റിയാദ് : കേരള ധനകാര്യ വകുപ്പ് മന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച അഞ്ചാമത്തെ ബജറ്റ്, ഫെഡറലിസത്തെ തകർക്കുന്ന കേന്ദ്ര ബജറ്റിനെതിരെയുള്ള കേരള മാതൃകയാണെന്ന് കേളി കലാസാംസ്കാരിക വേദി അഭിപ്രായപ്പെട്ടു. ദിവസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച കേന്ദ്ര ബജറ്റിൽ ഇന്ത്യയുടെ ഒരു സംസ്ഥനമാണെന്ന പരിഗണന പോലും നൽകാതെ കേരളത്തെ തീർത്തും അവഗണിച്ചപ്പോൾ, കേരള സർക്കാർ അവതരിപ്പിച്ച ബജറ്റ് ദുർബ്ബല വിഭാഗങ്ങളെയും പ്രവാസികളെയും ചേർത്ത് പിടിക്കുന്ന ബജറ്റായി മാറി. ഇന്ത്യ അടുത്തകാലത്ത് നേരിട്ട ഏറ്റവും വലിയ ദുരന്തങ്ങളിൽ ഒന്നായ വയനാട് ചൂരൽ മല ദുരന്തത്തെ കണ്ടില്ലെന്ന്
നടിച്ച യൂണിയൻ സർക്കാർ കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടിയിരിക്കുന്നത്. എന്നാൽ പൗരൻമാരോടുള്ള പ്രതിബദ്ധത ഉയർത്തി പിടിച്ച് കേരള സർക്കാർ പുനരധിവാസം ഉറപ്പ് വരുത്താൻ 750 കോടി വിലയിരുത്തി.
ഡിജിറ്റൽ വിപ്ലവത്തിൽ കേരളത്തെ ആഗോളനേതൃനിരയിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നതായി വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾക്കായി 517.64 കോടിയാണ് വകയിരുത്തിയിരിക്കുന്നത്.
പ്രവാസി ക്ഷേമത്തിനായി 178.81 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്. 2024 ബജറ്റിൽ 156 കോടി വകയിരുത്തിയിരുന്നു. നോർക്കയുടെ വിവിധ പദ്ധതികൾക്കായി 150.81യും, ഇതിൽ 77.50 കോടി രൂപ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസത്തിനും, 25 കോടി രൂപ പുനരിവാസ പദ്ധതിയായ എൻഡിപിആർഇഎം ന് പ്രത്യേകമായും മാറ്റി വെച്ചു. ബാക്കി തുക സാന്ത്വന പദ്ധതി അടക്കമുള്ള മറ്റു പദ്ധതികൾക്കായും വിനിയോഗിക്കുമെന്നും ബജറ്റിൽ പറയുന്നു. പ്രവാസി ക്ഷേമനിധിക്കായി 23 കോടി രൂപയും മാറ്റിവെച്ചിട്ടുണ്ട്. ഇത് പ്രവാസി പെൻഷൻ അടക്കമുള്ള വിവിധ സഹായങ്ങൾക്കായി വിനിയോഗിക്കും.
പ്രവാസികൾക്ക് സ്വന്തമായുള്ള അടഞ്ഞു കിടക്കുന്ന പാർപ്പിടം വാടകക്ക് കൊടുക്കാൻ തയ്യാറാണെങ്കിൽ ടൂറിസം മേഖലയിൽ ഉപയോഗപ്പെടുത്താനും, വരുമാനത്തോടൊപ്പം ഇത്തരം അടഞ്ഞു കിടക്കുന്ന വീടുകളുടെ പരിരക്ഷ ഉറപ്പ് വരുത്താനുമാകും. പ്രായം ചെന്നവർക്ക് അസിസ്റ്റഡ് ലിവിങ് സൗകര്യം ഒരുക്കാനും പദ്ധതി തയ്യാറാക്കുന്നു. ഇതിനായി 5 കോടി രൂപയാണ് ബജറ്റിൽ മാറ്റി വെച്ചിട്ടുള്ളത്. ഇതിന് പുറമെ, പ്രവാസികളും നാടുമായുള്ള ബന്ധം പ്രോത്സാഹിപ്പിക്കുന്നതിന് ലോക കേരള കേന്ദ്രങ്ങൾ സ്ഥാപിക്കും എന്നും ബജറ്റിൽ പറയുന്നു. വിദേശത്ത് തൊഴിൽ കമ്പോളത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിന്ന്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ വഴിയും മറ്റും ബോധവൽക്കരണം നടത്തുമെന്നും ബജറ്റിൽ പറയുന്നു.
ഇത്തരത്തിൽ പ്രവാസികളെ ചേർത്ത് പിടിക്കുന്നതോടൊപ്പം നാടിന്റെ പുരോഗതിക്ക് അനുയോജ്യമായ ബജറ്റാണ് അവതിപ്പിച്ചിട്ടുള്ളതെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്ഥാവനയിൽ പറഞ്ഞു
Leave a Reply