ജിദ്ദ: ഗൾഫ് സഹകരണ കൗൺസിൽ ഗോൾഫ് ചാമ്പ്യൻഷിപ്പ് സൗദി അറേബ്യയുടെ ആതിഥേയത്തിൽ കൊടിയേറി. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിരവധി പ്രഗത്ഭരായ ഗോൾഫ് കളിക്കാരുടെ സാനിധ്യത്തിലുള്ള ജി സി സി ഗോൾഫ് മത്സരങ്ങൾക്ക് ജിദ്ദയിലെ റോയൽ ഗ്രീൻസ് ക്ലബ്ബിൽ വെച്ചാണ് തുടക്കമിട്ടത്.

ടൂർണമെന്റ്റ് സൗദി ഗോൾഫ് ഫെഡറേഷൻ ഓഫീസ് ഡയറക്ടർ അബീർ അൽജഹ്‌നി ഉദ്‌ഘാടനം ചെയ്തു. ടൂർണമെന്റിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അബീർ അൽജഹ്‌നി ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള കായിക സഹകരണം വർദ്ധിപ്പിക്കുന്ന ഒരു വലിയ പരിപാടി സൗദിയുടെ സ്ഥാപക ദിനാഘോഷങ്ങളോട് അനുബന്ധിച്ചായതിലെ ഇരട്ടി സന്തോഷം രേഖപ്പെടുത്തി. അതോടൊപ്പം ആഗോള ഗോൾഫ് ഭൂപടത്തിൽ മേഖലയുടെ സ്ഥാനം ഉറപ്പിക്കുന്നതിൽ ജിദ്ദയിൽ നടക്കുന്ന ടൂർണമെന്റിന് വലിയ സ്ഥാനമായിരിക്കും നേടുകയെന്നും ചൂണ്ടിക്കാട്ടി.

27 -ാമത് ജിസിസി പുരുഷ ഗോൾഫ് ചാമ്പ്യൻഷിപ്പ്, 16-ാമത് യൂത്ത് ചാമ്പ്യൻഷിപ്പ് എന്നീ മത്സരങ്ങളാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. ഗൾഫ് മേഖലയിലെ ഗോൾഫിന്റെ വളർച്ച പ്രതിഫലിപ്പിക്കുന്ന മത്സരാധിഷ്ഠിത അന്തരീക്ഷത്തിൽ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളായ യുണൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, ഒമാൻ സുൽത്താനേറ്റ്, സൗദി അറേബ്യ എന്നിവയെ പ്രതിനിധീകരിക്കുന്ന ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെ പ്രതിനിധീകരിച്ച് ഓരോ രാജ്യത്തെയും പുരുഷ – യുവജന വിഭാഗങ്ങളിലെ ഏറ്റവും പ്രമുഖരായ ഗോൾഫ് താരങ്ങളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

രാജ്യം സ്ഥാപക ദിനാഘോഷങ്ങളിൽ മുഴുകിക്കഴിയുന്ന പശ്ചാത്തലത്തിൽ തുടക്കം കുറിക്കുന്ന ഗൾഫ് ഗോൾഫ് ചാമ്പ്യൻഷിപ്പ് ആവേശം ഇരട്ടിപ്പിച്ചിരിക്കുകയാണ്. കായിക മത്സരവും രാജ്യത്തിന്റെ പുരാതന ചരിത്രത്തിന്റെയും കായിക മേഖല ഉൾപ്പെടെയുള്ള വിവിധ മേഖലകളിലെ നേട്ടങ്ങളുടെയും ആഘോഷവും ഇതിൽ സംയോജിപ്പിച്ചിരിക്കുന്നു.

പ്രാദേശിക, രാജ്യാന്തര തലങ്ങളിൽ രാജ്യത്തിന്റെ സ്ഥാനം മുമ്പില്ലാത്ത വിധം ഉന്നതിയിലേക്ക് കുതിച്ചു ചാട്ടം നടത്തി കൊണ്ടിരിക്കുമ്പോൾ കായിക രംഗവും അതിൽ ഉൾപ്പെടുന്നു എന്ന സന്ദേശവും ഒരു മേഖലാ ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്നതിലൂടെ മറനീങ്ങുകയാണ്.

ടൂർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടന ചടങ്ങിൽ സൗദി ഗോൾഫ് ഫെഡറേഷനിൽ നിന്നും ഗൾഫ് ഫെഡറേഷനുകളിൽ നിന്നുമുള്ള നിരവധി കായിക താരങ്ങളും ഉദ്യോഗസ്ഥരും കളിക്കാരും ആരാധകരും ആവേശപൂർവം പങ്കാളികളായി. കായിക ബോധത്തിന്റെ ആത്മാവ് തുടിച്ചു നിന്ന ഉത്സവാന്തരീക്ഷത്തിൽ, പങ്കെടുക്കുന്ന എല്ലാ ടീമുകളും അവരവരുടെ രാജ്യത്തിന്റെ പതാകക്ക് കീഴിൽ നടത്തിയ അരങ്ങേറ്റം ഗൾഫ് ഐക്യത്തിന്റെ പ്രതിദ്ധ്വനി മുഴക്കി. പരമ്പരാഗത കലാപരിപാടികളും ഒരുമയുടെ നിറച്ചാർത്ത് സൃഷ്ടിച്ചു.

Leave a Reply

Your email address will not be published.