മലപ്പുറം: മതസ്പര്‍ദ്ധയും സാമൂഹിക സംഘര്‍ഷങ്ങളും സൃഷ്ടിക്കുന്ന വിധം വിദ്വേഷ പ്രസ്താവനകള്‍ നടത്തുന്ന പി സി ജോര്‍ജിന് ഇടതു സര്‍ക്കാര്‍ നല്കുന്ന പിന്തുണയും സംരക്ഷണവും മതനിരപേക്ഷയ്ക്ക് വെല്ലുവിളിയാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്.
മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോര്‍ജിനെതിരേ സ്വമേധയാ കേസെടുക്കാന്‍ വകുപ്പുണ്ടെങ്കിലും നിരവധി പരാതി നല്കിയിട്ടു പോലും നടപടിയെടുക്കാന്‍ തയ്യാറാവാത്തത് പ്രതിഷേധാര്‍ഹമാണ്. സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ ശ്രമിക്കുന്ന ഛിദ്രശക്തികളെ നിയന്ത്രിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ ഭരണഘടനാ ബാധ്യത നിറവേറ്റുന്നില്ല. മതേതര നിലപാട് സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ആരെയോ ഭയപ്പെടുന്നു എന്നാണ് വ്യക്തമാകുന്നത്. നുണക്കഥകള്‍ പരസ്യമായി പ്രസ്താവിച്ച് ഇതര സമൂഹങ്ങളില്‍ തെറ്റിദ്ധാരണയും പകയും വിദ്വേഷവും സൃഷ്ടിക്കുന്ന ജോര്‍ജിന്റെ നടപടികള്‍ ഇടതു സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന ധൈര്യത്തിലാണ് നിര്‍ബാധം തുടരുന്നത്. മുമ്പ് നടത്തിയ ഗുരുതരമായ വിദ്വേഷ പ്രസംഗത്തില്‍ ജോര്‍ജിനെ അറസ്റ്റുചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നെങ്കിലും അന്നത്തെ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് കലാപത്തിനും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്ന തരത്തില്‍ വിദ്വേഷ പ്രസ്താവന ആവര്‍ത്തിച്ചിട്ടും സര്‍ക്കാരും പോലീസും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്.
2023 നവംബറില്‍ തിരുവല്ലയില്‍ മുസ് ലിം സ്ത്രീകളെഒന്നടങ്കം വളരെ മോശമായ പരാമര്‍ശം നടത്തിയിട്ടു പോലും ജോര്‍ജിനെ കൈയാമം വെക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജനാധിപത്യപരമായി പ്രതിഷേധിച്ചതിന്റെ പേരില്‍ എംഎല്‍എ മാരെ പോലും വളഞ്ഞിട്ട് അറസ്റ്റുചെയ്യാനും തടവിലാക്കാനും അമിതാവേശം കാണിച്ച ഇടതു സര്‍ക്കാര്‍ ജോര്‍ജിനെ കയറൂരി വിട്ടിരിക്കുന്നത് അപകടകരമാണ്. സംഘപരിവാര നേതാക്കളെയും അവരോടൊപ്പം നില്‍ക്കുന്നവരെയും മുഖ്യമന്ത്രി പിണറായി വിജയന് എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ജോര്‍ജിന് ലഭിക്കുന്ന സംരക്ഷണം. സംസ്ഥാനത്ത് സംഘപരിവാര്‍ രാഷ്ട്രീയത്തിന് വളക്കൂറുണ്ടാക്കുന്നതിന് സാമൂഹികാന്തരീക്ഷം കലുഷിതമാക്കാന്‍ കരുതിക്കൂട്ടി പ്രവര്‍ത്തിക്കുന്ന പി സി ജോര്‍ജിനെ അറസ്റ്റുചെയ്യാന്‍ ഇടതു സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്ന് സിപിഎ ലത്തീഫ് ആവശ്യപ്പെട്ടു.
വാര്‍ത്താ സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റംഗം വി ടി ഇഖ്റാമുല്‍ ഹഖ്, മലപ്പുറം ജില്ലാ പ്രസിഡന്റ് അന്‍വര്‍ പഴഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗങ്ങള്‍
- മുസ് ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ് ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു. മുസ് ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ് ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടു പോകുന്നു. കച്ചവടം ചെയ്യുന്ന മുസ് ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു.
( 2022 ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് രാജ്യത്തെ മുസ്ലിംകള്ക്കെതിരെ വര്‍ഗീയ വിഷം ചീറ്റിയത്. )
- 2060 ഓടെ ഇന്ത്യ പിടിച്ചെടുക്കുമെന്ന അഹങ്കാരത്തിലാണ് മുസ് ലിം ഭീകരവാദികള്‍ പ്രവര്‍ത്തിക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ ജനസംഖ്യ കുറയുകയാണ്. എന്നാല്‍ മുസ് ലിം സ്ത്രീകള്‍ എട്ടും പത്തും പ്രസവിച്ചിട്ടും ഇനിയും എന്നു പറഞ്ഞു നില്‍ക്കുകയാണ്.
(2023 നവംബര്‍)
- ഇന്ത്യാ രാജ്യത്തെ വിഭജിച്ച് പാകിസ്ഥാനില്‍ ചേര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന മുസ് ലിം ഫണ്ടമെന്റലിസ്റ്റുകളുടെ വോട്ട് വാങ്ങിയാണ് പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ചത്.
(2024 നവംബര്‍)
- ഇന്ത്യയിലെ മുസ് ലിംകള്‍ മുഴുവന്‍ വര്‍ഗീയ വാദികളാണ്. വര്‍ഗീയ വാദിയല്ലാത്ത ഒരു മുസ് ലിമും ഇന്ത്യയിലില്ല. ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ് ലിംകള്‍ കൊലപ്പെടുത്തിയിട്ടുണ്ട്. തുണി പൊക്കി നോക്കി മുസ് ലിമല്ലെന്ന് കണ്ടാല്‍ കൊല്ലുന്നതാണ് അവരുടെ രീതി.
(2024 ജനുവരി )
Leave a Reply