ആറ് ഇറാൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കി; പ്രതിഷേധവുമായി ഇറാൻ
ജിദ്ദ: രാജ്യത്തേക്ക് നിരോധിത മയക്കുമരുന്നായ ഹഷീഷ് ഒളിച്ചു കടത്തിയെന്ന കേസിൽ സൗദി അറേബ്യയിൽ പിടിയിലായിരുന്ന ആറ് ഇറാനിയൻ പൗരന്മാരെ സൗദി അറേബ്യ വധശിക്ഷയ്ക്ക് വിധേയരാക്കിയതായി റിപ്പോർട്ട്. ശിക്ഷ നടപ്പാക്കിയത് സംബന്ധിച്ച സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രസ്താവന ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി ബുധനാഴ്ചയാണ് റിപ്പോർട്ട് ചെയ്തത്.
സുരക്ഷാ വിഭാഗത്തിന് കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ കഴിയുകയും അവരുടെ കാര്യത്തിൽ നിയമാനുസൃത നടപടികൾ കൈക്കൊണ്ടതായും പ്രസ്താവന വിവരിച്ചു. ഇതിലൂടെ കുറ്റാരോപണം തെളിയിക്കപ്പെടുകയും അപ്പീൽ നൽകാനുള്ള അനുമതിയിലൂടെയും തെളിഞ്ഞ കേസ് ഒടുവിൽ ശിക്ഷാ വിധി നടപ്പാക്കുന്നതിലൂടെ പൂർത്തിയാക്കുകയുമാണ് ഉണ്ടായതെന്നും പ്രസ്താവന വെളിപ്പെടുത്തി.
മയക്കുമരുന്ന് വിപത്തിൽ നിന്ന് പൗരന്മാരെയു രാജ്യത്തെ പ്രവാസികളെയും രക്ഷിക്കാൻ രാഷ്ട്രം പ്രതികജ്ഞാബദ്ധരാണെന്നും സമാന കൃത്യങ്ങളിൽ ഏർപ്പെടുന്ന എല്ലാവര്ക്കും നിയമപരമായ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും പൊതുജനങ്ങളെ സൗദി ആഭ്യന്തര മന്ത്രാലയം ഓർമപ്പെടുത്തി.
ഇറാൻ അനുകൂല ഷിയാ വിശ്വാസികൾ ധാരാളമായുള്ള സൗദിയുടെ കിഴക്കൻ പ്രവിശ്യയിൽ വെച്ചായിരുന്നു സംഭവമെന്ന് അറിയിച്ച ആഭ്യന്തര മന്താലയം റിപ്പോർട്ട് പക്ഷേ എപ്പോഴാണ് വധശിക്ഷ നടപ്പാക്കിയതെന്ന് പരാമർശിച്ചിട്ടില്ലെന്ന് വാർത്ത ഉദ്ധരിക്കവേ റോയിട്ടേഴ്‌സ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തിയ ഇറാൻ ടെഹ്റാനിലെ സൗദി അംബാസഡറെ വിളിച്ചുവരുത്തിയതായി റിപ്പോർട്ട് ഉണ്ട്. ഇറാനിയൻ മീഡിയകളിലാണ് ഈ വിവരം ഉള്ളത്.
“ഇരു രാജ്യങ്ങളും തമ്മിലുള്ള മൊത്തത്തിലുള്ള സഹകരണത്തിന് ചേരാത്ത നടപടി എന്ന് വധശിക്ഷയെ ഇറാൻ വിശേഷിപ്പിച്ചതായാണ് റിപ്പോർട്ട്.
ദീർഘകാലമായി തകർന്ന നിലയിൽ കഴിഞ്ഞിരുന്ന സൗദി – ഇറാൻ സൗഹൃദം 2023 ൽ ചൈനയുടെ മധ്യസ്ഥതയിലായിരുന്നു പുനഃസ്ഥാപിച്ചത്. തുടർന്ന്, റിയാദിലും ടെഹ്‌റാനിലും മറ്റിടങ്ങളിലും നയതന്ത്ര കേന്ദ്രങ്ങൾ പുനരാരംഭിക്കുകയും സാധാരണ ബന്ധം ഊഷ്മളതയിൽ തുടരുകയും ചെയ്യവെയാണ് പുതിയ സംഭവങ്ങൾ.
ഫലസ്തീൻ – ഇറാൻ സംഘർഷത്തിൽ കര്മരംഗത്തുള്ള ഇറാന് ക്ഷീണം ഉണ്ടാക്കുന്ന സംഭവങ്ങളാണ് ഇയ്യിടെയായി ഉണ്ടായിട്ടുള്ളത്. പ്രസിഡണ്ട് ഇബ്രാഹിം റഈസിയും വിദേശകാര്യയും ഉൾപ്പെടെയുള്ളവർ. വിമാനാപകടം, ടെഹ്റാനിൽ വെച്ചുള്ള ഹമാസ് നേതാക്കളുടെ കൊലപാതകം, ലബനാനിലെ ഇസ്രായേൽ ആക്രമണങ്ങളും ഇറാൻ അനുകൂല ഹിസ്ബുള്ള നേതാവ് ഹസ്സൻ നസ്റുല്ലയുടെ അന്ത്യം, സിറിയയിലെ ഭരണമാറ്റവും അസദിന്റെ ഒളിച്ചോട്ടവും ഇവയെല്ലാം കൊണ്ട് പ്രതാപത്തിൽ വലിയ ഇടിവ് സംഭവിച്ച ഇറാനെ സംബന്ധിച്ചിടത്തോളം അതിലും വലിയ ക്ഷീണമായിരിക്കും സൗദിയുമായുള്ള ബന്ധത്തിൽ ഉണ്ടായേക്കാവുന്ന ഇടർച്ച.
ഇസ്രായേലിന് ഇപ്പോഴും വലിയ ഭീഷണിയായ യമൻ വിമതരായ ഹൂഥികളും ഇറാൻ പിന്തുണയുള്ളവരാണ്. അവരുടെ നേതാവ് യഹ്യാ അൽസരീഅയ്ക്ക് നേരെ ഇസ്രായേൽ കഴിഞ്ഞ ദിവസം വലിയ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
Leave a Reply