മഞ്ചേരി: വീട് കേന്ദ്രീകരിച്ച് അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യുന്നെന്ന പരാതിയിൽ വനിതാ കമ്മീഷൻ റിപ്പോർട്ട് തേടി. മലപ്പുറം കളക്ടറേറ്റിൽ നടന്ന വനിത കമീഷൻ അദാലത്തിൽ മഞ്ചേരി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന നൽകിയ പരാതിയിലാണ് മഞ്ചേരി പൊലീസ്, ജില്ല വനിത സംരക്ഷണ ഓഫീസർ, ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്.
പെൺകുട്ടികൾ അടക്കമുള്ളവരെ അന്ധവിശ്വാസത്തിനിരയാക്കുകയും അതിൻ്റെ മറവിൽ ചൂഷണം ചെയ്യുകയുമാണ് ചെയ്യുന്നതെന്ന് ഈ കേന്ദ്രത്തിൽനിന്ന് പെൺകുട്ടികൾ അടക്കമുള്ളവരെ രക്ഷിച്ച സന്നദ്ധ സംഘടന പ്രവർത്തകർ നൽകിയ പരാതിയിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തര ഇടപെടലും നിയമ നടപടിയും സ്വീകരിക്കാൻ വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി നിർദ്ദേശം നൽകി.
ഇത്തരം ചൂഷണങ്ങൾ തടയാനുള്ള നിയമ നിർമ്മാണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും വനിതാ കമ്മീഷൻ ചെയർപേഴ്സൺ ആവശ്യപ്പെട്ടു.
Leave a Reply