തിരുവനന്തപുരം: അതുല്യ പ്രതിഭയും മലയാള സാഹിത്യത്തിന്റെ ഇതിഹാസവുമായിരുന്നു വിടപറഞ്ഞ എംടി വാസുദേവന്‍ നായരെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ്. ചെറുകഥാകൃത്ത്, നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്ര സംവിധായകന്‍, പത്രാധിപര്‍, സാംസ്‌കാരിക നായകന്‍ എന്നിങ്ങനെ എഴുത്തിന്റെയും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും മേഖലകളില്‍ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു എംടി.
ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ സര്‍ഗ്ഗാല്‍മക രചനകളിലൂടെ അദ്ദേഹം അനശ്വരനായിരിക്കുകയാണ്. മനുഷ്യ ജീവിതത്തിലെ അനിശ്ചിതത്വങ്ങളും പ്രതിസന്ധികളും ഉള്ളുലയ്ക്കുന്ന വ്യഥകളും വേദനകളും ഹൃദയത്തില്‍ ആവാഹിച്ച് വ്യത്യസ്ഥ കഥാപാത്രങ്ങളിലൂടെ പുന:സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം.
മലയാളം നിലനില്‍ക്കുന്ന കാലത്തോളം അദ്ദേഹത്തിന്റെ സ്മരണകളും നിലനില്‍ക്കും. എം ടിയുടെ വിയോഗത്തില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബാംഗങ്ങള്‍, മലയാള സാഹിത്യലോകം ഉള്‍പ്പെടെ എല്ലാവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ സിപിഎ ലത്തീഫ്
പറഞ്ഞു.
Leave a Reply