
താനൂർ :അറബി അധ്യാപകർ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ക്ലാസ് റൂമുകൾ സജീവമാക്കുന്നവരാണെന്നും ഓരോ സ്കൂളിൻ്റെയും നെടുംതൂണുകളാണെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി കെ എം ഷാഫി അഭിപ്രായപ്പെട്ടു . അറബി എന്ന ലോക ഭാഷ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച പ്രധാന ഭാഷയാണെന്നും മഹത്തായ ആ ഭാഷ പഠിപ്പിക്കാൻ ഭാഗ്യം ലഭിച്ച നിങ്ങൾ ഏറെ ഭാഗ്യവാന്മാരാണെന്നും അദ്ദേഹം പറഞ്ഞു. താനൂർ വ്യപാരഭവനിൽ വെച്ച് നടന്ന താനൂർ ഉപജില്ല അറബിക് കോംപ്ലക്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ചടങ്ങിൽ അബ്ദു റസാഖ് തെക്കയിൽ ആദ്ധ്യക്ഷ്യം വഹിച്ചു.
മലപ്പുറം ഐ എം ജി ഇ മിന്നത്ത് കെ.ടി മുഖ്യാതിഥി ആയിരുന്നു. താനൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി എസ് സുമ മുഖ്യപ്രഭാഷണം നടത്തി. സൈനുദ്ധീൻ നടുവട്ടം , ശിഹാബുദ്ധീൻ ആദൃശേരി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സർവീസിൽ നിന്ന് വിരമിക്കുന്ന പെരുമണ്ണ എ എം എൽ പി സ്കൂളിലെ ഖദീജ , ഇരിങ്ങാവൂർ എസ് വി എ യു പി സ്കൂളിലെ മയ്യേരി റഹ്മത്തുന്നീസ , അയ്യായ എ എം യു പി സ്കൂളിലെ നസീറ,പനക്കത്താഴം എ എം എൽ പി സ്കൂളിലെ ഖദീജ എന്നിവർക്കുള്ള ഉപഹാരങ്ങൾ വി കെ എം ഷാഫി , ടി എസ് സുമ എന്നിവർ നൽകി. ജില്ലാ പഞ്ചായത്ത് അംഗം ശ്രീദേവി പ്രാക്കുന്ന് , സഫീർ താനാളൂർ , സി എൻ മുജീബ് റഹ്മാൻ, പി കെ. ഷാക്കിർ , എം എ റഫീഖ്, കെ.വി ആസിഫ് , എൻ അനസ്ബാബു , അൻസാർ കളിയാട്ട്മുക്ക്, നൗഷീദ ടീച്ചർ എന്നിവർ പ്രസംഗിച്ചു.
Leave a Reply