ഒതുക്കുങ്ങൽ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് രഹ്‌നാസ് നാടിന്റെ ജ്വലിക്കുന്ന നക്ഷത്രമായി മാറി. കഴിഞ്ഞയാഴ്ച പോണ്ടിച്ചേരിയിൽ നടന്ന സൗത്ത് ഇന്ത്യൻ ശാസ്ത്രോത്സവത്തിൽ, ഗണിത വിഭാഗം വർക്കിംഗ് മോഡൽ നിർമ്മാണ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മിന്നുന്ന പ്രകടനത്തോടെ ദേശീയതലത്തിലേക്ക് യോഗ്യത നേടിയ വിദ്യാർത്ഥിയെ ഒതുക്കുങ്ങലിന്റെ പൗരസമൂഹം ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ നഗരപ്രദക്ഷിണം ചെയ്ത് സമുചിതമായി ആദരിച്ചു. ത്രികോണമിതിയിലെ പ്രവർത്തന മാതൃകയാണ് രഹ്‌നാസ് അവതരിപ്പിച്ച് ഗണിതശാസ്ത്ര ലോകത്തിന്റെ കൈയ്യടി നേടിയത്.
വിദ്യാർത്ഥിയിലെ ഗണിതാഭിരുചി കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച് അവന്റെ കൂടെ വഴികാട്ടിയായി നിന്ന, സ്കൂളിലെ ഗണിതാധ്യാപകൻ ഫിറോസ് ഖാൻ കുരുണിയനേയും ആദരിച്ചു. വിവിധ മേളകളിൽ വിവിധ തലങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനവിതരണവും നടന്നു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം സലീന ടീച്ചർ മുഖ്യാതിഥിയായി. പി.ടി.എ പ്രസിഡന്റ് അലി മേലേതിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മെഹ്‌നാസ്, ഒതുക്കുങ്ങൽ പഞ്ചായത്ത് പ്രസിഡന്റ് മൂസ കടമ്പോട്ട്, വാർഡംഗം ഉമൈമത്ത് കാരി, സെയ്ദ് പുല്ലാണി, ഫൗലാദ് കാരി, സിദ്ദിഖ് സിതാര, കുരുണിയെൻ മായിൻ എന്നിവരും അധ്യാപകരായ ഷാജി വെള്ളത്തൂർ, സി പി മുഹമ്മദ് കുട്ടി, സുധ. എ, നസീറ. കെ, ഫിറോസ് ഖാൻ, ഗ്ലാഡ്സ്റ്റിൻ സന്തോഷ്, ബിന്ദു. വി, ജംഷീർ കുരുണിയൻ എന്നിവർ സംസാരിച്ചു.
Leave a Reply