
ജിദ്ദ: ലോകം മുഴുക്കെ മനുഷ്യർ ജീവൻ നിലനിർത്താൻ പ്രയാസപ്പെട്ടിരുന്ന കോവിഡ് മഹാമാരിയുടെ കാലത്ത് അതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പോലും യാതൊരു ദാക്ഷ്യണ്യവുമില്ലാതെ അഴിമതി നടത്തി തടിച്ചു കൊഴുക്കുകയുമായിരുന്നു സി പി എമ്മും പാർട്ടി നേതാക്കളുമെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട് അഡ്വ. ഷിബു മീരാൻ പറഞ്ഞു. ഈയിടെ പുറത്തു വന്ന ഓഡിറ്റർ ജനറൽ റിപ്പോർട്ടിൽ കോവിഡ് കിറ്റുകൾ വാങ്ങിയത് സംബന്ധിച്ച വിവരങ്ങൾ വ്യക്തമാക്കുന്നത് അതാണെന്നും ഇത്രയും അഴിമതിയിൽ മുങ്ങി കുളിച്ച ഒരു സർക്കാരിനെ ഇനിയും തുടരാൻ അനുവദിക്കണോയെന്ന് കേരളത്തിലെ ജനം തിരിച്ചറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂന്നു മാസമായി ജിദ്ദ കെ എം സി സി യുടെ കുടുംബ സുരക്ഷാ പദ്ധതി അംഗത്വ ക്യാമ്പയിൻ വൻ വിജയമാക്കിയ കോർഡിനേറ്റർമാർക്കും വിവിധ കമ്മിറ്റി ഭാരവാഹികൾക്കും , ജിദ്ദ കണ്ടതിൽ ഏറ്റവും വലിയ ജനാവലിയെ പങ്കെടുപ്പിച്ചു നടത്തിയ വടം വലി മത്സര വളണ്ടിയർ & എക്സിക്യൂഷൻ ടീമിനും ജിദ്ദ കെ എം സി സി സെൻട്രൽ കമ്മിറ്റി ഒരുക്കിയ സ്നേഹ വിരുന്ന് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഡ്വ. ഷിബു മീരാൻ. ജിദ്ദ കെ എം സി സി നടത്തിയ വടം വലി മത്സരത്തിന്റെ സംഘാടനത്തെ പ്രശംസിച്ചു ആശംസകൾ അർപ്പിച്ചു ദേശീയ മുസ്ലിം യൂത്ത് ലീഗ് സെക്രട്ടറി സികെ ശാക്കിർ സംസാരിച്ചു.
കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജാതി മത ഭേദമന്യേ 19,000 ത്തോളം മലയാളി പ്രവാസി കുടുംബങ്ങളെ ജിദ്ദ കെഎംസിസി കാരുണ്യ ഹസ്‌തം സുരക്ഷാ പദ്ധതിയിലും സൗദി കെഎംസിസി സാമൂഹ്യ സുരക്ഷാ പദ്ധതിയിലും അംഗങ്ങളാക്കി അവരുടെ പരിരക്ഷ കെഎംസിസി യുടെ കീഴിൽ ഭദ്രമാക്കിയ മുഴുവൻ കോർഡിനേറ്റർമാരെയും ജില്ലാ, ഏരിയ, മണ്ഡലം , പഞ്ചായത്ത് ഭാരവാഹികളെയും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി അനുമോദനങ്ങൾ അർപ്പിച്ചു. ഏറ്റവും കൂടുതൽ അംഗങ്ങളെ ചേർത്തിയ യഥാക്രമം മഹ്ജർ ഏരിയ , അൽ സാമിർ ഏരിയ , മലപ്പുറം മുൻസിപ്പാലിറ്റി, ജാമിഅ കുവൈസ ഏരിയ, കണ്ണൂർ ജില്ല, ഹയ്യ് സഫ ഏരിയ, കൂട്ടിലങ്ങാടി പഞ്ചായത്ത്, സനാഇയ്യ ഏരിയ , വണ്ടൂർ മണ്ഡലം കമ്മിറ്റികൾക്ക് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.
ആയിരക്കണക്കിന്ന് കായിക പ്രേമികളെ മണിക്കൂറുകളോളം ആവേശ ഭരിതരാക്കി ജിദ്ദ അൽറുസൂക് സ്റ്റേഡിയത്തിൽ ജിദ്ദ കെഎംസിസി സംഘടിപ്പിച്ച അന്താരാഷ്ട്ര വടം വലി വൻ വിജയമാക്കിയ ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി കായിക വിഭാഗം , മത്സരത്തിന്റെ വളണ്ടിയർമാർ , സാങ്കേതിക പ്രവർത്തകർ, ലോജിസ്റ്റിക്, സോഷ്യൽ മീഡിയ വിഭാഗം, മുഴുവൻ എക്സിക്യൂഷൻ ടീമിനെയും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി അനുമോദനങ്ങൾ അർപ്പിച്ചു.
ജിദ്ദയിലെ പ്രമുഖ ഗായകർ അവതരിപ്പിച്ച ഗാന മേള വിരുന്നിന് കൊഴുപ്പേകി.
ആക്ടിങ് പ്രസിഡണ്ട് റസാഖ് മാസ്റ്റർ അധ്യക്ഷത വഹിച്ചു , വി.പി മുസ്‌തഫ സ്വാഗതവും പറഞ്ഞു. നിസാം മമ്പാട്, ഇസ്മായിൽ മുണ്ടക്കുളം, ഷൌക്കത്ത് ഞാറക്കോടൻ, എ.കെ ബാവ സംസാരിച്ചു,
നാസർ വെളിയങ്കോട്, ഇസ്ഹാഖ് പുണ്ടോളി , ശിഹാബ് താമരക്കുളം , നാസർ മച്ചിങ്ങൽ, ലത്തീഫ് മുസ്ലിയാരങ്ങാടി, ലത്തീഫ് കാളരാന്തിരി, ഹസൻ ബത്തേരി, ജലാൽ തേഞ്ഞിപ്പലം, സുബൈർ വട്ടോളി, സാബിൽ മമ്പാട്, അഷ്‌റഫ് താഴേക്കോട്, സിറാജ് കണ്ണവം, സകീർ നാലകത്ത്, ലത്തീഫ് വെള്ളമുണ്ട, ജില്ലാ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .

Leave a Reply