പാണക്കാട് തങ്ങൾ അനുഗ്രഹിച്ച രാഹുൽ വിജയിച്ചു; ജിഫ്രി തങ്ങൾ അനുഗ്രഹിച്ച പി സരിന് മൂന്നാം സ്ഥാനത്ത്; ആക്ഷേപവുമായി പി എം എ സലാം

മലപ്പുറം :പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട സരിൻ്റെ പരാജയത്തിന്റെ പിന്നിൽ സമസ്‌ത പ്രസിഡൻ്റ് ജിഫ്രി മുത്തുക്കോയ തങ്ങളാണെന്ന ധ്വനിയുമായി മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാം. കുവൈത്തിൽ നടന്ന കെ എം സി സി പരിപാടിക്കിടെയുള്ള തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെയായിരുന്നു അപക്വവും പ്രതിഷേധാർഹവുമായ സലാമിന്റെ വാക്കുകൾ. പാണിക്കാട് സയ്യിദ് മുനവ്വറലി തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു സലാം ജിഫ്രി തങ്ങൾക്കെതിരെ ആക്ഷേപം ചൊരിഞ്ഞത്.

സലാമിൻ്റെ വാക്കുകൾ: പാലക്കാടിൽ നിന്ന് വിജയിച്ച രാഹുൽ മാങ്കൂട്ടത്തിലിൻ്റെ തലയിൽ കൈ വെച്ച് അനുഗ്രഹിച്ചത് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളായിരുന്നു. ഇടതുപക്ഷ സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പോകുമ്പോൾ അദ്ദേഹത്തെ തലയിൽ കൈവെച്ച് അനുഗ്രഹിച്ച മറ്റൊരു നേതാവുണ്ടായിരുന്നു. അപ്പോൾ ആരുടെ കൂടെയാണ് കേരളത്തിലെ മുസ്ലിം സമൂഹമെന്ന് വ്യക്തമായി അംഗീകരിക്കപ്പെടുന്ന സാഹചര്യമാണിത്. അദ്ദേഹം പറഞ്ഞു.

അതിനിടെ, സരിൻ്റെയും എൽ ഡി എഫിൻ്റെയും പരസ്യം കൊടുത്ത സുപ്രഭാതം പത്രത്തെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഏതൊക്ക പത്രങ്ങളാണ് മുസ്ലിം സമുദായത്തെ അംഗീകരിക്കുന്നതെന്നും വ്യക്തമായതായും സുപ്രഭാതം ദിനപത്രത്തെ ആക്ഷേപിച്ച് കൊണ്ട് സലാം വ്യക്തമാക്കി.

അതേസമയം, സലാമിനെതിരെ സമസ്‌തയുടെ യുവജന, വിദ്യാർഥി സംഘടനകളുടെ നേതാക്കളും അണികളും രൂക്ഷമായ വിമർശനവുമായി സാമൂഹിക മാധ്യമങ്ങളിൽ രംഗത്തെത്തിയിട്ടുണ്ട്. ചേലക്കരയിൽ പരാജയപ്പെട്ട രമ്യയെ അനുഗ്രഹിച്ചത് ജിഫ്രി തങ്ങളായിരുന്നോവെന്നും പലരും വ്യക്തമാക്കി.
ഇക്കാലമത്രയും ലീഗിൻ്റെ പരാജയപ്പെട്ട സ്ഥാനാർഥികളെ എണ്ണിപ്പറഞ്ഞ് ഇവർക്കൊക്കെ ആരായിരുന്നു അനുഗ്രഹം നൽകിയതെന്നും ചോദിക്കുന്നവരുണ്ട്.

നിലവിൽ സമസ്‌ത – ലീഗ് ബന്ധം കൂടുതൽ വഷളാക്കുന്ന പ്രസ്‌താവനയാണ് സലാമിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നിലവിൽ സമസ്‌തയുടെ ഔദ്യോഗിക നേതൃത്വങ്ങളൊന്നും സലാമിന്റെ പ്രസ്‌താവനക്കെതിരെ രംഗത്തുവന്നിട്ടില്ല.


Leave a Reply

Your email address will not be published.