ആലുവ :വഴിയരികിൽ ഫോൺ ചെയ്തു നിന്നയാളുടെ പണം ഓട്ടോയിലെത്തി തട്ടിയ കേസിൽ ഡ്രൈവർ അറസ്റ്റിൽ. പെരുമ്പാവൂർ മുടിക്കൽ മോളത്ത് വീട്ടിൽ അലി അക്ബർ (32)നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. 8 ന് രാത്രി പന്ത്രണ്ടരയോടെ ആലുവ ബാങ്ക് ജംഗ്ഷനിലാണ് സംഭവം. വഴിയരികിൽ നിന്ന് ഫോൺ ചെയ്തു നിൽക്കുന്ന കണ്ണൂർ സ്വദേശിയുടെ സമീപത്തേക്ക് ഓട്ടോയിൽ ഡ്രൈവർ ഉൾപ്പടെ രണ്ടു പേർ എത്തി. കണ്ണൂർ സ്വദേശിയുമായി സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നിരവധി സി.സി.ടി.വികളും, ഓട്ടോറിക്ഷകളും പരിശോധിച്ചു. ഓട്ടോറിക്ഷ മുടിക്കൽ സ്വദേശിയുടെതാണെന്ന് കണ്ടെത്തി. ഉടമ ഇയാൾക്ക് ഓടിക്കാൻ നൽകിയതായിരുന്നു. പെരുമ്പാവൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഓട്ടോയിലുണ്ടായിരുന്ന മറ്റേയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കറങ്ങി പണം തട്ടുന്നത് ഇവരുടെ സ്ഥിരം പരിപാടിയാണെന്നാണ്
ലഭിക്കുന്ന വിവരം എസ്.ഐമാരായ കെ. നന്ദകുമാർ,
എസ്.എസ് ശ്രീലാൽ, ബി.എം ചിത്തു.ജി, സി.പി.ഒമാരായ കെ.എസ് സിറാജുദീൻ, മാഹിൻ ഷാ അബൂബക്കർ , മുഹമ്മദ് അമീർ , കെ.എം മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

Leave a Reply

Your email address will not be published.