താനൂർ (മലപ്പുറം):മനുസ്മൃതിയിൽ അധിഷ്ഠിതമായ ചാതുർവർണ്യ വ്യവസ്ഥയുടെ ഹിന്ദുത്വപേരാണ് സനാതനധർമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ശിവഗിരി പ്രസംഗം കേരളവും ഇന്ത്യയും അംഗീകരിക്കുന്നതാണ്.
ഹിന്ദുത്വവൽക്കരണത്തെ വെള്ളപൂശുകയാണ് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പ്രതിപക്ഷ നേതാവ് പറയുന്നതുപോലെ വേദവും ഉപനിഷത്തും തത്വമസിയും ചേർന്നുള്ളതല്ല സനാതനധർമം. ഇതെല്ലാം മേൽപ്പൊടി മാത്രമാണ്. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമായ ഭരണഘടന വേണമെന്നാണ് സംഘപരിവാർ പറയുന്നത്. ഇതിന് ഭരണഘടന ഭേദഗതി ചെയ്യാനാണ് 430 സീറ്റിലെങ്കിലും ജയിക്കണമെന്ന് ബിജെപി ആഗ്രഹിച്ചത്.
സനാതനധർമത്തിന്റെ പേരിൽ ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആർഎസ്എസിന്റെയും ബിജെപിയുടെയും ശ്രമം. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതികരണമുയരണം. സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി താനൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചൂരൽമല ദുരന്തം അതിതീവ്രമാണെന്ന് കേന്ദ്രസർക്കാർ വാക്കാൽ അംഗീകരിച്ചെങ്കിലും ആനുകൂല്യം ഇതുവരെ ലഭിച്ചിട്ടില്ല. ഒരു ജനതയുടെ പൂർണജീവിതം കരുപ്പിടിപ്പിക്കാൻ ആവശ്യമായ പുനരധിവാസത്തിനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. ഇതിനായി മന്ത്രിമാരും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള മോണിറ്ററിങ് കമ്മിറ്റിയും നിലവിലുണ്ട്.
വർഗീയവാദികളുടെ പരസ്പര ഏറ്റുമുട്ടലിൽ ആരും ജയിക്കുകയോ തോൽക്കുകയോ ഇല്ല. ഇരുകൂട്ടരും ശക്തിപ്പെടുക മാത്രമാണ് ചെയ്യുക. ഇരുവർഗീയതയും ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും എസ്ഡിപിഐയെയും എതിർക്കാതെ സംഘപരിവാറിനെ നേരിടുന്നതും സംഘപരിവാറിനെ എതിർക്കാതെ ന്യൂനപക്ഷ വർഗീയതയെ എതിർക്കുന്നതും ഫലപ്രദമല്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
Leave a Reply