താനൂർ:ആഴക്കടൽ മീൻപിടുത്ത ബോട്ടുകൾ മന്ത്രിയുടെ ഇടനിലയിൽ മറിച്ചു വിൽക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്ത വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമെന്നു മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
പുതിയ ദേശീയ മത്സ്യ നയത്തിന്റെ ഭാഗമായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു ആഴക്കടൽ മീൻപിടുത്തത്തിൽ പരിശീലനവും വൈദഗധ്യവും നൽകുന്നതിന്റെ ഭാഗമായാണു ബോട്ടുകൾ നൽകാനുള്ള പദ്ധതി നടപ്പാക്കിയത്. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കിയ പദ്ധതിയുടെ ഭാഗമായി ബോട്ട് നിർമിച്ചതു കേന്ദ്രസർക്കാരിനു കീഴിലുള്ള കൊച്ചിൻ ഷിപ്പ് യാർഡാണ്.

സംസ്ഥാനത്ത് 6 ബോട്ടുകൾ അനുവദിച്ചപ്പോൾ രണ്ടെണ്ണം താനൂരിലേക്കു നൽകിയതു മന്ത്രിയുടെ പ്രത്യേക താൽപര്യം കൂടി കണക്കിലെടുത്തായിരുന്നു. എന്നാൽ ബോട്ട് നിർമാണത്തിലെ അപാകത കാരണം ഇത് ഉപയോഗിക്കാനാകാത്തതു പ്രതിസന്ധിയായി. തകരാർ പരിഹരിക്കേണ്ടതു കൊച്ചിൻ ഷിപ്പ് യാർഡാണ്. ഇതിനായി 2 തവണ മന്ത്രി വി അബ്ദുറഹിമാൻ ഇടപെട്ട് ഫിഷറീസ് മന്ത്രി സജി ചെറിയാന്റെ സാന്നിധ്യത്തിൽ യോഗം ചേർന്നു. തകരാർ പരിഹരിക്കുന്നതിനു ബോട്ടുകൾ കൊച്ചിൻ ഷിപ്പ് യാർഡിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രശ്നപരിഹാരത്തിനു ശ്രമം നടന്നുവരികയാണ്.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ബോട്ടിനായി ഗുണഭോക്ത വിഹിതം നൽകേണ്ടതുണ്ടായിരുന്നു. അവരെ സഹായിക്കാനായി താനൂരിലെ സൊസൈറ്റികൾ വായ്പയെടുത്ത് ഗുണഭോക്ത വിഹിതം മൊത്തമായി അടച്ചിരുന്നു. ബോട്ടുകൾ ഉപയോഗിക്കാൻ കഴിയാത്തതിനാൽ വായ്പ തിരിച്ചടക്കുന്നതിനു ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നതു വസ്തുതയാണ്.
ഇതും പരിഹരിക്കുന്നതിനു സർക്കാർ തലത്തിൽ ശ്രമം നടക്കുന്നുണ്ട്. വസ്തുത ഇതായിരിക്കെ മന്ത്രിയുടെ ഇടപെടലുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജകനമായ വാർത്ത നൽകിയതു പ്രതിഷേധാർഹമാണെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

Leave a Reply

Your email address will not be published.