തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വര്‍ഗീയ കാര്‍ഡ് ബിജെപിയെ ശക്തിപ്പെടുത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ഹിംസാത്മകവും വംശീയ ഉന്മൂലന ലക്ഷ്യത്തോടെയുമുള്ള സംഘപരിവാര വര്‍ഗീയതയെ ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയതയുമായി സമീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് മതനിരപേക്ഷ കേരളത്തെ അപകടപ്പെടുത്തും. സ്വന്തം നില ഭദ്രമാക്കുന്നതിന് നുണക്കഥകള്‍ പ്രചരിപ്പിക്കുകയാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയെ വെട്ടിലാക്കുന്ന അഴിമതി കഥകള്‍ ഓരോന്നു പുറത്തുവരുമ്പോഴും ഇല്ലാത്ത ന്യൂനപക്ഷ വര്‍ഗീയത തേടി പോകുന്ന രീതി പിണറായി വിജയന്‍ തുടരുന്നത് പതിവാണ്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലും അമ്പലപ്പുഴയിലും ഉള്‍പ്പെടെ സിപിഎം വോട്ടുകള്‍ ഗണ്യമായി ബിജെപിയിലേക്ക് ഒഴുകിയത് കേരളം ചര്‍ച്ച ചെയ്തതാണ്. അതേ ആലപ്പുഴ ജില്ലയിലെ പാര്‍ട്ടി ജില്ലാ സമ്മേളന വേദിയില്‍ ഗീബല്‍സിനെ പോലും വെല്ലുന്ന പച്ചക്കള്ളം പറഞ്ഞ മുഖ്യമന്ത്രി ബിജെപിയിലേക്കുള്ള വോട്ടു ചോര്‍ച്ചയെ പരോക്ഷമായി പ്രോല്‍സാഹിപ്പിക്കുകയാണ്. ഇടതു ഭരണത്തില്‍ ആഭ്യന്തരവും സിവില്‍ സര്‍വീസും ഉള്‍പ്പെടെ സംഘപരിവാറിനു വിടുപണി ചെയ്യുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിരിക്കേ കണ്ണടച്ച് ഇരുട്ടാക്കാനുള്ള ശ്രമം പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. സംഘപരിവാര വിദ്വേഷ പ്രചാരകരെ കയറൂരി വിട്ടും സിപിഎം നേതാക്കള്‍ തന്നെ ബിജെപിക്ക് ഗുണകരമാവുന്ന വിഷയങ്ങള്‍ അവതരിപ്പിച്ചും കേരളത്തില്‍ സംഘപരിവാര രാഷ്ട്രീയത്തിന് വളര്‍ച്ചയ്ക്കാവശ്യമായ മണ്ണൊരുക്കുകയാണ് ഇടതു സര്‍ക്കാരും സിപിഎമ്മും. ജനാധിപത്യ പ്രതിഷേധം നടത്തിയ എംഎല്‍എമാരെ പോലും വേട്ടയായി തടവിലാക്കിയ സര്‍ക്കാരും പോലീസും ഒരു സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുകയും സംഘര്‍ഷങ്ങള്‍ക്കും കലാപങ്ങള്‍ക്കും വഴിമരുന്നിടുകയും ചെയ്യുന്ന ബിജെപി നേതാക്കളെ സംരക്ഷിക്കുന്നത് കേരളം തിരിച്ചറിയുന്നുണ്ട്. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും വൈരുദ്ധ്യാത്മക നിലപാട് കേരളീയ പൊതുസമൂഹത്തെ അങ്ങേയറ്റം വിഷലിപ്തമാക്കുമെന്നും സിപിഐ ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കക്ഷികള്‍ മുഖ്യമന്ത്രിയെ തിരുത്താന്‍ ആര്‍ജ്ജവം കാണിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.

എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ്, തുളസീധരന്‍ പള്ളിക്കല്‍, ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍, പി ആര്‍ സിയാദ്, പി പി റഫീഖ്, കെ കെ അബ്ദുല്‍ ജബ്ബാര്‍, പി കെ ഉസ്മാന്‍, സെക്രട്ടറി അന്‍സാരി ഏനാത്ത്, സെക്രട്ടറിയേറ്റംഗങ്ങളായ മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, വി ടി ഇക്‌റാമുല്‍ ഹഖ്, അഡ്വ. എ കെ സലാഹുദ്ദീന്‍, അജ്മല്‍ ഇസ്മാഈല്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.