
കോട്ടക്കൽ: ജില്ലയിലെ പൊതുമേഖലാ സ്ഥാപനമായ എടരിക്കോട് ടെക്സ്റ്റൈൽസിലെ 205 തൊഴിലാളികളുടെ ഉയർന്ന പെൻഷൻ അപേക്ഷ എംപ്ലോയീസ് പ്രൊവിഡണ്ട് ഫണ്ട് അധികൃതർ തിരിച്ചയച്ചു. 2022ലെ സുപ്രീം കോടതിയുടെ വിധിപ്രകാരം തൊഴിലാളികൾ ഓൺലൈൻ ആയി ഉയർന്ന പെൻഷന് വേണ്ടി അപേക്ഷ സമർപ്പിച്ചിരുന്നു. 2016 മെയ് മാസം മുതൽ തൊഴിലാളികളിൽ നിന്നും പിടിച്ചുവെച്ച പി.എഫ്. സംഖ്യ അടവാക്കിയിട്ടുണ്ടായിരുന്നില്ല . തൊഴിലുടമ വിഹിതം അടവാക്കാത്തതിനാലാണ് അപേക്ഷ തിരിച്ചയക്കുന്നതെന്ന് ഓരോ തൊഴിലാളികൾക്കും വേണ്ടി തൊഴിലുടമക്ക് അയച്ച കത്തിൽ പി.എഫ്. അധികൃധർ വ്യക്തമാക്കി. ഓരോ തൊഴിലാളികൾക്കും എസ്.എം.എസ് വഴി സന്ദേശവും ലഭിച്ചു. തൊഴിലാളികൾക്ക് ഇനി ഉയർന്ന പെൻഷൻ ലഭിക്കണമെങ്കിൽ തൊഴിലുടമയുടെ 2016 മുതൽ വിഹിതം അടവാക്കി ഒരു മാസത്തിനകം എടരിക്കോട് ടെക്സ്റ്റൈൽസ് മാനേജ്മെൻറ് വീണ്ടും അപേക്ഷ അയക്കണമെന്ന് കഴിഞ്ഞ 18ന് തിരിച്ചയച്ച അപേക്ഷയിൽ സുചിപ്പിച്ചു.
ഉയർന്ന പെൻഷന് വേണ്ടിയുള്ള അപേക്ഷ തിരിച്ച് അയച്ചതിൽ തൊഴിലാളികൾക്കിടയിൽ വ്യാപകമായ പ്രതിഷേധം ശക്തമാകുന്നുണ്ട്. തൊഴിലാളികൾ അവരുടെ ശമ്പളത്തിൽ നിന്നും പിടിച്ച സംഖ്യയും സമാനമായ തുകയും ചേർത്ത് അതാത് മാസം 15 നകം തന്നെ പി എഫിൽ അടവാക്കണമെന്നാണ് ഇ.പി.എഫ് ചട്ടം. എടരിക്കോട് ടെക്സ്റ്റൈൽ തൊഴിലാളികൾക്ക് ഉയർന്ന പെൻഷൻ ലഭിക്കണമെങ്കിൽ തൊഴിലുടമയുടെ 2016 മുതൽ വിഹിതം അടക്കേണ്ടി വരും. അല്ലാത്തപക്ഷം തൊഴിലാളികൾക്ക് ഉയർന്ന പെൻഷനുള്ള അപേക്ഷ പി എഫ് അധികാരികളുടെയും മാനേജ്മെന്റിന്റെയും ദുർനടപടി കാരണം ഇല്ലാതാവും. തൊഴിലാളികളുടെ പി എഫ് സംഖ്യ അടവാക്കാത്തതിനെതിരെ എസ്.ടി.യു.തൊഴിലാളികൾ നിരവധി പരാതികൾ സർക്കാറിനും മാനേജ്മെന്റിനും പിഎഫ് അധികാരികൾക്കും നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എടരിക്കോട് ടെക്സ്റ്റൈൽസ് എംപ്ലോയീസ് ഓർഗനൈസേഷൻ (എസ്.ടി.യു) കുറ്റപെടുത്തി. പിടിച്ച് വെച്ച പി.എഫ് സംഖ്യ അടവാത്ത മാനേജ്മെൻറ്റിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.ടി.യു തൊഴിലാളികൾ കോഴിക്കോട് പി.എഫ് ഒഫിസിന് മുന്നിൽ സമരം നടത്തിയിരുന്നു.
ഇ പി എഫ് അധികാരികൾ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കൊപ്പം ചേർന്ന് ഒത്തു കളിച്ചതിൻ്റെ ഫലമായാണ് തൊഴിലാളികളുടെ അപേക്ഷ നിരസിക്കാൻ ഇടയാക്കിയതെന്ന് യോഗം ചൂണ്ടിക്കാട്ടി. ഇതോടെ ഏക ആശ്രയമായ പെൻഷൻ ഇല്ലാതാവുകയാണ്. കേരള സർക്കാർ തൊഴിലാളികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന സമീപനമാണ് സ്വീകരിക്കുന്നത്. തൊഴിലാളികളുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക അടവാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു. യോഗത്തിൽ അലി കുഴിപ്പുറം അധ്യക്ഷനായി. ജനറൽ സെക്രട്ടറി സിദ്ദീഖ് താനൂർ, ടി. ആലസ്സൻ, വി.ടി. അബ്ദുള്ള, എ. അബ്ദുറഹിമാൻ, പി.കെ.ഷാഫി ,എം. സി. തില , വി.കെ.ഫാത്തിമത്തു സുഹറ, വി.പി. കുഞ്ഞാലി, ടി.സി.അബൂബക്കർ, വിശ്വനാഥൻ വെട്ടൻ, കെ.സക്കറിയ,തുടങ്ങിയവർ സംസാരിച്ചു.
Leave a Reply