തിരൂര്‍ :  കേന്ദ്ര സര്‍ക്കാര്‍ പുതിയതായി കൊണ്ട് വരാന്‍ ശ്രമിക്കുന്ന വഖഫ് നിയമ ഭേദഗതി പരമ്പരാഗത വഖഫ് നിയമത്തെ തകര്‍ക്കാനും ദുര്‍ബലമാക്കാനുമുള്ള വന്‍ ഗൂഡാലോചനയാണെന്ന് വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി. സൈനദ്ധ സൈനുദ്ധീന്‍. തിരൂരില്‍ മുസ്ലിം സര്‍വ്വീസ് സൊസൈറ്റി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പുതിയ വഖഫ് നിയം, കരുതിയിരിക്കേണ്ട ഒളിയജണ്ട എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വഖഫ് ഭേദഗതിയെ സമൂഹം ഗൗരവത്തോടെ കണ്ടിട്ടില്ലെങ്കില്‍ വലിയ അപകടങ്ങളുണ്ടാവും. നാല്‍പ്പത്തിനാല് ഭേദഗതിയില്‍ അതീവ ഗുരുതരമായ പന്ത്രണ്ടെണ്ണം വലിയ അപകടം ചെയ്യുന്നതാണ്. ഭാവിയില്‍ പള്ളി-മദ്രസ്സ നടത്തിപ്പുകളെയും വിദ്യാഭ്യാസ്ഥാപനങ്ങളേയും പ്രതിസന്ധിയിലാക്കും. വാക്കാല്‍ വഖഫില്ല, ആധാരപ്രകാരമേ നിലനില്‍ക്കൂവെന്ന ഭേദഗതി ഖബര്‍സ്ഥാനുകളെപ്പോലും ബാധിക്കും. ലൗ ജിഹാദ്, ഹലാല്‍ ഭക്ഷണം, ഹിജാബ്, ആരാധനാലയ നിയമം എന്നിവക്ക് ശേഷം മുസ്ലിംങ്ങളെ വളരെയേറെ ദോഷകരമായി ബാധിക്കുന്ന വഖഫ് നിയമ ഭേദഗതിക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും സൈനുദ്ധീന്‍ പറഞ്ഞു.

സമ്മേളനം എം.എസ്.എസ് മലപ്പുറം ജില്ലാ പ്രസിഡണ്ട് ഡോ. ഹസ്സന്‍ ബാബു ഉദ്ഘാടനം ചെയ്തു. എം.എസ്.എസ് തിരൂര്‍ യൂണിറ്റ് പ്രസിഡണ്ട് വി. മന്‍സൂറലി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി. ഫസലുദ്ധീന്‍, ജില്ലാ സെക്രട്ടറി കെ.വി. മുഹമ്മദ് കുട്ടി, എ.എസ് ഹാഷിം, അഡ്വ. കെ.എം.അഷ്‌റഫ് എന്നിവർ സംസാരിച്ചു.





Leave a Reply

Your email address will not be published.