ഇസ്ലാമിക സൗധത്തിന്റെ അതിശക്തമായ സ്തംഭമാണ് നോമ്പ്. ദീന്‍ സമ്പുഷ്ടവും സമ്പൂര്‍ണ്ണവുമാകാന്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള ആരാധനാ കര്‍മ്മങ്ങളില്‍ സവിശേഷ സ്ഥാനമാണ് നോമ്പിനുള്ളത്. നമസ്‌കാരം, ഹജ്ജ്, സക്കാത്ത് എന്നിവയാണ് മറ്റ് ആരാധനാ കര്‍മ്മങ്ങള്‍. ഒരു സമ്പൂര്‍ണ്ണ ജീവിത വ്യവസ്ഥ എന്ന നിലയില്‍ ജീവിതത്തെ പൂര്‍ണ്ണമായും അല്ലാഹുവിനുള്ള ആരാധനയാക്കി തീര്‍ക്കുകയാണ് ഇസ്ലാമിന്റെ സാക്ഷാല്‍ ഉദ്ദേശ്യം. ഓരോ ആരാധനാ കര്‍മ്മവും ഈ സമ്പൂര്‍ണ്ണതിയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കുകയാണ് ചെയ്യുന്നത്. ഈ യാഥാര്‍ത്ഥ്യം ഖുര്‍ആന്‍ വിശദീകരിക്കുന്നതിങ്ങനെയാണ്. 'വിശ്വസിച്ചവരെ നിങ്ങള്‍ക്ക് മുമ്പുള്ളവര്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങളുടെ മേലും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ഭയഭക്തി ഉള്ളവരാകാന്‍ വേണ്ടി' ഇതാണ് നോമ്പിന്റെ നിര്‍മ്മാണ പാത.

ഇസ്ലാമിന്റെ ആത്മാവാണ് തഖ്വ, ജീവിത ചലനങ്ങളുടെ സ്രോതസ്സാണത്. ഒരു യഥാര്‍ത്ഥ മുസ്ലിമിന്റെ ജീവിത വ്യവഹാരങ്ങളെയെല്ലാം നിയന്ത്രിക്കുന്നതും ചലിപ്പിക്കുന്നതും അവനില്‍ കൂടികൊള്ളുന്ന തഖ്വ  ബോധമാണ്. അല്ലാഹുവിന്റെ അനുഗ്രഹവും സംതൃപ്തിയും കാംക്ഷിച്ചുകൊണ്ട് അവന്റെ  ്അതൃപ്തിയെ ഭയന്നുകൊണ്ടുമുള്ള അതി സൂക്ഷമമായ ജീവിതമാണ് തഖ്വകൊണ്ട് വിഭാവനം ചെയ്യുന്നത്. നോമ്പനുഷ്ഠിക്കുന്ന മനുഷ്യനും അല്ലാഹുവിനുമല്ലാതെ മറ്റാര്‍ക്കും അറിയുവാന്‍ കഴിയാത്ത വിധം വളരെ രഹസ്യമായ ഒരു കര്‍മ്മമായിട്ടാണ് വിവക്ഷിക്കപ്പെട്ടിരിക്കുന്നത്. അല്ലാഹു സര്‍വ്വ വ്യാപിയും എല്ലാ രഹസ്യങ്ങളും അറിയുന്നവനുമാണെന്ന വിശ്വാസം മനസ്സില്‍ രൂപ മൂലമാകുമ്പോള്‍ മാത്രമെ ജീവിതം സൂക്ഷമവും ചൈതന്യവത്തുമാക്കാന്‍ സാധിക്കുകയുള്ളു. അല്ലാഹുവിന്റെ ആജ്ഞ മാത്രം സര്‍മാത്മനാ അംഗീകരിച്ച് ദൈവേതരമായതിനെയെല്ലാം വര്‍ജ്ജിക്കാനുള്ള ഇച്ഛാ ശക്തിയാണ് നോമ്പിലൂടെ പ്രകടമാകുന്നത്. 

പ്രഭാതം മുതല്‍ പ്രദോഷം വരെ അന്ന പാനീയങ്ങളുപേക്ഷിക്കലാണ് ഇതില്‍ പ്രധാനം. വിശപ്പിന്റെ കാഠിന്യം എത്ര ഭയങ്കരമാണെങ്കിലും അങ്ങേയറ്റം രുചികരമായ ഭക്ഷണ പാനീയങ്ങള്‍ കണ്‍ മുമ്പില്‍ കണ്ടാലും നേരിയ തോതിലെങ്കിലും അത് ഭക്ഷിക്കാനോ, കുടിക്കാനോ തുനിയാതെ അതില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുന്നത് ഒരു മാനസികാവസ്ഥയുടെ ഫലമാണ്. അല്ലാഹുവിനോടുള്ള ഭയവും ഭക്തിയും കൊണ്ടു മാത്രം സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്ന ഈ വിട്ടു നില്‍പ്പിനുള്ള മാനസിക സന്നദ്ധത മനുഷ്യനില്‍ സൃഷ്ടിക്കാന്‍ മറ്റൊരു ശക്തിക്കും സാധ്യമല്ല. തഖ്വയുടെ മനശക്തി ഒന്നുകൊണ്ടു മാത്രമാണ് ഈ നിരാസവും നിരാകാരണവും.
 
പകല്‍ മുഴുവന്‍ അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതൊടൊപ്പം നോമ്പ് കാരനായിരിക്കെ സ്ത്രീ സംസര്‍ഗ്ഗം ഉപേക്ഷിക്കുന്നതും നോമ്പ്കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു.അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കുന്നതുകൊണ്ടും സ്ത്രീ സംസര്‍ഗ്ഗത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതുകൊണ്ടും മാത്രം നോമ്പിന്റെ നിബന്ധനകള്‍ പൂര്‍ണ്ണമാകുന്നില്ല. മനുഷ്യനില്‍ ഇഛാശക്തി ഊട്ടി ഉറപ്പിക്കാന്‍ നോമ്പ് സഹായകമാണ്. ഇതിനുള്ള പരിശീലനം നോമ്പിലൂടെ നേടിയെടുക്കുന്നു എന്നതാണ് നോമ്പിന്റെ നിര്‍മ്മാണ പരത എന്ന് പറയുന്നത്. ജീവിത ശീലങ്ങള്‍ക്കെതിരായ ഒരു വലിയ പോരാട്ടത്തിന് നോമ്പ് പ്രേരിപ്പിക്കുന്നു. ജീവിത ശീലങ്ങളെ അല്ലാഹുവിനുള്ള അനുസരണത്തിനും അടിമത്തത്തിനും വിധേയമാക്കി പരിവര്‍ത്തിപ്പിക്കുകയാണ് നോമ്പ്കാരന്‍ ചെയ്യുന്നത്. നോമ്പുകാരന്റെ ക്ഷമയും സഹനവുമാണ് ഇതിന്   പ്രചോദനം നല്‍കുന്നത്. അതുകൊണ്ടാണ് റമദാനെ ക്ഷമയുടെ മാസമെന്ന് തിരുനബി വിശേഷിപ്പിച്ചത്. എല്ലാ വിധ തിന്‍മകളില്‍ നിന്നും പരിരക്ഷിക്കുന്ന പരിചയാണത്. ശത്രുവിനെ തടയാനാണ് പരിച. നോമ്പ് പിശാചിനെ സംഹരിക്കുന്നു. പിശാചിനെതിരെയുള്ള പോരാട്ടം തിന്‍മക്കെതിരെയുള്ള യുദ്ധമാണ്. നന്മയുടെ സംസ്ഥാനപനവുമാണ്

ഉത്തമ സമുദായമെന്ന നിലയില്‍ മുസ്ലീങ്ങളുടെ മേല്‍ നിര്‍ബന്ധമാക്കപ്പെട്ട ദൗത്യത്തിന്റെ നിര്‍വ്വഹണം കൂടിയാണ് ഇതുവഴി നോമ്പുകാരന്‍ നിര്‍വ്വഹിക്കുന്നത്. ഈ ദൗത്യം ജീവിത ശൈലിയായി മാറുമ്പോള്‍ രുപപ്പെടുന്ന സംസ്‌കാരം ഇസ്ലാമിക വീക്ഷണത്തില്‍ വളരെ പ്രധാനപ്പെട്ടതാണ്. തിന്‍മയെ നന്‍മകൊണ്ട് പൊരുതി പരാജയപ്പെടുത്തുന്നതാണ് ആ സംസ്‌കാരം. ആരെങ്കിലും ചീത്ത വിളിക്കുകയോ ശകാരിക്കുകയോ ചെയ്താല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുക എന്നത് നോമ്പുകാരന്റെ സ്വഭാവത്തില്‍ പെട്ടതല്ല. ഞാന്‍ നോമ്പുകാരനാണെന്ന് പറഞ്ഞ് അത്തരം ശണ്ഠകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് തിരുനബി പഠിപ്പിച്ചിട്ടുള്ളത്. ഇതുവഴി സഹനത്തിന്റെയും ക്ഷമയുടേതുമായ സ്വഭാവം കൈവരിക്കാന്‍ കഴിയുന്നു. നോമ്പുകാരന്‍ ജീവിക്കുന്ന സമൂഹത്തില്‍ ശാന്തതയും സ്വസ്ഥതയും കളിയാടുകയും സമാധാനദായകമായ സാമൂഹ്യാന്തരീക്ഷം നിലവില്‍ വരികയും ചെയ്യാന്‍ ഇത് സഹായകമാകുന്നു.   അതോടൊപ്പം തന്നെ നോമ്പുകാരന്‍ പാലിക്കേണ്ട ഒട്ടനവധി നിഷ്‌കര്‍ഷതകള്‍ വേറെയുമുണ്ട്. അനാവശ്യങ്ങളില്‍ നിന്നും അശ്ലീലകളില്‍ നിന്നും കോലാഹലങ്ങളില്‍ നിന്നുമുള്ള വിട്ടു നില്‍ക്കലാണത്. കളവ്, ചതി, വ്യാജം, പരദൂഷണം ഏഷണി, ദു:സ്വഭാവം തുടങ്ങിയവയില്‍ നിന്നൊക്കെ നോമ്പുകാരന്‍ അകലം പാലിക്കല്‍ നിര്‍ബന്ധമാണ്. ഇത്തരം ദുര്‍ഗുണങ്ങള്‍ മനുഷ്യനിലെ നന്‍മകളെ നശിപ്പിച്ചു കളയുന്നതാണ്. കേവലം അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കലല്ല വ്രതം. പ്രത്യുത മ്ലേച്ഛവും അനാവശ്യവുമായ കാര്യങ്ങള്‍ വര്‍ജ്ജിക്കലാണ് എന്ന നബി വചനം. 

നോമ്പ് മനുഷ്യനില്‍ വരുത്താനുദ്ദേശിക്കുന്ന ഉല്‍കൃഷ്ട ജീവിതത്തിന്റെയും സാമൂഹ്യ മര്യാദയുടെയും പാഠങ്ങളാണ് അനാവരണം ചെയ്യുന്നത്. തെറ്റായ കാര്യങ്ങളൊന്നും ജീവിതത്തില്‍ നിന്ന് വര്‍ജ്ജിക്കാതെ അന്ന പാനീയങ്ങള്‍ ഉപേക്ഷിക്കലാണ് നോമ്പെന്ന സങ്കല്‍പ്പം ഇസ്ലാം ഒരിക്കലും അംഗീകരിക്കുന്നില്ല. അത്കൊണ്ടാണ് മുഹമ്മദ് നബി(സ) പറഞ്ഞത്' വിശപ്പൊഴികെ മറ്റൊന്നും നേടാനാവാത്ത എത്ര എത്ര നോമ്പുകാരുണ്ട്'  ചുരുക്കത്തില്‍ ജീവിതത്തിലുടനീളം ദൈവികാര പരമായ ചിന്തയില്‍ നിന്നും വാക്കില്‍ നിന്നും പ്രവൃത്തിയില്‍ നിന്നും വിട്ടു നില്‍ക്കലാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നതെന്ന് വ്യക്തം. തെറ്റായ ഏതൊന്നിന്റെയും സംഹാരമാണ് നോമ്പ്. നോമ്പ് മാസത്തെ ദിന രാത്രങ്ങള്‍ ആത്മീയോല്‍ക്കര്‍ഷത്തിന്റെ മുഹൂര്‍ത്തങ്ങളാണ്. ഇതിനായി നിശ്ചയിക്കപ്പെട്ട വിവിധങ്ങളായ ആരാധന കര്‍മ്മങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് തറാവീഹ് അഥവാ നമസ്‌കാരം. റമദാനില്‍ വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി നമസ്‌കരിക്കുന്നവന്റെ മുന്‍കാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്നാണ് നബി വചനം. അല്ലാഹുവിനെക്കുറിച്ചുള്ള സ്മരണ വര്‍ദ്ധിപ്പിക്കുക, പാപ മുക്തിക്കായി പ്രാര്‍ത്ഥിക്കുക, ഖുര്‍ആന്‍ പാരായണം ചെയ്യുക,  ജമാഅത്ത് നമസ്‌കാരങ്ങളില്‍ ശുഷ്‌കാന്തി കാണിക്കുക തുടങ്ങിയവെയെല്ലാം റമദാന്‍ മാസത്തില്‍ അനുഷ്ടിക്കേണ്ട പുണ്യ ആരാധനാ കര്‍മ്മങ്ങളാണ്. സല്‍ക്കര്‍മ്മത്തിലും അന്ന ദാനത്തിലും ഔദാര്യത്തിലും ജനസേവനത്തിലും നോമ്പുകാരന്‍ കൂടുതല്‍ ഉത്സാഹത്തോടെ കര്‍മ്മ നിരതനാവേണ്ട മാസം കൂടിയാണ് റമദാന്‍. സക്കാത്തും, സദഖയും, ഫിത്തര്‍ സക്കാത്തുമെല്ലാം ഈ മാസത്തിന്റെ പവിത്രതക്ക് മാറ്റു കൂട്ടുന്ന ഘടകങ്ങളാണ്. ജീവിത ചര്യകളിലെല്ലാം അല്ലാഹുവിനെ അനുസരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന ഒരുത്തമ സമൂഹത്തിന്റെ നിര്‍മ്മാണമാണ് നോമ്പിലൂടെ സാധിച്ചെടുക്കുന്നത്. അതൊടൊപ്പം എല്ലാ വിധ തിന്മകളുടേയും, പൈശാചികതയുടെയും സംഹാരം കൂടിയാണ് നോമ്പ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published.