എൻ എ മുഹമ്മദ്‌ കുട്ടി

എൻസിപി രാഷ്ട്രീയ വിശദീകരണ യാത്രയ്ക്ക് തുടക്കമായി

കാഞ്ഞങ്ങാട്: പകുതി വില തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണമാണ് അനിവാര്യമെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി. പകുതി വില തട്ടിപ്പിൽ ഉത്തരവാദിത്തപ്പെട്ട പല രാഷ്ട്രീയപാർട്ടികളിലെയും നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഓരോ ദിവസവും പുറത്തുവരുന്ന തട്ടിപ്പിന്റെ കഥകൾ ഞെട്ടിക്കുന്നതാണ്. എൻസിപി ഇതിന്റെ വസ്തുനിഷ്ഠമായ കണക്കെടുപ്പ് നടത്തുകയാണ്. അത് എത്രയും പെട്ടെന്ന് പൂർണമായും വെളിപ്പെടുത്തും. രാഷ്ട്രീയ നേതാക്കൾക്ക് സംഭാവനയായി കൊടുത്തുവെന്ന് അനന്തു വെളിപ്പെടുത്തുന്ന പണം വൻകിട തട്ടിപ്പുകൾ ലക്ഷ്യം വെച്ചുള്ള കോഴപ്പണമായിരുന്നു. അതുകൊണ്ടുതന്നെ അന്വേഷണം ഗൗരവത്തോടെ ഉണ്ടാകേണ്ടതുണ്ട്.

ഭരണകക്ഷിയിൽ ഉൾപ്പെടെയുള്ളവർക്ക് കൃത്യമായ പങ്ക് വെളിപ്പെടുമ്പോൾ നീതിയുക്തമായ അന്വേഷണമാണ് വേണ്ടത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല. ബാഹ്യ ഇടപെടലുകൾ ഉണ്ടാകാത്ത തരത്തിലുള്ള അന്വേഷണമാണ് വേണ്ടത്. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും വരെ ഒപ്പം തട്ടിപ്പുകാരൻ ചിത്രങ്ങൾ എടുത്തുവെങ്കിൽ അതിനുള്ള സാധ്യതകൾ ഒരുക്കിയത് ആരാണെന്നതിൽ അന്വേഷണം നടത്തണം. നിലവിൽ പരാതികൾ ഒതുക്കി തീർക്കുവാനുള്ള പരിശ്രമമാണ് തട്ടിപ്പിൽ ഉൾപ്പെട്ടിരിക്കുന്ന രാഷ്ട്രീയ നേതാക്കൾ നടത്തുന്നത്. പരാതി നൽകിയവർക്ക് പണം തിരികെ കൊടുത്തതുകൊണ്ട് മാത്രം കാര്യമില്ല. പരാതി നൽകാത്തവരായി ഇനിയുമുണ്ട് ഒരുപാട് ആളുകൾ. ഉത്തരവാദിത്തപ്പെട്ട പാർട്ടികൾ ചെയ്യേണ്ടത് അവർ ഇടപെട്ട ആർക്കൊക്കെ പണം നഷ്ടപ്പെട്ടു, അവർക്കൊക്കെ പണം തിരികെ നൽകുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണം. ഇത്രയും ഗുരുതരമായ സാമ്പത്തിക തട്ടിപ്പിൽ ആരോപണം നേരിടുന്ന ജനപ്രതിനിധികൾ രാജിവച്ച് അന്വേഷണം നേരിടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം കേരളത്തിന്റെ സമൂലമായ മാറ്റം സാധ്യമാകുവാൻ രാഷ്ട്രീയത്തിന് അതീതമായി പാർട്ടികൾ ചേർന്ന് പുതിയൊരു മുന്നണി ഉയർന്നുവരണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മാത്രമേ അഴിമതിക്ക് കൂച്ചുവിലങ്ങ് ഇടുവാൻ കഴിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
നവകേരള മുന്നണി സൃഷ്ടിയ്ക്കായി എൻസിപി സംസ്ഥാന പ്രസിഡന്റ് എൻ എ മുഹമ്മദ് കുട്ടി നയിക്കുന്ന രാഷ്ട്രീയ വിശദീകരണ യാത്ര ഇന്നലെ(11-02-25) കാസർഗോഡ് നിന്നും ആരംഭിച്ചു. സംസ്ഥാനത്തെ മുഴുവൻ നിയോജകമണ്ഡലങ്ങളും സഞ്ചരിച്ച് യാത്ര 17ന് വൈകുന്നേരം തിരുവനന്തപുരത്ത് സമാപിക്കും.

യാത്രയ്ക്കിടയിൽ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുമായി എൻ എ മുഹമ്മദ്‌ കുട്ടി കൂടിക്കാഴ്ച നടത്തും. ഇന്ന്(12-02-25) കോഴിക്കോട്, വയനാട് ജില്ലകളിലും 13ന് മലപ്പുറം, പാലക്കാട് ജില്ലകളിലും 14ന് തൃശ്ശൂർ, എറണാകുളം ജില്ലകളിലും 15ന് കോട്ടയം, ആലപ്പുഴ ജില്ലകളിലും 16ന് ഇടുക്കി, പത്തനംതിട്ട ജില്ലകളിലും 17ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലും യാത്ര പര്യടനം നടത്തും. ഒരേ സമയം തന്നെ വ്യത്യസ്തമായ മൂന്ന് വഴികളിലൂടെയാണ് പ്രചാരണ യാത്ര തിരുവനന്തപുരത്തേക്ക് എത്തുക. ദേശീയ പാത, തീരദേശ, മലയോര റോഡുകളിലൂടെയാണ് യാത്ര സഞ്ചരിക്കുക. തുടർന്ന് എൻസിപിയുടെ സമ്പൂർണ്ണ സംസ്ഥാന സമ്മേളനം ഫെബ്രുവരി 22ന് വൈകുന്നേരം 3 മണിക്ക് എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കും. എൻസിപി ദേശീയ പ്രസിഡന്റും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ, വർക്കിങ് പ്രസിഡന്റ്‌ പ്രഫുൽ പട്ടേൽ, ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ ബ്രിജ്മോഹൻ ശ്രീവാസ്തവ തുടങ്ങിയവർ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കും. വൈകുന്നേരം ഹൈക്കോടതി പരിസരത്തു നിന്നും ആരംഭിക്കുന്ന പ്രകടനത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുക. കേരളം മാറും, മാറിയേ തീരൂ.. ആര് മാറ്റും…? എന്ന ചോദ്യം ഉയർത്തിയാണ് രാഷ്ട്രീയ വിശദീകരണ യാത്രയും തുടർന്ന് സംസ്ഥാന സമ്മേളനവും നടക്കുക.

Leave a Reply

Your email address will not be published.