ഉറക്കക്കുറവ്: മെലാട്ടോണിനെ സൂക്ഷിക്കുക!

ഹെല്‍ത്ത് ഡെസ്‌ക്: ഇന്ന് പൊതുവേ പലരിലും കാണപ്പെടുന്ന ഒരു ബുദ്ധിമുട്ടാണ് ഉറക്കക്കുറവ്. തീരെ ഉറക്കം കിട്ടാത്തവരും ഉറക്കത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയിലുള്ളവരും ആഴത്തിലുള്ള ഉറക്കം കിട്ടാത്തവരുമടക്കം നിരവധി പേരാണ് ഇന്‍സോമ്‌നിയ എന്ന പ്രശ്‌നത്തെ നേരിടുന്നത്. ഇന്ത്യയില്‍ നടന്ന വിവിധ പഠനങ്ങളെ ഉദ്ദരിച്ച് 33 ശതമാനം പേരാണ് പ്രസ്തുത പ്രശ്‌നം നേരിടുന്നത്.
ഇന്‍സോമ്‌നിയ ബാധിച്ചവര്‍ക്ക് പകലുറക്കം, ഉന്മേഷക്കുറവ്, ദേഷ്യം, വിഷാദരോഗം എന്നീ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്നാണ് വിവിധ പഠനങ്ങളില്‍ പറയുന്നത്. മറ്റു പല പ്രശ്‌നങ്ങള്‍ കൊണ്ടും ഇന്‍സോമ്‌നിയ വരാം. മാനസിക സമ്മര്‍ദ്ദം, വിട്ടുമാറാത്ത വേദന, ഹൃദയസ്തംഭനം, ഹൈപ്പര്‍തൈറോയിഡിസം, നെഞ്ചെരിച്ചില്‍, റെസ്റ്റ്‌ലെസ്സ് ലെഗ് സിന്‍ഡ്രോം, ആര്‍ത്തവവിരാമം, ചില മരുന്നുകളും കഫീന്‍, നിക്കോട്ടിന്‍, മദ്യം മുതലായ മയക്കുമരുന്നുകളും ഇന്‍സോമ്‌നിയക്ക് കാരണമാകാം.

പല ഡോക്റ്റര്‍മാരും മെലാട്ടോണിന്‍ ടാബ്ലറ്റുകള്‍ ഉറക്കമില്ലാത്തവര്‍ക്ക് കൊടുക്കാറുണ്ട്. എന്നാല്‍ ഇത് ആരോഗ്യകരമായി ചില പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്നാണ് ഒരു പുതിയ പഠനം പറയുന്നത്. എന്താണീ മെലാട്ടോണിന്‍ ഇത് എങ്ങനെയാണ് ഉറക്കത്തെ സഹായിക്കുന്നത് എന്ന് ആദ്യം പരിശോധിക്കാം.
തലച്ചോറിലെ പീനിയല്‍ ഗ്രന്ഥി പുറത്തുവിടുന്ന ഹോര്‍മോണ്‍ ആണ് മെലാടോണിന്‍. പ്രകാശം ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കും. പീനിയല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന തലച്ചോറിന്റെ മറ്റൊരു ഭാഗമാണ് സൂപ്പര്‍ കയസ്മാറ്റിക് ന്യൂക്ലിയസ്. റെറ്റീനയില്‍ പ്രകാശം പതിക്കുമ്പോള്‍ സൂപ്പര്‍ കയസ്മാറ്റിക് ന്യൂക്ലിയസ് പീനിയല്‍ ഗ്രന്ഥിയിലേക്കു സന്ദേശമയക്കുകയും മെലാടോണിന്‍ ഉല്‍പാദനം നിലക്കുകയും ചെയ്യുന്നു. ഇരുട്ടില്‍ റെറ്റിനയില്‍ പ്രകാശം പതിക്കാത്തതിനാല്‍ മെലാടോണിന്‍ ഉല്‍പ്പാദനം നടക്കുന്നു. അതിനാലാണ് നമുക്ക് ഉറക്കം വരുന്നത്. മരുന്നുകളിലൂടെ മെലാട്ടോണിന്‍ ശരീരത്തിലെത്തിച്ച് ഉറക്കമുണ്ടാക്കുന്ന രീതിയെയാണ് നിലവില്‍ വിദഗ്ദര്‍ തള്ളിപ്പറയുന്നത്.
ലോകത്താകെയുള്ള കണക്കെടുത്താല്‍ പ്രായപൂര്‍ത്തിയായവരില്‍ 10% മുതല്‍ 30% പേരിലും ഇന്‍സോമ്‌നിയ കണ്ടുവരുന്നു. ചെറുപ്പക്കാരേക്കാള്‍ ഇന്‍സോമ്‌നിയ ബാധിക്കുന്നത് 65 വയസ്സ് കഴിഞ്ഞവരിലാണ്. അതും സ്ത്രീകളിലാണ് ഇന്‍സോമ്‌നിയ പുരുഷന്മാരേക്കാള്‍ കൂടുതല്‍ കണ്ടു വരുന്നത്.
ചുരുക്കത്തില്‍ ഉറക്കത്തിനായുള്ള ഒരു മാജിക് ഗുളികയായി മെലറ്റോണിനെ കാണരുതെന്നാണ് വിദഗ്ദര്‍ പറയുന്നത്.
നോയിഡയില്‍ നിന്നുള്ള 35 കാരിയായ ശ്രുതി നാഗ്പാല്‍ ഉറക്ക പ്രശ്നങ്ങള്‍ നേരിട്ടപ്പോള്‍, അവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ‘മെലറ്റോണിന്‍ പരീക്ഷിച്ചു.

‘അവ എന്റെ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുകയും ഒടുവില്‍ എന്നെ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്തു. ഞാന്‍ എന്റെ ഡോക്ടറോട് സംസാരിച്ചു, ഒരു പരീക്ഷണമായി എനിക്ക് അവ നിര്‍ദ്ദേശിച്ചു,’ ഒരു മാധ്യമ പ്രവര്‍ത്തകയായ നാഗ്പാല്‍ പറഞ്ഞു.

എന്നിരുന്നാലും, മെലറ്റോണിന്‍ പെട്ടെന്നുള്ള പരിഹാരമല്ല. ഈ ജനപ്രിയ സപ്ലിമെന്റിനെ ആശ്രയിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.
ഉറക്കസമയം പതിവായി സൂക്ഷിക്കുക, മനസ്സിന് വിശ്രമം നല്‍കുക, സജീവമായിരിക്കുക, ഉറങ്ങുന്നതിന് ഒരു മണിക്കൂര്‍ മുമ്പെങ്കിലും സ്‌ക്രീനുകളോ ഉപകരണങ്ങളോ ഒഴിവാക്കുക എന്നിവ ഉള്‍പ്പെടുന്ന സ്ലീപ് ഹൈജീന്‍ സുരക്ഷിതമാക്കണമെന്നും വിദഗ്ദര്‍ ഉപദേശിക്കുന്നു.

Leave a Reply

Your email address will not be published.