
തിരൂർ: തിരൂർ മിനി സിവിൽ സ്റ്റേഷനിൽ മലപ്പുറം വിജിലൻസ് നടത്തിയ പരിശോധനയിൽ കൈക്കൂലി വാങ്ങിയ തിരൂർ ലാൻറ് ട്രിബ്യൂണൽ ഓഫീസിലെ റവന്യു ഇൻസ്പെക്ടറും ഇടനിലക്കാരനും അറസ്റ്റിൽ. കൈക്കൂലി വാങ്ങിക്കുന്നുവെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പരാതിക്കാരനിൽ നിന്ന് 1000 രൂപ കൈക്കൂലി വാങ്ങിയ റവന്യു ഇൻസ്പെക്ടറായ മനോജ് കുമാർ, ഇടനിലക്കാരനായ മജീദ് എന്നിവരെ വിജിലൻസ് ഡി.വൈ.എസ്.പി എം. ഗംഗാധരൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഓപ്പറേഷൻ സ്പോട്ട് ട്രാപ്പിൻ്റെ ഭാഗമായി മലപ്പുറം വിജിലൻസ് യൂണിറ്റ് ഒരുക്കിയ കെണിയിലാണ് റവന്യു ഇൻസ്പെക്ടറും ഇടനിലക്കാരനും അറസ്റ്റിലായത്. താനാളൂർ സ്വദേശിയായ പരാതിക്കാരന്റെ അമ്മാവന്റെ പേരിൽ കുറ്റിപ്പുറം വില്ലേജിലുളള 10 സെന്റ് തോട്ട ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിനായി തിരൂർ ലാന്റ് ട്രിബ്യൂണൽ ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. വിദേശത്തുളള അമ്മാവൻ ചുമതലപ്പെടുത്തിയത് പ്രകാരം രേഖകളുമായി പരാതിക്കാരനാണ് ലാന്റ് ട്രിബ്യൂണൽ ഓഫീസിൽ ഹിയറിങ്ങിന് ഹാജരായത്. തുടർന്ന് 01.02.2025 തീയതി സ്ഥല പരിശോധനയ്ക്കായി റവന്യൂ ഇൻസ്പെക്ടർ മനോജ് സ്ഥലത്ത് വരുകയും സ്ഥലം പരിശോധനയ്ക്കു ശേഷം 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു. കൈയിൽ പൈസയില്ലായെന്ന് പറഞ്ഞ പരാതിക്കാരനോട് സർട്ടിഫിക്കറ്റ് വാങ്ങാൻ വരുമ്പോൾ പൈസ തരണമെന്നും എല്ലാ ബുധനാഴ്ചയും ഓഫീസിൽ കാണുമെന്നും ഫോണിൽ വിളിച്ചിട്ട് വന്നാൽ മതിയെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ ഈ വിവരം മലപ്പുറം വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കുകയുമായിരുന്നു. തുടർന്ന് റവന്യൂ ഇൻസ്പെക്ടർ മനോജ് ഫോണിൽ കൂടി അറിയിച്ചത് പ്രകാരം ബുധനാഴ്ച വൈകീട്ട് 6:15 ഓടെ ഓഫീസിൽ എത്തിയ പരാതിക്കാരനോട് റവന്യൂ ഇൻസ്പെക്ടർ മനോജിന്റെ തൊട്ടടുത്ത് കസേരയിലിരുന്ന ഏജന്റ് മജീദിന്റെ കൈവശം പൈസ ഏൽപ്പിക്കുന്നതിന് ആവശ്യപ്പെട്ടു. കെണിയൊരുക്കി നിരീക്ഷിച്ചു നിന്ന വിജിലൻസ് സംഘം റവന്യൂ ഇൻസ്പെക്ടർ മനോജിനെയും ഏജൻ്റ് മജീദിനെയും കൈയ്യോടെ പിടികൂടി.
ഇൻസ്പെക്ടർമാരായ സന്ദീപ് കുമാർ, പി. ജ്യോതീന്ദ്രകുമാർ, റിയാസ് ചാക്കീരി, എസ്.ഐമാരായ മോഹന കൃഷ്ണൻ, മധുസൂദനൻ, ശിഹാബ്, എ.എസ്.ഐ വിജയകുമാർ, സീനിയർ സി.പി.ഒമാരായ രാജീവ്, സന്തോഷ്, ധനേഷ്, സി.പി.ഒമാരായ ശ്രീജേഷ്, സുബിൻ, സനൽ, ശ്യാമ, അഭിജിത്ത്, ഗസറ്റഡ് ഓഫീസർമാരായ മലപ്പുറം ഡി.ഡി.ഇ ഓഫീസിലെ ജീവനക്കാരൻ ജയരാജ്, പുഴക്കാട്ടിരി പഞ്ചായത്ത് അസിസ്റ്റൻ്റ് എൻജിനീയർ അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത പ്രതികളെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അഭ്യർഥിച്ചു.
Leave a Reply