അതിര.ടി.ആര്‍
സയന്‍സ് ഡെസ്‌ക്: വിദേശ രാജ്യങ്ങളില്‍ നിന്നും വളര്‍ത്തുന്നതിനായി കൊണ്ടു വരുന്ന അലങ്കാര മത്സ്യങ്ങള്‍ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണിയാകുന്നതായി വിദഗ്ദര്‍. വിദേശത്തു നിന്ന് പല ജീവികളെയും ഇറക്കുമതി ചെയ്യുന്നതിന് നിയമപരമായ തടസമില്ലാത്തതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഇത്തരം മത്സ്യങ്ങള്‍ നമ്മുടെ പൊതുജലാശയങ്ങളിലെത്തുന്നതോടെയാണ് പ്രതിസന്ധികളേറുന്നത്. നിരവധിയിനം മത്സ്യങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നും നമ്മുടെ നാട്ടിലേക്കെത്തുന്നത്.
ഇവയില്‍ ഏറിയ പങ്കും അവിടങ്ങളിലെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ വളരുന്നവയും മാംസഭുക്കുകളുമാണ്. കേരളം പോലെ ജൈവ സമ്പത്തുള്ളതും അടിക്കടി പ്രളയവും മറ്റും മൂലമുണ്ടാകുന്ന കാലാവസ്ഥയില്‍ ഇവ ഭാവിയില്‍ വലിയ ഭീഷണി സൃഷ്ടിക്കും.
നിലവില്‍ Pirahna, Arapaima, Nile Tilapia,Knifefish, Giant Snakehead,Tigerfish, Silver Arowana , Giant Gourami, Bullseye Snakehead, Asian Arowana തുടങ്ങിയ അലങ്കാര മത്സ്യങ്ങളെ നമ്മുടെ ജല സ്രോതസ്സുകളില്‍ നിന്നു കണ്ടെത്തിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. താത്ക്കാലിക വിനോദത്തിനോ, സാമ്പത്തിക ലാഭത്തിനോ വേണ്ടി വളര്‍ത്തുന്ന ഇത്തരം മത്സ്യങ്ങള്‍ നദികളിലും മറ്റുമെത്തിയാല്‍ അധിനിവേശ സ്വഭാവം കാണിക്കുകയും, നമ്മുടെ നാടന്‍ മത്സ്യ ഇനങ്ങളെ ഇരകളാക്കുകയും, അതുവഴി നമ്മുടെ മത്സ്യസമ്പത്തിനെ നശിപ്പിക്കുകയും, ആവാസവ്യവസ്ഥയെ തകിടം മറിക്കുകയും ചെയ്യും.
ഒരു ആവാസ വ്യവസ്ഥയില്‍ കടന്നു കയറുക വഴി കനത്ത പാരിസ്ഥിതിക ആഘാതങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള സസ്യങ്ങളും, ജന്തുക്കളും, മല്‍സ്യങ്ങളും, കീടങ്ങളും, സൂക്ഷ്മാണുക്കളും ഉള്‍പ്പെടുന്ന ജീവികളെയാണ് ”അധിനിവേശ ജീവജാലങ്ങള്‍” എന്നു വിളിക്കുന്നത്. രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയ്ക്കും, സമ്പദ്വ്യവസ്ഥക്കും വരെ ഇവ ഭീഷണിയായി മാറുന്നു. ”അധിനിവേശ ജീവികള്‍” എന്ന ഗണത്തില്‍ പെടുത്താവുന്ന ധാരാളം സസ്യങ്ങളും, ജന്തുക്കളും, മല്‍സ്യങ്ങളും, കീടങ്ങളും പല കാലങ്ങളിലായി നമ്മുടെ നാട്ടില്‍ എത്തപ്പെട്ടിട്ടുണ്ട്. അവയില്‍ നേരിട്ട് വലിയ ഉപദ്രവകാരികളായി തോന്നാത്ത കമ്യൂണിസ്റ്റ് പച്ച മുതല്‍, ശാസ്ത്രത്തിന് പുല്ലു വില കല്‍പിച്ചു കൊണ്ടുള്ള വനവത്കരണ മഹാമഹങ്ങളുടെ ഭാഗമായെത്തി ആവാസ വ്യവസ്ഥയെ പാടെ തകിടം മറിച്ച മഞ്ഞക്കൊന്നകള്‍ വരെയുണ്ട്. ആഫ്രിക്കന്‍ ഒച്ചും, കോമണ്‍ കാര്‍പ്പ് മത്സ്യവുമെല്ലാം കേരളത്തില്‍ എത്തപ്പെട്ട അധിനിവേശ സ്വഭാവം കാണിക്കുന്ന ജീവിവര്‍ഗ്ഗങ്ങളാണ്. ആഫ്രിക്കന്‍ ഒച്ചൊക്കെ സ്ഥിരം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു ഭീകരജീവിയാണിപ്പോള്‍. ഫലപ്രദമായി, മറ്റു ജീവികളെ ബാധിക്കാതെ അവയെ ഉന്മൂലനം ചെയ്യാന്‍ നമുക്ക് കഴിയുന്നില്ലെന്നതാണ് രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നം.
ഇത്രയേറെ പാഠങ്ങള്‍ മുന്നിലുണ്ടായിരുന്നിട്ടും നമ്മുടെ ജൈവ സുരക്ഷാ നിയമങ്ങള്‍ക്ക് പഴുതുകള്‍ ഏറെയാണെന്ന് വേണം മനസ്സിലാക്കാന്‍. മറ്റു വികസിത രാഷ്ട്രങ്ങള്‍ ഇത്തരം കാര്യങ്ങളിലെടുക്കുന്ന നിലപാടുകള്‍ നാം കണ്ടു പഠിക്കണം. നമ്മുടെ ആളുകളുടെയും നിയമം നിര്‍മിക്കേണ്ടവരുടെയും നിരുത്തരവാദിത്തമാണ് പ്രശ്‌ന പരിഹാരത്തിന് തടസം നില്‍ക്കുന്നത്.
നിയമങ്ങളെല്ലാം നമ്മെ ബുദ്ധിമുട്ടിക്കാനാണെന്ന ചിന്ത പ്രത്യേകിച്ചും പരിസ്ഥിതിയെ സംബന്ധിച്ച കാര്യങ്ങളില്‍ എല്ലാത്തിലും മിക്കവര്‍ക്കുമുണ്ട്. എല്ലാ പാരിസ്ഥിതിക വിഷയങ്ങളും ഒരു പോലെ കാണുന്നതിലെ അബദ്ധമാണിത്. ഒരു വികസനത്തിനു വേണ്ടി പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ചില വിട്ടു വീഴ്ചകള്‍ വേണ്ടി വരും. എന്നാല്‍ നമ്മുടെ ജൈവ സമ്പത്തിനെ നശിപ്പിക്കുന്ന വിധത്തിലുള്ള അലങ്കാര മത്സ്യ ഇറക്കുമതിക്ക് നിയന്ത്രണം കൊണ്ടു വന്നേ പറ്റൂ. ഇല്ലെങ്കില്‍ വലിയ വില നാം കൊടുക്കേണ്ടി വരും.
Leave a Reply