെ കാപട്യം കൂടുതൽ വ്യക്തമായിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. വഖ്ഫ് ബിൽ പാർലമെൻ്റ് പാസാക്കിയപ്പോൾ ബി ജെ പി അംഗത്വം സ്വീകരിച്ച് പടക്കം പൊട്ടിച്ച് ആഘോഷിച്ചവർ ഇപ്പോൾ ഇളിഭ്യരായിരിക്കുകയാണ്.
ഭരണഘടനാവിരുദ്ധവും വംശീയ താൽപ്പര്യത്തോടെയുമുള്ള ഭീകരനിയമം ചുട്ടെടുക്കുന്നതിന് അനുകൂല സാഹചര്യമൊരുക്കാൻ സംഘപരിവാരവും കേന്ദ്ര ബിജെപി സർക്കാരും മെനഞ്ഞെടുത്ത തന്ത്രമായിരുന്നു മുനമ്പം വിഷയം ആളിക്കത്തിച്ചതിനു പിന്നിൽ. ആർഎസ്എസ് വിരിച്ച വലയിൽ പലരും പെട്ടു പോവുകയായിരുന്നു. വഖ്ഫ് ഭേദഗതി നിയമം പാസ്സാക്കിയാൽ മുനമ്പം വഖ്ഫ് ഭൂമി വിഷയം എങ്ങിനെ പരിഹരിക്കാനാവുമെന്ന് വിവരമുള്ളവരെല്ലാം അന്നേ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇപ്പോൾ നിയമ ഭേദഗതിക്കായി ബിൽ അവതരിപ്പിച്ച കേന്ദ്രമന്ത്രി തന്നെ നേരിട്ടെത്തി കുറ്റം സമ്മതിച്ചിരിക്കുന്നു എന്നത് പലരുടെയും കണ്ണുതുറപ്പിക്കുന്നതാണ്.
സാമൂഹിക നന്മയ്ക്കായി മുസ്ലിംങ്ങൾ ദാനം ചെയ്ത സ്വത്തുക്കൾ അന്യായമായി പിടിച്ചെടുക്കുമ്പോഴും നിയമം മുസ്‌ലിംകളെ ബാധിക്കില്ല എന്നു പറയുന്ന കേന്ദ്ര മന്ത്രി സ്വയം പൊട്ടൻകളിക്കുകയാണ്. മുസ്‌ലിംകളുടെ മാത്രം വിവാഹമോചനം ക്രിമിനൽ കുറ്റമാക്കിയപ്പോഴും മുസ്‌ലിംകൾക്ക് മാത്രം പൗരത്വം നിഷേധിക്കുമ്പോഴും മുസ്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസ് ചെയ്യുമ്പോഴും ഇതെല്ലാം മുസ്‌ലിംങ്ങളുടെ നന്മയ്ക്കാണെന്നു പറയുന്ന വങ്കത്തരത്തോട് പൗരസമൂഹം ക്രിയാത്മകമായി പ്രതികരിക്കണം. ആർ എസ് എസ് അജണ്ട സുഗമമായി നടപ്പാക്കുന്നതിന് ജനങ്ങളെ എങ്ങിനെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കേന്ദ്ര മന്ത്രിയുടെ ഏറ്റുപറച്ചിൽ.
സംഘപരിവാരത്തിൻ്റെ വ്യാജ പ്രചാരങ്ങളെ തൊള്ള തൊടാതെ വിഴുങ്ങുന്നവർ ഇനിയെങ്കിലും യാഥാർഥ്യബോധം ഉൾക്കൊള്ളാൻ തയ്യാറാവണം. സംഘപരിവാരത്തിൻ്റെ വിദ്വേഷ രാഷ്ട്രീയത്തിനും ഭരണകൂട ഭീകരതയ്ക്കുമെതിരേ ശക്തമായ ഐക്യനിര കെട്ടുപ്പടുക്കാൻ ഇനിയെങ്കിലും ജനാധിപത്യ വിശ്വാസികൾ തയ്യാറാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Leave a Reply