മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയിൽനിന്നും ഇടതു-വലതു കര കനാലുകൾവഴി കൃഷിയാവശ്യത്തിനായി തുറന്നുവിട്ട വെള്ളം വാലറ്റപ്രദേശങ്ങളിലേക്ക് എത്തിയത് മണിക്കൂറുകൾകൊണ്ട്. മുൻവർഷങ്ങളിൽ ഒരുമാസംവരെ സമയമെടുത്താണ് വെള്ളം വാലറ്റപ്രദേശങ്ങളിലേക്കെത്തിയിരുന്നത്.

പ്രത്യേകിച്ചും ഏറ്റവും ദൈർഘ്യമുള്ള ഇടതുകര കനാലിൽ. ജലവിതരണത്തിന് മുൻപ് കനാലുകൾ വൃത്തിയാക്കിയതും ഭാഗികമായി തകർന്ന ഭാഗങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്തിയതുമാണ് തടസ്സങ്ങളില്ലാതെയും കാലതാമസമില്ലാതെയും വെള്ളം പെട്ടെന്ന് വാലറ്റപ്രദേശങ്ങളിലെത്താൻ കാരണം.

കർഷകരുടെ ആവശ്യത്തെ തുടർന്ന് ഇടതുകര കനാലാണ് ഇത്തവണ ആദ്യം തുറന്നത്. ഡിസംബർ 13-ന് ജലവിതരണം നടത്തുകയും 57 മണിക്കൂർകൊണ്ട് വെള്ളം വാലറ്റപ്രദേശമായ ചളവറയിലെ മോളൂർവരെയെത്തി. 61 കിലോമീറ്ററാണ് ഇതുവരെയുള്ള ദൂരം. വലതുകര കനാൽവഴി 26-നാണ് വെള്ളം തുറന്നത്.

ഒരുദിവസം കൊണ്ടുതന്നെ വാലറ്റപ്രദേശത്തേക്കെത്തി. പിറ്റേദിവസം അടയ്ക്കുകയും ചെയ്തു. പിന്നീട് ദിവസങ്ങൾക്ക് മുൻപാണ് വീണ്ടും വെള്ളം തുറന്നുവിട്ടത്. മൂന്നുദിവസം മുൻപ് അടയ്ക്കുകയും ചെയ്തു. ഇടതുകര കനാലിലും ജലവിതരണം നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇടതുകര കനാൽവഴി 64 ദിവസമാണ് വെള്ളം വിട്ടത്. വലതുകര കനാൽവഴി അഞ്ചുഘട്ടങ്ങളിലായി 106 ദിവസവും വെള്ളം വിട്ടു.

അറ്റകുറ്റപ്പണി 80 ശതമാനം പൂർത്തിയായി:

നബാർഡിന്റെ 10 കോടി രൂപ വിനിയോഗിച്ചുള്ള അറ്റകുറ്റപ്പണികളാണ് കനാലുകളിൽ നടത്തിവരുന്നത്. ഇത് 80 ശതമാനവും പൂർത്തിയായതായി ജലസേചനവകുപ്പ് അധികൃതർ അറിയിച്ചു. കനാലുകളുടെ തകർന്ന ഭാഗങ്ങളിലെ അരികുഭിത്തി കെട്ടൽ, നിലവും കരിങ്കല്ല് കെട്ടുകൾക്ക് മുകളിൽ കോൺക്രീറ്റ് ചെയ്യൽ തുടങ്ങിയവയുമാണ് നടത്തുന്നത്. വലതുകര കനാലിൽ ആറ് ഭാഗങ്ങളിൽ നടത്തേണ്ട പ്രവൃത്തി മൂന്നിടത്ത് പൂർത്തിയായി.

ഇടതുകര കനാലിൽ കല്ലടിക്കോട് ഭാഗത്താണ് നിലവിൽ പ്രവൃത്തികൾ നടത്തുന്നത്. വലതുകര പ്രധാന കനാൽവഴി 55 ദിവസവും ഇടതുകര പ്രധാന കനാലിലൂടെ 70 ദിവസവും നൽകാനുള്ള വെള്ളമാണ് പദ്ധതിയിലുള്ളത്.

Leave a Reply

Your email address will not be published.