സൗദി ആരോഗ്യ മന്ത്രാലയതിന്റെ നിർദ്ദേശം
ജിദ്ദ: പടിവാതിലിൽ എത്തിയ വിശുദ്ധ റംസാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ മെനിഞ്ചൈറ്റിസ് വാക്സിൻ സ്വീകരിക്കേണ്ടത് നിർബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുമായി ആവിഷ്കരിച്ചിട്ടുള്ള മാർഗനിർദേശങ്ങളും നിയന്ത്രങ്ങളും അടങ്ങുന്ന ചട്ടക്കൂടിൽ നിന്ന് കൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നിർദേശം.
ഉംറയ്ക്ക് യാത്ര ചെയ്യുന്നതിന് പത്ത് ദിവസത്തിൽ കുറയാത്ത കാലയളവിലാണ് വാക്സിൻ എടുക്കേണ്ടത്. അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വാക്സിൻ സ്വീകരിച്ച ആളുകൾ വീണ്ടും വാക്സിൻ എടുക്കേണ്ടതില്ല. ഈ കാലയളവിൽ വാക്സിനിന്റെ ഫലസിദ്ധി നിലനില്കുമെന്നതിനാലാണ് ഈ ഇളവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മെനിഞ്ചൈറ്റിസ് അണുക്കൾ പകരുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചീറ്റലിലൂടെ ആണെന്നതിനാൽ ഇത് തടയുന്നതിന് ആവശ്യമായ പ്രതിരോധ നടപടികൾ എല്ലാവരും സ്വീകരിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം തീർത്ഥാടനം ഉദ്യേശിക്കുന്നവരെ ഉൽബോധിപ്പിച്ചു.
തീർഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരിൽ ആരോഗ്യ അവബോധം വർദ്ധിപ്പിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിർദ്ദേശങ്ങളെല്ലാം. ഉംറ നിർവഹിക്കുമ്പോൾ സുരക്ഷിതവും ആരോഗ്യകരവുമായ അനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധ നടപടികളാണ് ഇവയെല്ലാം. ഇത് ജീവിത നിലവാരം ഉയർത്തുന്നതിനും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി ഒരു സംയോജിത ആരോഗ്യ സംവിധാനം വികസിപ്പിക്കുകയും അതിലൂടെ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിനും ഇത് വഴിവെക്കും.
മുതിർന്നവർക്കുള്ള വാക്സിനേഷൻ ക്ലിനിക്കുകളിൽ നിന്ന് വാക്സിൻ സ്വീകരിക്കുന്നതിന് “സ്വിഹത്തീ” ആപ്പ് മുഖേന അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടു.
Leave a Reply