
കോഴിക്കോട് : ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കോഴിക്കോട് ജില്ലക്ക് വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ലെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി പറഞ്ഞു. ജില്ലയുടെ വ്യാവസായിക കാർഷിക മുന്നേറ്റത്തിന് ഉപകാരപ്രദമായ പദ്ധതികൾ ഒന്നും ഇല്ല. ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സ്, മാവൂർ ഗോളിയോ റൺസ് ഭൂമിയിൽ പുതിയ പദ്ധതികൾ, മെട്രോ റെയിൽ, കോം ട്രസ്റ്റ് നെയ്ത്തു ഫാക്ടറി എന്നിവയുടെ കാര്യങ്ങളിലുള്ള മൗനം നിരാശാജനകമാണ്.
കോഴിക്കോടിന്റെ ഹയർ സെക്കൻഡറി സീറ്റുകളുടെ അപര്യാപ്തത, സാഹിത്യ നഗരം പദ്ധതികൾ, കോഴിക്കോട് ബീച്ച് നവീകരണം എന്നിവയ്ക്ക് പ്രത്യേക ഫണ്ട് നീക്കി വെച്ചിട്ടില്ല. കോഴിക്കോട് മെഡിക്കൽ കോളേജിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടില്ല. രോഗികളുടെ ദുരിതം അനുദിനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിനെ കാര്യമായി പരിഗണിക്കാത്തത് നിരാശയുണ്ടാക്കി. ചോമ്പാല ഹാർബർ പൂർണ്ണമായും അവഗണിക്കപ്പെട്ടു. മലയോര തീരദേശ മേഖലകളുടെ വികസനത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല. ഈ മേഖലയിലെ ടൂറിസം വികസനത്തിന് അനന്ത വിശാല സാധ്യത ഉണ്ടായിട്ടും ബജറ്റ് കണ്ണടച്ചു.
മാലിന്യനിർമാർജനത്തിന് ശാസ്ത്രീയമായ സംവിധാനം ഒരുക്കുവാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടില്ല. യാത്രാ പ്രയാസങ്ങൾ പരിഹരിക്കുന്നതിനും വിദ്യാഭ്യാസ പുരോഗതിക്കും ആവശ്യമായ നിർദ്ദേശങ്ങളും ബജറ്റിൽ കാണുന്നില്ല. വടകര കോഴിക്കോട് ജില്ലാ ആശുപത്രികൾ വികസന സംബന്ധമായി ഫണ്ട് അനുവദിച്ചിട്ടില്ല. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളെയും വികസനത്തിന് മുന്നിൽ കൊണ്ടുവരുവാൻ കോഴിക്കോടിനെ കുറച്ചുകൂടി സമഗ്രമായി പരിഗണിക്കുന്ന ബജറ്റ് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത് എന്നും മുസ്തഫ കൊമ്മേരി പറഞ്ഞു
Leave a Reply