തിരുവനന്തപുരം :തിരുവനന്തപുരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച് വരുന്ന തിരുവനന്തപുരം സി.എച്ച് സെന്ററിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി ‘തിരുവനന്തപുരം സി.എച്ച് സെന്റർ ഇനി കൂടുതൽ വിശാലതയിലേക്ക് ‘ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായുള്ള ആപ്പിന്റെ ലോഞ്ചിങ്ങ് നാളെ (2025 ഫെബ്രുവരി 25 ) രാവിലെ 10.30 ന് പാണക്കാട് മർവ്വ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും. സി.എച്ച് സെന്റർ പ്രസിഡണ്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പി അധ്യക്ഷത വഹിക്കും. ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, പി.വി അബ്ദുൽ വഹാബ് എം.പി, പി.എം.എ സലാം, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എം.പി അബ്ദുസമദ് സമദാനി എംപി, കെ.പിഎ മജീദ് എം.എൽ.എ , ഡോ എം.കെ മുനീർ എം.എൽഎ , പ്രൊഫ. കെ. കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽഎ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ , ടി.വി ഇബ്രാഹിം എം.എൽ.എ , കുറിക്കോളി മൊയ്തീൻ എം.എൽ.എ തുടങ്ങി മുസ്‌ലിം ലീഗ്, സംസ്ഥാന, ജില്ല, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും.
2004 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് സമീപം ചാലക്കുഴി റോഡിൽ പ്രവർത്തിച്ചു വരുന്ന സി.എച്ച് സെന്റർ തലസ്ഥാന നഗരിയിലെത്തുന്ന നൂറ് കണക്കിന് രോഗികൾക്ക് ആശാ കേന്ദ്രമായി പ്രവർത്തിക്കുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആർ.സി.സി യിലും ശ്രീചിത്ര ഹോസ്പിറ്റലിലും ചികിത്സക്കായി എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ താമസവും ഭക്ഷണവും , വാഹന സൗകര്യം, നിർദ്ധനരായ രോഗികൾക്ക് സാമ്പത്തിക സഹായം, അടിയന്തിരഘട്ടങ്ങളിൽ രക്തദാനം തുടങ്ങി നിരവധി സഹായങ്ങളാണ് നൽകി വരുന്നത്. ഒരേ സമയം മുന്നൂറിലധികം ആളുകൾക്കാണ് നിലവിൽ താമസ സൗകര്യമുള്ളത്. രോഗികളുടെ എണ്ണം വർദ്ധിച്ചതിനാലും ആതുര സേവന മേഖലകളിൽ പുതിയ പ്രവർത്തനങ്ങൾ നടപ്പിലാക്കാനും ഉദേശിച്ച് എട്ട് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അനക്സ് കെട്ടിട്ട നിർമ്മാണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. അതിന്റെ പൂർത്തീകരണത്തിനായാണ് പരിശുദ്ധ റമസാൻ മാസത്തിൽ 2025 മാർച്ച് 1 മുതൽ 31 വരെയുള്ള തിയ്യതികളിൽ ക്രൗഡ് ഫണ്ടിംഗ് നടത്തുന്നത്.
Leave a Reply