മലപ്പുറം: സംഭാൽ ഉൾപ്പെടെ ഇന്ത്യയിലെ പുരാതന മസ്ജിദുകൾക്ക്മേൽ അവകാശവാദം ഉന്നയിച്ച് കീഴ്കോടതികളെ സമീപിക്കാൻ സംഘ്പരിവാറിന് വഴിവെട്ടിയത് മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ ഗ്യാൻവാപി മസ്ജിദ് കേസിലെ തലതിരിഞ്ഞ വിധിന്യായമാണെന്ന് ഐഎൻഎൽ അഖിലേന്ത്യാ അധ്യക്ഷൻ പ്രൊഫ മുഹമ്മദ് സുലൈമാൻ പറഞ്ഞു. മലപ്പുറത്ത് ഐഎൻഎൽ സെൻ്ററിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇബ്റാഹിം സുലൈമാൻ സേട്ട് ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ പരിശ്രമഫലമായി പാർലമെൻ്റ് പാസാക്കിയ 1991 ലെ ആരാധനാലയ സ്റ്റാറ്റസ്കോ നിയമം ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നൽകിയ നിയമസംരക്ഷണ കവചം തച്ചുടക്കുന്നതാണ് ഗ്യാൻവാപി മസ്ജിദ് വിധി. ഇതിനെതിരെ മുസ്ലിം പേഴ്സണൽ ലോബോർഡ് ഉൾപ്പെടെ ആരംഭിച്ച നിയമപോരാട്ടം വിജയം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലക്ഷകണക്കിന് കോടി രൂപയുടെ വഖഫ് സ്വത്തുക്കൾ കോർപ്പറേറ്റുകളും വിവിധ സർക്കാറുകളും ഇതിനകം കയ്യടക്കിയിട്ടുണ്ട്. ശേഷിക്കുന്ന വസ്തുവഹകളിൽ വഖഫ് നിയമം വഴി ലഭിക്കുന്ന സംരക്ഷണംകൂടി എടുത്തുമാറ്റി ബാലിശമായ വാദങ്ങളിലൂടെ അന്യാധീനപ്പെടുത്താനുള്ള സംഘ്പരിവാർ ഗൂഢാലോചനയാണ് പുതിയവഖഫ് നിയമം.
അംബേദ്കർക്ക് എതിരെ അമിത്ഷ നടത്തിയ പരാമർശം അത്യധികം ഹീനവും മനുസ്മൃതിയുടെ പ്രചോദനവുമാണ്. അമിത്ഷ പദവി രാജിവെക്കണം.
മുനമ്പം വഖഫ് ഭൂമിതന്നെയാണെന്നും ഇത് മറച്ചു വെച്ചുവിൽപ്പന നടത്തിയവരാണ് യഥാർത്ഥ പ്രതികളെന്നും ഈ ഭൂമി തിരിച്ചു പിടിക്കുകയും, അവിടെ പതിറ്റാണ്ടുകളായി താമസിച്ചുവരുന്ന പാവങ്ങളെ പുനരധിവസിപ്പിക്കണമെന്നും ഇതിൻ്റെ ചിലവുകൾ വഖഫ്ഭൂമി മറിച്ചുവിറ്റ വരിൽനിന്നും ഈടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ ജൂഡീഷ്യൽ കമ്മീഷൻ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച എൽഡിഎഫ് സർക്കാർ നടപടി സ്വാഗതാർഹമാണ്.
രാഹുലും, പ്രിയങ്കയും ഉൾപ്പെടെയുള്ള ഇന്ത്യാമുന്നണിയിലെ എല്ലാവരുടെയും വിജയം സംഘ്പരിവാർ വിരുദ്ധ പോരാട്ടത്തിന് കരുത്തേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.വാർത്താ സമ്മേളനത്തിൽ ഐഎൻഎൽ ദേശീയ സമിതി അംഗം സിപി അൻവർസാദത്ത്, ജില്ലാ പ്രസിഡൻ്റ് സമദ്തയ്യിൽ, ജനറൽ സെക്രട്ടറി സിപി അബ്ദുൽ വഹാബ്, ബഷീർ ചേളാരി എന്നിവർ പങ്കെടുത്തു.
Leave a Reply