
ആദ്യഘട്ട ഉദ്ഘാടനം മെയ് അവസാന വാരം
മലപ്പുറം :മലപ്പുറം കെ എസ് ആര്‍ ടി സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ ആദ്യഘട്ട ഉദ്ഘാടനം മെയ് അവസാന വാരം നടത്താന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം.നിയമസഭാ മന്ദിരത്തില്‍ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണ പുരോഗതികളും എം.എല്‍.എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടു കോടി രൂപയുടെ പ്രവൃത്തികളും സിഎംഡി യോഗത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അനുവദിച്ച അഞ്ചു കോടിയുടെ അഡീഷണല്‍ പ്രവൃത്തികളുടെ വിശദമായ എസ്റ്റിമേറ്റ് ഭരണാനുമതിക്കായി സര്‍ക്കാരില്‍ സമര്‍പ്പിക്കുവാന്‍ പൊതുമരാമത്ത് ബില്‍ഡിംഗ് വിഭാഗം ചീഫ് എഞ്ചിനീയര്‍ക്ക് നിര്‍ദേശം നല്‍കി.പണി പൂര്‍ത്തീകരിച്ച എല്ലാ നിലകള്‍ക്കും നമ്പര്‍ ലഭ്യമാക്കുന്നതിനും കട മുറികള്‍ക്ക് ലൈസന്‍സുകളെ കണ്ടെത്തുന്നതിനായി ടെണ്ടര്‍ ചെയ്യുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുവാന്‍ എസ്റ്റേറ്റ് ഓഫീസറോട് നിര്‍ദേശിച്ചു.
കെട്ടിടം നിര്‍മ്മിക്കുന്നതിന് മണ്ണെടുത്ത ഭാഗത്ത് റീട്ടെയ്‌നിംഗ് വാള്‍ നിര്‍മ്മിക്കല്‍ , ഇന്റര്‍ലോക്ക് വിരിക്കല്‍ എന്നീ ജോലികള്‍ പുരോഗമിക്കുകയാണ്. സ്ഥലത്തു സ്ഥിതി ചെയ്യുന്ന പഴയ കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ സ്വീകരിക്കുവാന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറേയും മലപ്പുറം യുണിറ്റ് ഓഫീസറേയും ചുമതലപ്പെടുത്തി.
യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍ എ, കെ.എസ്.ആര്‍.ടി.സി സി.എം.ഡി പ്രമോജ് ശങ്കര്‍, പ്രൈവറ്റ് സെക്രട്ടറി അജിത് , കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയര്‍ എല്‍. ബീന, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ (സിവില്‍) ഷറഫ് പി. മുഹമ്മദ്,
ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ ജോഷി ജോണ്‍, കെ.എസ്. ആര്‍. ടി.സി അസി. എഞ്ചിനീയര്‍ ലേഖ, പൊതുമരാമത്ത് വകുപ്പ് മലപ്പുറം അസി.എഞ്ചിനീയര്‍ ഷുഹൈബ്, കെ.എസ് ആര്‍.ടി.സി, പൊതുമരാമത്ത് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply