തൃശൂർ : രാജ്യത്തിന്റെ കെട്ടുറപ്പിന് മതേതര മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും മതത്തിന്റെ പേരിലോ ജാതിയുടെ പേരിലോ ഒരാളും വേർതിരിവ് നേരിടാനും ആക്രമിക്കപ്പെടാനും പാടില്ലെന്നും റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. രാജ്യത്തിന്റെ 76- മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടന്ന ആഘോഷച്ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ഒന്നാണ് എഴുതി തയ്യാറാക്കപ്പെട്ട ഭരണഘടന. ഡോ. ബി ആർ അംബേദ്ക്കറൂടെ നേതൃത്വത്തിലുള്ള ഭരണഘടന നിർമ്മാണ സഭ നിരന്തരമായ ചർച്ചകളിലൂടെയും കുറ്റമറ്റ വിധത്തിൽ തയ്യാറാക്കി അംഗീകരിച്ച് രാഷ്ട്രത്തിനു സമർപ്പിച്ച പവിത്രമായ ഭരണഘടനയാണ് നമ്മുടേത്. ലോകത്ത് ലഭ്യമായ എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും വലുതും ശ്രേഷ്ഠവുമായ ഭരണഘടന നമ്മുടേതാണ്. പ്രധാനപ്പെട്ട ഘടകം സുശക്തമായ ഫെഡറൽ സംവിധാനമാണ്. ഫെഡറൽ തുല്യത ഉറപ്പാക്കിയാലേ ക്ഷേമ രാഷ്ട്ര സങ്കല്പം മൂർത്തമാവുകയുള്ളൂ. ജൂലായ് 30ന് വയനാട്ടിലെ മേപ്പാടിയിൽ ഉണ്ടായ ഉരുൾപൊട്ടൽ അവിടെ വിതച്ച ഭീകരത ചെറുതായിരുന്നില്ല. പുഞ്ചിരി മട്ടവും മുണ്ടക്കെയ്യും ആട്ടമലയും ആറാമലയുമെല്ലാം ഉൾപ്പെടുന്ന ചൂരൽ മലയിലെ മനുഷ്യരെ അവരുടെ മണ്ണിനെ വീടിനെ സ്വപ്നങ്ങളെ പോലും ഉരുളടുത്തു. കേരളം സമീപ ഭൂതകാലത്തൊന്നും കാണാത്ത ഭീകരമായ ദുരന്തമാണ് അവിടെയുണ്ടായത്. പക്ഷേ ആ ദുരന്ത ഭൂമിയിലും പേടിച്ചു നിൽക്കുകയല്ല നാം ചെയ്തത്. പട്ടാളവും പോലീസും ഫയർഫോഴ്സും മുതൽ സാധാരണ മനുഷ്യർ വരെ കൈകോർത്ത് ഒരു മനസ്സായി നടത്തിയ രക്ഷാപ്രവർത്തനങ്ങൾ ദുരന്തമുഖത്ത് ഒരു പുതിയ മോഡൽ ലോകത്തിന് സമ്മാനിച്ചു.
മനുഷ്യസ്നേഹികളുടെ സമാനതകളില്ലാത്ത കൂട്ടായ്മ വലിയ ദുരന്തത്തിന്റെ നടുവിലും പരമാവധി നഷ്ടങ്ങളെ കുറയ്ക്കാൻ സാധിച്ചു.
ഇപ്പോൾ സർക്കാരിന്റെ നേതൃത്വത്തിൽ നമ്മുടെ നാട് ഒറ്റക്കെട്ടായി നടത്തുന്നഏറ്റവും വലിയ ദൗത്യം ആ ഗ്രാമത്തിന്റെ പുനർനിർമാണമാണ്. ഇതിനായി മേപ്പാടി പഞ്ചായത്തിലെ കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റും. കൽപ്പറ്റ വില്ലേജിലെ എൽസ്റ്റോൺഎസ്റ്റേറ്റും ഏറ്റെടുത്തു ദുരന്തബാധിതർക്കായി രണ്ടു ടൗൺഷിപ്പുകൾ നിർമ്മിക്കാനുള്ള ശ്രമങ്ങൾക്ക് നാം നേതൃത്വം നൽകി വരികയാണ്.
2025ൽ തന്നെ ഈ പുനർനിർമ്മാണ പ്രവർത്തനം നാം പൂർത്തിയാക്കും. ഈ പ്രവർത്തനത്തിൽ നാം ഒറ്റയ്ക്കല്ല ലോകം മുഴുവൻ നമ്മളോടൊപ്പമുണ്ട്. ഈ ധൈര്യത്തോടെയും ഇച്ഛാശക്തിയോടെയും കേരളം പറയുന്നുണ്ട്. അവസാന ദുരന്തബാധിതനെയും പുനരധിവസിപ്പിക്കാതെ ചുരമിറങ്ങില്ല ലോകമലയാളം.
നമ്മുടെ പുതുതലമുറ വിവിധതര ലഹരിവസ്തുക്കളുടെ പിടിയിലമർന്നിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ഏറെ ഭയാനകമാണ്. ലഹരി നിറയ്ക്കുന്ന ആക്രമാസക്തമായ അരാജകത്വവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ അവിശ്വസനീയമായ വാർത്തകളായി നമുക്കിടയിൽ നിറയുകയാണ്. രാജ്യത്തിന്റെ എഴുപത്താറാമത് റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്ര നിർമ്മാണത്തിന് സ്വയം സമർപ്പിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളും ഉൾക്കൊള്ളുന്ന സർവ്വതല സ്പർശിയായ വികസനവും പുരോഗതിയും ലക്ഷ്യമിട്ടു കൊണ്ടുള്ള പ്രവർത്തനങ്ങളിൽ നമ്മുടേതായ പങ്കുവയ്ക്കാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ. മേയർ എം കെ വർഗീസ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിഎസ് പ്രിൻസ്. വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ. മുൻ സ്പീക്കർ തെറാമ്പിൽ രാമകൃഷ്ണൻ. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. ജില്ലാ പോലീസ് മേധാവി ( സിറ്റി ) ആർ ഇളങ്കോ. ജില്ലാ പോലീസ് മേധാവി( റൂറൽ ) ബി കൃഷ്ണകുമാർ. സബ് കളക്ടർ അഖിൽ വി മേനോൻ. എന്നിവർ സംബന്ധിച്ചു.
പോലീസ്.
എക്സൈസ്. ഫോറസ്റ്റ്. എസ്. പി. സി. എൻ.സി.സി ഉൾപ്പെടെ 24 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. സിറ്റി പോലീസ് എ എസ് പി ഹർദിക്മീണ പരേഡ് നയിച്ചു. ഡി എച്ച് ക്യു ക്യാമ്പിലെ ഇൻസ്പെക്ടർ കെ ജി ശിവശങ്കരനായിരുന്നു സെക്കൻഡ് ഇൻ കമാന്റ്. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലാറ്റൂണുകൾക്ക് മന്ത്രി മൊമെന്റോ സമ്മാനിച്ചു.
Leave a Reply