
പൊന്നാനി: പുണ്യ റമസാനില്‍ ശീലിച്ച ജീവിത ശുദ്ധിയും ലാളിത്യവും ദൈവഭയവും ശിഷ്ടജീവിതത്തിൽ ഉടനീളം പാലിക്കണമെന്നും അതിനുള്ള ഉറച്ച തീരുമാനമാവണം പെരുന്നാളിന്റെ ആഹ്ലാദ വേളയിൽ കൈക്കൊള്ളേണ്ടത് സുപ്രധാനമാണെന്നും മുൻ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും പൊന്നാനിയിലെ സംഘടനാ കൂട്ടായ്മയുടെ ചെയർമാനുമായ ഉസ്താദ് മുഹമ്മദ് കെ എം ഖാസിം കോയ പെരുന്നാൾ സന്ദേശത്തിൽ വിശ്വാസികളെ ഓർമിപ്പിച്ചു.
“മറ്റുള്ളവര്‍ക്ക് ഉപദ്രവമാവുന്ന പ്രവര്‍ത്തികള്‍ എന്നില്‍ നിന്ന് ഉണ്ടാവില്ലെന്നും അരുതായ്മകള്‍ക്കും തട്ടിപ്പുകള്‍ക്കും നിയമലംഘനങ്ങള്‍ക്കും കൂട്ടുനില്‍ക്കില്ലെന്നും നാടിൻ്റെ യുവതയെ തകർക്കുന്ന എല്ലാ തരം ലഹരി മാഫിയക്കെതിരെയും പോരാടുമെന്നും നാം ഈ ദിവസം പ്രതിജ്ഞയെടുക്കുകയും ജീവിതത്തില്‍ പാലിക്കുകയും വേണം” – അദ്ദേഹം തുടർന്നു.
എല്ലാവരെയും സ്നേഹിക്കാനും അന്യമതസ്ഥരെ ബഹുമാനിക്കാനും അന്യമതത്തെ ബഹുമാനിക്കാനും കല്‍പിക്കുന്ന മതമാണ് ഇസ്ലാമെന്ന് പൊന്നാനി ജനകീയ കൂട്ടായ്മ ചെയർമാൻ പറഞ്ഞു. സാമാധാനത്തിന്‍റെയും ഐശ്വര്യത്തിന്‍റെ പ്രഭാതങ്ങള്‍ പുലരട്ടെ… അതിനായി നമുക്ക് പ്രാര്‍ഥിക്കാം എന്നു പറഞ്ഞ് ഏവര്‍ക്കും ഈദ് ഫിത്‌ര്‍ ആശംസകള് നേർന്നു.
ശാന്തിയുടെയും സഹിഷ്‌ണുതയുടെയും ദീനാനുകമ്പയുടെയും സമസൃഷ്ടി സ്നേഹത്തിന്‍റെയും വിശ്വസൗഹാര്‍ദ്ദത്തിന്‍റെയും സന്ദേശമാണ് ലോക ജനതയ്ക്ക് ഈദുല്‍ഫിത്‌ര്‍ നല്‍കുന്നത്. അക്രമത്തിന്‍റെയും അനീതിയുടെയും കാര്‍മേഘങ്ങള്‍ എന്നന്നേക്കുമായി നീങ്ങട്ടെ…
ഇസ്ലാം മത വിശ്വാസികള്‍ക്ക് രണ്ട് ആഘോഷങ്ങളാണ് നിശ്ചയിച്ചിട്ടുള്ളത് – ഈദുല്‍ ഫിത്‌റും ഈദുല്‍ അദ്‌ഹായും. ഈ രണ്ട് ആഘോഷങ്ങള്‍ക്കും സന്തോഷത്തിന്‍റെ മുഖച്ഛായയുണ്ട്, എങ്കിലും ആഘോഷങ്ങള്‍ അതിരുകടക്കാന്‍ പാടില്ല. ഈദുല്‍ ഫിത്‌ര്‍ ദിനം ആഘോഷിക്കാനുള്ളതാണ്. അതിനാല്‍ തന്നെ ആ ദിവസം വ്രതം പോലും ഹറാമാക്കിയിട്ടുണ്ട്.
Leave a Reply