വന്ന വഴി മറക്കരുതെന്ന എസ്ഡിപിഐ പ്രസ്താവനക്ക്മറുപടിയായി, മന്ത്രി അബ്ദുറഹ്മാൻ

മലപ്പുറം: മന്ത്രി വി അബ്ദു റഹിമാന്‍ വന്നവഴി മറക്കരുതെന്ന എസ്ഡിപിഐ പ്രസ്താവനക്ക് പിന്നാലെ മറുപടിയുമായി മന്ത്രി വി അബ്ദുറഹ്മാന്‍ രംഗത്ത്. മുസ്ലിം ലീഗ് – ജമാഅത്ത് ഇസ്ലാമി കൂട്ടുകെട്ടിനെക്കുറിച്ചാണ് നേരത്തെ പറഞ്ഞത് എന്നും ന്യുനപക്ഷ വർഗീയതയെ എതിർക്കുക എന്നത് തന്നെയാണ് ലൈൻ എന്നും അബ്ദുറഹ്മാന്‍ മറുപടി നൽകി.

മുസ്ലിം ലീഗിനെതിരായ മത്സരത്തിൽ താനൂരിൽ എല്ലാവരും സഹായിച്ചിട്ടുണ്ട് എന്നും അബ്ദുറഹ്മാൻ പറഞ്ഞു. താനൂരിലെ വോട്ടർമാരെ മറന്നുകൊണ്ടുള്ള ഒരു രീതി ഇതുവരെ എടുത്തിട്ടില്ല, ഇനി സ്വീകരിക്കുകയുമില്ല. താനൂരിൽ മുസ്ലിം ലീഗിനെതിരായി ഒരു ജനകീയ കൂട്ടായ്മയാണ് അന്ന് രൂപീകരിച്ചത് എന്നും തീർച്ചയായും അത് തന്നെയാണ് വിജയത്തിന്റെ അടിസ്ഥാനമെന്നും അബ്ദുറഹ്മാൻ വ്യക്തമാക്കി.

എസ്ഡിപിഐ പിന്തുണയുടെ കാര്യം പത്രക്കാർ ആവർത്തി ചോദിച്ചിട്ടും താനൂരിന്റെ വികസനമാണ് താൻ അന്ന് ലക്ഷ്യം വെച്ചത് എന്നും അത് നല്ലരീതിയിൽ നടന്നിട്ടുണ്ട് എന്നുമാണ് മന്ത്രി മറുപടി നൽകിയത്.

സിപിഐഎം മലപ്പുറം ജില്ലാ സമ്മേളനം തുടരുന്നതിനിടെയായിരുന്നു സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി എസ്ഡിപിഐയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. നിമയസഭാ തിഞ്ഞെടുപ്പില്‍ താനൂരില്‍ മന്ത്രി വി. അബ്ദുറഹ്മാന് പിന്തുണ നല്‍കിയെന്ന എസ്ഡിപിഐ വെളിപ്പെടുത്തലാണ് സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കിയത്.

വിജയരാഘവനെ പോലെയുള്ള സിപിഎം നേതാക്കള്‍ നടത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ അതേപടി ഏറ്റുപിടിച്ച് പാര്‍ട്ടിയോടുള്ള തന്റെ കൂറ് തെളിയിക്കാന്‍ ശ്രമിക്കുന്ന മന്ത്രി വി അബ്ദു റഹിമാന്‍ താന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജയിച്ചതെങ്ങനെയെന്ന് ഓര്‍ക്കുന്നത് നല്ലതാണെന്നും താനൂര്‍ മണ്ഡലത്തിലെ തന്നെ ജയിപ്പിച്ച ജനങ്ങളോടും ഇതേ സമീപനമാണോ മന്ത്രിക്കുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ഈ പ്രസ്താവ പിന്‍വലിച്ച് മാപ്പ് പറയണമെന്നും എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.