മലപ്പുറം: മോങ്ങത്തെ മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമി (എം എഫ് എ) സന്ദര്‍ശിക്കാനെത്തിയ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളിലൊന്നായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് (ബി വി ബി) അധികൃതര്‍ക്ക് ‘ഫുസ്ബാള്‍ സ്വീകരണം’ നല്‍കി. പുതിയ പ്രതിഭകളെ ആഗോള സൂപ്പര്‍താരങ്ങളാക്കുന്ന പദ്ധതികള്‍ക്ക് പേരുകേട്ട ജര്‍മ്മന്‍ ഫുട്്ബാള്‍ ക്ലബ്ബാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്.
ബി വി ബി ഫുട്‌ബോള്‍ അക്കാദമി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റ്യന്‍ ഡിയര്‍ക്‌സ്, ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സൗത്ത് ഈസ്റ്റ് ഏഷ്യ സീനിയര്‍ മാനേജര്‍ വെറീന ലെയ്ഡിംഗര്‍ എന്നിവരാണ് എം എഫ് എയുടെ ഗ്രാസ്‌റൂട്ട് പ്രതിഭാ വികസന പരിപാടികളെ കുറിച്ചറിയാന്‍ കേരളത്തിലെത്തിയത്. പ്രതിഭകളെ കണ്ടെത്താന്‍ എം എഫ് എ നടത്തുന്ന പദ്ധതികള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന അംഗീകാരമാണ് ബി വി ബി അധികൃതരുടെ സന്ദര്‍ശനം.

2017ല്‍ ആരംഭിച്ച എം എഫ് എയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുന്ന ഫുസ്ബാള്‍ സ്വീകരണത്തോടൊപ്പം മള്‍ട്ടിമീഡിയ അവതരണവും വിജയഗാഥകളും വ്യക്തിഗത മികവിനും വളര്‍ച്ചയ്ക്കും ഊന്നല്‍ നല്‍കിയുള്ള സമഗ്ര സമീപനവും അക്കാദമി പ്രദര്‍ശിപ്പിച്ചു.

സന്ദര്‍ശനത്തോടനുബന്ധിച്ച് എം എഫ് എയുടെ യുവ താരങ്ങളും എം എസ് പിയും തമ്മില്‍ സൗഹൃദ മത്സരം അരങ്ങേറി. പ്രസ്തുത മത്സരത്തെ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പ്രതിനിധികള്‍ അഭിനന്ദിച്ചു.

”കേരളത്തില്‍ ഫുട്ബോളിനോടുള്ള താത്പര്യം എം എഫ് എയിലെ യുവ കളിക്കാരിലൂടെ കാണുന്നത് പ്രചോദനം നല്‍കുന്നതും ഇന്ത്യന്‍ ഗ്രാസ്‌റൂട്ട് ഫുട്ബോളിന്റെ അപാരമായ സാധ്യതകളെ എടുത്തുകാണിക്കുന്നതുമാണെന്ന്’ ക്രിസ്റ്റ്യന്‍ ഡിയര്‍ക്സ് പറഞ്ഞു. ‘കായിക രംഗത്ത് ഊര്‍ജസ്വലമായ സംസ്‌കാരം കെട്ടിപ്പടുക്കുന്നതിനൊപ്പം പ്രതിഭകളെയും അക്കാദമികള്‍ക്ക് വളര്‍ത്തിയെടുക്കാമെന്നും’ അദ്ദേഹം പറഞ്ഞു.

കായിക മേഖലയെ പൊതുവിലും ഫുട്‌ബോളിനെ വിശേഷിച്ചും വിട്ടുവീഴ്ചകളില്ലാതെ പ്രോത്സാഹിപ്പിക്കാനുള്ള പ്രതിബദ്ധതയോടെയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് (മുത്തൂറ്റ് ബ്ലൂ) ഫുട്‌ബോള്‍ അക്കാദമിക്ക് തുടക്കമിട്ടത്. കളിക്കാര്‍ക്ക് അവരുടെ കഴിവ് സ്വതന്ത്രമായി പ്രകടിപ്പിക്കാനും ഫുട്ബോളറെന്ന നിലയിലും വ്യക്തിയെന്ന നിലയിലും വളരാനുള്ള അവസരമൊരുക്കാന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ച അക്കാദമി കളിയുടെ സാങ്കേതിക വശങ്ങളിലെ മികവിനോടൊപ്പം മറ്റുള്ളവരോടുള്ള ബഹുമാനവും മികച്ച ആശയവിനിമയ ശേഷിയുമുള്ള കളിക്കാരെ വാര്‍ത്തെടുക്കുകയെന്ന ഊന്നലോടെയാണ് പ്രവര്‍ത്തിക്കുന്നത്. ബൊറൂസിയ ഡോര്‍ട്ട്മുണ്ട് അധികൃതര്‍ക്ക് ആതിഥേയത്വം വഹിക്കുന്നത് മുത്തൂറ്റ് ഫുട്‌ബോള്‍ അക്കാദമിക്കും കേരളത്തിനും അഭിമാനകരമായ നിമിഷമാണെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഡയറക്ടര്‍ തോമസ് മുത്തൂറ്റ് പറഞ്ഞു.

കേരളത്തിന്റെ തനത് ഫുട്‌ബോള്‍ സംസ്‌കാരത്തില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് അധികൃതര്‍ മതിപ്പ് പ്രകടിപ്പിച്ചു. ”കേരളത്തിന്റെ ഫുട്‌ബോള്‍ സ്പിരിറ്റ് ശ്രദ്ധേയമാണെന്നും ഇത് കളിക്കാരുടെ വളര്‍ച്ചയാക്കി മാറ്റുന്നതില്‍ എം എഫ് എയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും’ വെറീന ലെയ്ഡിംഗര്‍ നിരീക്ഷിച്ചു.

2017-ല്‍ സ്ഥാപിതമായ എം എഫ് എ ഇന്ത്യയില്‍ ഗ്രാസ്‌റൂട്ട് ഫുട്‌ബോളിനെ പുനര്‍നിര്‍വചിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച പ്രധാന സ്ഥാപനമാണ്. ആള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എഐഎഫ്എഫ്) അംഗീകാരമുള്ള അക്കാദമി അത്യാധുനിക പരിശീലന സൗകര്യങ്ങളും പ്രൊഫഷണല്‍ കോച്ചിംഗും കളിക്കാര്‍ക്ക് കളിക്കളത്തിലും പുറത്തും മികവ് പുലര്‍ത്തുന്നതിനുള്ള പരിപോഷണവും നല്‍കുന്നു. എളിയ പശ്ചാത്തലത്തില്‍ നിന്നുള്ള പ്രതിഭകളെ കണ്ടെത്തുന്നതിലുള്ള അക്കാദമിയുടെ പ്രത്യേക ശ്രദ്ധ അവസരങ്ങളുടെ കുറവ് കൊണ്ട് ഒരു പ്രതിഭയും അവഗണിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. കുട്ടികളുടെ പരിശീലനം, സ്‌കൂള്‍ വിദ്യാഭ്യാസം, ഭക്ഷണം, യാത്ര, ആശുപത്രി ചിലവുകള്‍, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്ന സ്‌കോളര്‍ഷിപ്പാണ് അക്കാദമി നല്‍കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന് അക്കാദമി മുന്‍ഗണന നല്‍കുന്നു. അക്കാദമിയിലെ കുട്ടികള്‍ പ്രശസ്തമായ സ്‌കൂളുകളില്‍ മുഴുവന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നു. പഠനത്തില്‍ സഹായിക്കുന്നതിന് ട്യൂട്ടര്‍മാരുടെ പിന്തുണയും നല്‍കുന്നുണ്ട്.

തങ്ങളുടെ അക്കാദമിയിലെ കുട്ടികള്‍ വര്‍ഷം മുഴുവന്‍ ഒന്നിച്ചു താമസിക്കുകയും ഒന്നിച്ചു സ്‌കൂളില്‍ പോകുകയും ഒരുമിച്ചു പരിശീലിക്കുകയും ചെയ്യുന്നത് നിരന്തരമായ ഇടപെടലുകളിലൂടെ ശക്തമായ അടുപ്പം സ്ഥാപിക്കുകയും എല്ലാ ദിവസവും ഫുട്ബോളിനെക്കുറിച്ച് സംസാരിക്കുകയും കളി കാണുകയും കളിക്കുകയും ചെയ്യുന്ന സംസ്‌കാരത്തിന് രൂപം കൊടുക്കുകയും ചെയ്യുന്നുവെന്ന് എം എഫ് എയുടെ മുഖ്യപരിശീലകന്‍ അനീസ് കോറളിയാടന്‍ പറഞ്ഞു. പൂര്‍ണമായും തങ്ങളുടെ വികാസത്തില്‍ ശ്രദ്ധയൂന്നാന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കുന്നതാണ് അക്കാദമിയുടെ അന്തരീക്ഷത്തെ വ്യത്യസ്തമാക്കുന്നതെന്നും അദ്ദേഹം വിശദമാക്കി.

‘ഫുസ്‌ബോള്‍ സ്വീകരണം: ഗ്രാസ് റൂട്ട് ടാലന്റ് ആഗോള മികവിനെ സ്വാഗതം ചെയ്യുന്നു’ എന്ന പ്രമേയത്തില്‍ നടന്ന പരിപാടി ആഗോള ഫുട്‌ബോള്‍ ആവാസവ്യവസ്ഥയ്ക്ക് സംഭാവന നല്‍കാനുള്ള അപാരമായ സാധ്യതകളുള്ള ഗ്രാസ്‌റൂട്ട് പ്രതിഭകളുടെ കേന്ദ്രമായി കേരളത്തെ പ്രതിഷ്ഠിക്കുന്നു.

തോമസ് മുത്തൂറ്റിന്റെയും ഹന്ന മുത്തൂറ്റിന്റെയും നേതൃത്വത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ (എം പി ജി) കായിക വിഭാഗമാണ് എം എഫ് എയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തി. എം പി ജിയുടെ ഗ്രാസ്‌റൂട്ട് സ്പോര്‍ട്സിനോടുള്ള പ്രതിബദ്ധത നൂതന സൗകര്യങ്ങള്‍, വിദഗ്ധ പരിശീലനം, വ്യത്യസ്ത കമ്മ്യൂണിറ്റികള്‍ക്കുള്ള അവസരങ്ങള്‍ എന്നിവയിലെ നിക്ഷേപത്തില്‍ വ്യക്തമാണ്.

”പ്രൊഫഷണല്‍ കോച്ചിംഗ്, അത്യാധുനിക സൗകര്യങ്ങള്‍, സമഗ്രമായ പരിശീലന പരിപാടികള്‍ എന്നിവ സംയോജിപ്പിച്ച് യുവ പ്രതിഭകളെ പരിപോഷിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് എം എഫ് എയ്ക്കും മറ്റ് സ്പോര്‍ട്സ് അക്കാദമികള്‍ക്കുമുള്ള ഞങ്ങളുടെ കാഴ്ചപ്പാട്. ഇത് ഞങ്ങളുടെ കളിക്കാരുടെ മൊത്തത്തിലുള്ള വളര്‍ച്ച ഉറപ്പാക്കുന്നു,” മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ സ്‌പോര്‍ട്‌സ് ഡയറക്ടര്‍ ഹന്ന മുത്തൂറ്റ് പറഞ്ഞു.

യുവാക്കളെ ശാക്തീകരിക്കാനും ഇന്ത്യന്‍ കായിക രംഗത്തിന്റെ ബാവി രൂപപ്പെടുത്താനുമുള്ള വലിയ ദൗത്യമാണ് എം പി ജിയുടെ ശ്രമങ്ങള്‍ അടയാളപ്പെടുത്തുന്നത്.

ബൊറൂസിയ ഡോര്‍ട്ട്മുണ്ട് അക്കാദമി

പുതിയ പ്രതിഭകളെ ആഗോള സൂപ്പര്‍ താരങ്ങളാക്കി മാറ്റുന്ന യുവജന വികസന പദ്ധതികള്‍ക്ക് പേരെടുത്ത യൂറോപ്പിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ (ബി വി ബി) ഭാഗമാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഫുട്‌ബോള്‍ അക്കാദമി.
ബി വി ബിയുടെ രീതികള്‍ വിജയത്തിലേക്കുള്ള വഴികള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. ബിസിനസ് എന്നതിനേക്കാള്‍ ഫുട്‌ബോളില്‍ വേരൂന്നിയ ക്ലബ്ബ് എന്ന നിലയില്‍ അറിയപ്പെടുന്ന ബി വി ബി ‘പീപ്പിള്‍സ് ക്ലബ്’ എന്നാണ് അറിയപ്പെടുന്നത്. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ശരാശരി സ്റ്റേഡിയം ഹാജറുള്ള ക്ലബ്ബ് കൂടിയാണ് ബി വി ബി. ആളുകളെ ഒന്നിപ്പിക്കുന്നതിനും സാംസ്‌കാരിക സ്വാധീനം സൃഷ്ടിക്കുന്നതിനുമുള്ള പാരമ്പര്യമുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ട് തങ്ങളുടെ അക്കാദമിയിലൂടെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ലോകോത്തര പ്രതിഭകളെ വളര്‍ത്തിയെടുത്ത് ഫുട്‌ബോള്‍ ഐക്കണ്‍ എന്ന പദവി ഉറപ്പിക്കുകയും ചെയ്യുന്നു.

മുത്തൂറ്റ് പാപ്പച്ചന്‍ ഫുട്‌ബോള്‍ അക്കാദമി

ഇന്ത്യയിലെ യുവ ഫുട്‌ബോള്‍ പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരായ എഐഎഫ്എഫ് അംഗീകൃത സ്ഥാപനമാണ് 2017 ല്‍ സ്ഥാപിതമായ എം എഫ് എ. അത്യാധുനിക സൗകര്യങ്ങള്‍, പ്രൊഫഷണല്‍ കോച്ചിംഗ്, സമഗ്ര പ്രതിഭാ വികസന പരിപാടി എന്നിവയിലൂടെ മൈതാനത്തും പുറത്തും മികവ് പുലര്‍ത്താന്‍ എം എഫ് എ കളിക്കാരെ പ്രാപ്തരാക്കുന്നു. ഒരു പ്രതിഭയും ശ്രദ്ധിക്കപ്പെടാതെ പോകരുതെന്ന ശ്രദ്ധയാണ് എം എഫ് എ ഉറപ്പാക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
അനീസ് കോറളിയാടന്‍, മുഖ്യ പരിശീലകന്‍, എംഎഫ്എ: 99476 69944
രേണുക ബാലചന്ദ്രന്‍, എവിപി – പിആര്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്: 96868 99524

Leave a Reply

Your email address will not be published.