ജിദ്ദ: കേരളത്തെയും പ്രവാസി കളെയും പാടെ അവഗണിച്ച കേന്ദ്ര ബഡ്ജറ്റ് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിനു തന്നെ വെല്ലുവിളി ഉയർത്തുന്ന രീതിയിൽ അപകടകരവും നിരാശാജനകവുമാണെന്ന് പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അഭിപ്രായപെട്ടു. രാജ്യത്തെ പ്രത്യേക ഭൂപ്രദേശങ്ങൾക്ക് യാതൊരു പരിഗണനയും നൽകാത്ത കേന്ദ്ര ബഡ്ജറ്റ് ഫെഡറൽ റിപ്പബ്ലിക് എന്ന സങ്കല്പത്തിന് തന്നെ വെല്ലുവിളി ഉയർത്തുന്ന രീതിയിൽ അസന്തുലിതമാണ്. കേരളത്തിന് പുതുതായി ഒന്നുമില്ലെന്ന് മാത്രല്ല നടന്നു കൊണ്ടിരിക്കുന്ന റെയിൽവേ വികസന പദ്ധതികൾക്ക് പോലും തുടർ വിഹിതം അനുവദിക്കാതെ രാഷ്ട്രീയ ദാർഷ്ട്യവും ശത്രുതയും കാണിക്കുന്നതുമാണെന്നും പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി.

അയൽ രാജ്യങ്ങളിൽ പ്രകൃതി ദുരന്തം സംഭവിക്കുമ്പോൾ പോലും സഹായം എത്തിക്കുന്ന രാജ്യത്തെ സർക്കാർ, പ്രകൃതി ദുരന്തം കൊണ്ട് ദുരിതം അനുഭവിക്കുന്ന വയനാടിനെ തിരിഞ്ഞു പോലും നോക്കാതെ, ബി ജെ പി യുടെ ചിഹ്നം താമര ആയതിനാൽ താമര വിത്ത് സംഭരണത്തിനും വിതരണത്തിനും പ്രത്യേക ബോർഡ്‌ സ്ഥാപിക്കാൻ ബീഹാറിന് കോടികൾ അനുവദിക്കുന്നത് ഫെഡറൽ സംവിധാനത്തോടും ജനാധിപത്യ മൂല്യങ്ങളോടുമുള്ള വെല്ലുവിളിയാണ് എന്നും പ്രവാസി വെൽഫെയർ പ്രസ്താവന തുടർന്നു.

രാജ്യത്തിന്റെ അനൗദ്യഗിക അംബാസ്സഡർമാർ എന്ന് പ്രധാനമന്ത്രിവരെ വിശേഷിപ്പിച്ച, രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം താങ്ങി നിർത്തിയ രാജ്യത്തിന്റെ നട്ടെല്ലായ ലക്ഷ കണക്കിന് പ്രവാസി ഇന്ത്യക്കാരെ പാടെ വിസ്മരിച്ച കേന്ദ്ര സർക്കാർ, സാധാരണക്കാരായ പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികൾക്കെതിരെ നിരന്തരം പരാതികൾ ബോധിപ്പിച്ചിട്ടും, വിഷയത്തിൽ ചെറുവിരൽ പോലുമനക്കാതെ മുതലാളിമാർക്കും കുത്തകകൾക്കും ആവോളം വാരിക്കോരി കൊടുത്ത് അവരെ സന്തോഷിപ്പിച്ചു കൊണ്ട് ചങ്ങാത്ത രാഷ്ട്രീയത്തിന്റെ പുതിയ ഉയരങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രവാസി വെൽഫെയർ വെസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പ്രസ്താവന കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.