
കുറ്റിപ്പുറം: വ്യക്തമായ നിർദ്ദേശം നൽകാതെ മോട്ടോർ വാഹന വകുപ്പ് ഇറക്കിയ പുതിയ ഉത്തരവ് ഉദ്യോഗസ്ഥരേയും അപേക്ഷകരേയും ഒരുപോലെ വട്ടം കറക്കുന്നു. കഴിഞ്ഞ മാസം 24 ന് ഇറക്കിയ ഉത്തരവാണ് ഉദ്യോഗസ്ഥരെ കുഴക്കുന്നത്. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ ഫിറ്റ്നസ് പരിശോധനയ്ക്ക് പോകാൻ പാടില്ലെന്ന നിയമം നേരത്തെ കർഷനമാക്കി ഉത്തരവിറക്കിയിരുന്നു. എന്നാൽ ലക്ഷക്കണക്കിന് ഡ്രൈവിംഗ് ടെസ്റ്റ് അപേക്ഷകർ തീർപ്പ് കൽപ്പിക്കാതെ കെട്ടി കിടന്നതോടെ ഉത്തരവ് മോട്ടോർ വാഹനവകുപ്പ് മരവിപ്പിച്ചു. നിലവിൽ അപേക്ഷ കൂടുതലുള്ള ഓഫീസുകളിൽ രാവിലെ ഡ്രൈവിംഗ് ടെസ്റ്റും ഉച്ചയ്ക്ക് ശേഷം വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും എന്ന രീതിയിലാണ് നടന്ന് വരുന്നത്. ഇതിനിടയിലാണ് പുതിയ ഉത്തരവ് കഴിഞ്ഞ മാസം അവസാനം ഇറങ്ങിയത്. പുതിയ ഉത്തരവിൽ ഡ്രൈവിംഗ് ടെസ്റ്റ് കാര്യക്ഷമമായി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി രണ്ട് എം.വി.ഐ മാരുള്ള ഓഫീസിൽ ഒരാൾ ഡ്രൈവിംഗ് ടെസ്റ്റും മറ്റേയാൾ ഫിറ്റ്നസ് പരിശോധനയും നടത്തണമെന്നാണ് നിർദ്ദേശം. ഒരു എം.വി.ഐ മാത്രമുള്ള ഓഫീസുകളിലിത് തിങ്കൾ മുതൽ വെള്ളി വരെ ഡ്രൈവിംഗ് ടെസ്റ്റും ശനിയാഴ്ച്ചകളിൽ ഫിറ്റ്നസും നടത്തണമെന്നും പറയുന്നു. ഇതേ ഉത്തരവിൽ തന്നെ ഡ്രൈവിംഗ് ടെസ്റ്റിന് ശേഷം ഉച്ചയ്ക്ക് ഫിറ്റ്നസ് പരിശോധിക്കാൻ പോകണമെന്നും പറയുന്നു. ഇതാണ് ഉദ്യോഗസ്ഥരിൽ ആശയ കുഴപ്പത്തിന് കാരണം. സർക്കുലർ കുഴക്കുന്നതാണേലും പൊതുജനങ്ങൾക്ക് ഗുണമുള്ള കാര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്.
ലേണേഴ്സ് പുതുക്കാൻ ഇനി കണ്ണ് പരിശോധന സർട്ടിഫിക്കേറ്റ് വേണ്ട, പുതുക്കിയാൽ ഒരു മാസത്തെ കാത്തിരിപ്പും ഒഴിവായി
കുറ്റിപ്പുറം: ലേണേഴ്സ് പരീക്ഷ കാലാവധി ( ആറ് മാസം) കഴിഞ്ഞ് പുതുക്കുമ്പോൾ ഇനി മുതൽ പുതിയ കണ്ണ് പരിശോധന സർട്ടിഫിക്കേറ്റ് വേണ്ട. മെഡിക്കൽ സർട്ടിഫിക്കേറ്റ് വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. നിലവിൽ ലേണേഴ്സ് പുതുക്കി ഒരു മാസം കഴിഞ്ഞാൽ മാത്രമെ ടെസ്റ്റിനായി പങ്കെടുക്കാനാകൂ ഈ നിയമവും മോട്ടോർ വാഹന വകുപ്പ് ഒഴിവാക്കി. ഇനി മുതൽ ലേണേഴ്സ് പുതുക്കിയ തൊട്ടടുത്ത ദിവസം ഒഴിവ് അനുസരിച്ച് സ്ലോട്ട് ബുക്ക് ചെയ്ത് ടെസ്റ്റിൽ പങ്കെടുക്കാം.

Leave a Reply