മലപ്പുറം :ഈയിടെ രാജ്യത്ത് പൊതുവിലും കേരളത്തിൽ പ്രത്യേകിച്ചും ഉണ്ടായിക്കൊണ്ടിരിക്കുന്ന സാമുദായിക സൗഹാർദ്ദം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളും പ്രസ്താവനകളൂം ഉത്തരവാദപ്പെട്ട രാഷ്ട്രീയ നേതൃത്വത്തിൽ നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നത് ആശങ്കാജനകമാണെന്ന് വഹ്ദത്തെ ഇസ്ലാമി ഹിന്ദ് സംസ്ഥാന പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു.

വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വഖഫ് നിയമങ്ങൾ അനുസരിച്ചു തീർപ്പുണ്ടാക്കുന്നതിനു പകരം ഇസ് ലാമിക ചിഹ്നങ്ങളെയും സാങ്കേതികപദങ്ങളേയും അവഹേളിക്കുന്നതിനും മത സ്ഥാപനങ്ങളുടെ സ്വത്തു വഹകൾ അന്യാധീനപ്പെടുത്തുന്നതിനും നടക്കുന്ന ശ്രമങ്ങൾ അനുവദിക്കാനാവുകയില്ല. ഭരണ ഘടനാപരമായും നിയമപരമായും രാജ്യത്തെ പൗരന്മാർ പരസ്പരം സൗഹൃദവും നിയമവാഴ്ചയും കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥരായിരിക്കെ, ഉത്തരവാദപ്പെട്ടവർ തന്നെ ഇത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു എന്നത് അത്യന്തം ആശങ്കാജനകവും പ്രധിഷേധാർഹവുമാണെന്ന് സംഗമത്തിൽ അവതരിപ്പിച്ച പ്രമേയത്തിൽ സൂചിപ്പിച്ചു.

ഇത്തരം പ്രവർത്തനങ്ങൾ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ ജനവിഭാഗത്തെ തെരുവിലിറക്കാനും രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കും സാമുദായിക സ്പർധയിലേക്കും നയിക്കാൻ ഇടയാക്കുമെന്നും വഹ്ദത്തെ ഇസ് ലാമി ആശങ്ക രേഖപ്പെടുത്തി. മലപ്പുറം ഗസൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സംഗമത്തിൽ ഡോ. പി എം ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി ജലാലുദ്ധീൻ സ്വാഗതമാശംസിച്ച സംഗമം കേന്ദ്ര പ്രതിനിധി ഡോ. അൻവർ അലി ഉൽഘാടനം ചെയ്തു. അടുത്ത മൂന്ന് വർഷത്തേക്കുള്ള സംസ്ഥാന സമിതി തെരഞ്ഞെടുപ്പിന് കേന്ദ്ര ശൂറ അംഗം സയ്യിദ് മുഹമ്മദ് ബുഖാരി നേതൃത്വം നൽകി.

Leave a Reply

Your email address will not be published.