മരിച്ചവരിൽ ഒരു കൊല്ലം സ്വദേശി ഉൾപ്പെടെ ഒമ്പത് ഇന്ത്യക്കാർ ഒൻപത് പേർ ചികിത്സയിൽ
ജിദ്ദ: പ്രവാസി സമൂഹത്തിന് നടുക്കം ഏൽപ്പിച്ച് ദക്ഷിണ സൗദിയിൽ റോഡപകടം. ദക്ഷിണ സൗദിയിൽ പ്രവർത്തിക്കുന്ന എ സി ഐ സി സർവിസ് കമ്പനിയുടെ മിനി ബസ്സിൽ ട്രെയ്‌ലർ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ വിവിധ രാജ്യക്കാരായ 15 തൊഴിലാളികൾക്കാണ് തൽക്ഷണം ജീവഹാനി സംഭവിച്ചത്. മരിച്ചവരിൽ ഒരു മലയാളി ഉൾപ്പെടെ ഒമ്പത് പേർ ഇന്ത്യക്കാരാണ്.
കൊല്ലം കേരളപുരം സ്വദേശിയും ശശീന്ദ്ര ഭനത്തിൽ പ്രസാദ് – രാധ ദമ്പതികളുടെ മകനുമാണ് മരിച്ച വിഷ്‌ണു. ഇദ്ദേഹം അവിവാഹിതനാണ്. വിഷ്ണു പ്രസാദ് പിള്ള (31) ആണ് ദുരന്തത്തിന് ഇരയായ മലയാളി. മൂന്ന് വർഷമായി എൻജിനിയർ തസ്തികയിൽ ജോലി ചെയ്യുകയായിരുന്നു.
ഇതര സംസ്ഥാനക്കാരാണ് മരിച്ച മറ്റു ഇന്ത്യൻ തൊഴിലാളികൾ. മഹേഷ് ചന്ദ്ര, മുസഫർ ഹുസ്സൈൻ ഖാൻ ഇമ്രാൻ, പുഷ്‌കർ സിങ് ദാമി, സപ്ലൈൻ ഹൈദർ, താരിഖ് ആലം മുഹമ്മദ് സഹീർ, മുഹമ്മദ് മുഅ്ത്തസിം റാസ, ദിനകർ ബായ് ഹരിദായ് തണ്ടൽ, രമേശ് കപേലി എന്നിവരാണ് ഇവർ.
മൂന്ന് നേപ്പാൾ സ്വദേശിൾ, മൂന്ന് ഘാന സ്വദേശികൾ എന്നിവരാണ് മരണപ്പെട്ട മറ്റു നാട്ടുകാർ. എ സി ഐ സി കമ്പനി ജീവനക്കാരായ ഇവർ സഞ്ചരിച്ചിരുന്ന കമ്പനി വാഹത്തിലാണ് ട്രെയ്‌ലർ ചെന്നിടിച്ചത്. വാഹനത്തിൽ 26 പേരാണ് സഞ്ചരിച്ചിരുന്നത്. മറ്റുള്ളവർ വ്യത്യസ്ത തോതിലുള്ള പരിക്കുകളോടെ ജിസാൻ, അബഹ എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലാണ്.
ജിസാൻ അരാംകോ റിഫൈനറി റോഡിൽ തിങ്കളാഴ്ചയായിരുന്നു അത്യാഹിതം.
ജീസാന് സമീപമുള്ള ബെയ്ഷ് ജനറൽ ആശുപത്രി മോർച്ചറിയിലാണ് മൃതദേഹങ്ങൾ.
ബ്രിട്ടനിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ മനു പ്രസാദ് പിള്ള മരണപ്പെട്ട വിഷ്ണുവിന്റെ സഹോദരനാണ്.
Leave a Reply