മലപ്പുറം : വഖഫ് ഭേദഗതി ബിൽ കേവലം മുസ്‌ലിം വിരുദ്ധനീക്കം മാത്രമല്ലെന്നും ഭരണകൂടത്തിന്റെ പ്രഖ്യാപിതമായ വംശീയ ആക്രമണമാണെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.മുജീബുറഹ്മാൻ. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്ലിങ്ങളുടെ സാംസ്കാരികവും സാമ്പത്തികവുമായ മൂലധനം തകർത്തു അവരുടെ ഐഡന്റിറ്റി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംഘപരിവാർ നടത്തുന്ന വംശീയ അജണ്ടയുടെ ഭാഗമാണിത്. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം അവരുടെ ആരാധനകൾ, ആരാധനാലയങ്ങൾ, ആത്മീയ കാര്യങ്ങൾ, സാമൂഹ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ എന്നിവയെല്ലാം വഖഫുമായി ബന്ധപ്പെട്ടതാണ്. ദൈവ മാർഗ്ഗത്തിലുള്ള ദാനമാണത്, ആരുടെയും ഔദാര്യമല്ല. ഒരു സമുദായത്തിന്റെ വിശ്വാസവും അധ്വാനവും ഭരണഘടനാപരമായ അവകാശവുമായ വഖ്ഫിന് മുകളിൽ ഇതര മതവിഭാഗങ്ങൾക്കും സർക്കാറിനും യഥേഷ്ടം കൈകടത്താവുന്ന രൂപത്തിലുള്ള ഭേദഗതിയാണ് ഗവൺമെന്റ് രാജ്യത്തിന് സമർപ്പിച്ചിരിക്കുന്നത്.
ഭരണഘടനയുടെ അന്തസത്ത തകർക്കാനും വംശീയ അജണ്ട നടപ്പാക്കാനുമുള്ള ഭരണകൂട ഉപകരണങ്ങളായി ജനാധിപത്യ സംവിധാനങ്ങൾ മാറുമ്പോൾ നീതിക്ക് വേണ്ടി ജനകീയ ഇടങ്ങളായ തെരുവുകളിലേക്കിറങ്ങാൻ രാജ്യത്തെ മർദ്ദിത ജനത നിർബന്ധിതരാവും. ഇന്ത്യ സഖ്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായ നീക്കം അഭിനന്ദനാർഹമാണ്. വിയോജിക്കുന്നവർക്കെതിരെയല്ലാം സംഘപരിവാർ പ്രയോഗിക്കുന്ന നീക്കം നിശബ്ദമാക്കുക എന്നതാണ്. ഇതിനെതിരെ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളെയും ചേർത്തുനിർത്തിയുള്ള പ്രക്ഷോഭം രൂപപ്പെടേണ്ടതുണ്ട്. വഖഫ് സംബന്ധമായ വിഷയത്തിൽ മുസ്ലിം സമുദായം ഒറ്റക്കെട്ടാണ്. രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണയോടെ വഖഫ് ബില്ലിനെതിരെ ജനകീയമായ പ്രക്ഷോഭങ്ങൾ നേതൃത്വം നൽകുന്നതോടൊപ്പം നിയമപരമായ പോരാട്ടങ്ങളും നടത്തും. വഖഫ്ഭേദഗതിയുമായുള്ള ചർച്ച കേരള കേന്ദ്രീകൃതമാകുന്നത് തന്നെ അപകടകരമാണ്. കെ.സി.ബി.സിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നീക്കം ദൗർഭാഗ്യകരമാണ്. മുനമ്പം വിഷയവും വഖഫ് ബില്ലും അജഗജാന്തരമുണ്ട്. വഖഫ് പാസായാലും ഇല്ലെങ്കിലും അത് മുനമ്പം വിഷയത്തിൽ പ്രശ്നമോ പരിഹാരമോ ആകുന്നില്ലെന്നും പി.മുജീബുറഹ്മാൻ കൂട്ടിച്ചേർത്തു.
Leave a Reply