മലപ്പുറം: പ്രശസ്തകവിയും പ്രഭാഷകനും സാംസ്കാരിക പ്രവർത്തകനുമായ വി.പി വാസുദേവൻ മാസ്റ്ററുടെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടമാണെന്ന് ആർ എം പി ഐ സംസ്ഥാന കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു. എം എൻ വിജയൻ മാഷിനൊപ്പം ഉറച്ചുനിന്ന് സി പി ഐ എമ്മിൽ നടന്ന ആശയസമരത്തിൽ സന്നദ്ധ സംഘടനാ രാഷ്ട്രീയത്തിനെതിരെ പ്രചാരണങ്ങൾ സംഘടിപ്പിച്ചതിൽ വി.പി വാസുദേവൻ മാസ്റ്റർ അതുല്യമായ സംഭാവനകൾ നൽകി.
കേരളത്തിൻ്റെ വിദ്യാഭ്യാസ പുരോഗതി അട്ടിമറിക്കുന്നതിന് ലക്ഷ്യമിട്ട ഡി.പി.ഇ.പി പരീക്ഷണത്തിൻ്റെ അപകടം തിരിച്ചറിയുകയും അതിൽ പ്രതിഷേധിച്ച് ജോലി രാജിവെക്കുകയും ചെയ്ത വി.പി. വാസുദേവൻ മാസ്റ്റർ നിലപാടുകളിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല. ചെറുകാടിൻ്റെ കളരിയിൽ സാഹിത്യ പഠനം നിർവ്വഹിച്ച വി.പി. വാസുദേവൻ മാസ്റ്റർ അധ്യാപകരെ സംഘടിപ്പിച്ച് കെ. പി. ടിയുവിനെ ശക്തിപ്പെടുത്താൻ മുന്നണിയിൽ പ്രവർത്തിച്ചു. ദേശാഭിമാനി സ്റ്റഡിസർക്കിളിൻ്റെയും പുരോഗമന കലാസാഹിത്യസംഘത്തിൻ്റെയും നേതൃനിരയിൽ പ്രവർത്തിച്ച വി.പി. വാസുദേവൻ മാസ്റ്റർ മികച്ച സാംസ്കാരിക പ്രഭാഷകൻ കൂടിയായിരുന്നു. ‘വി.പി. വാസുദേവൻ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായും ആർഎം പി ഐ സംസ്ഥാനക്കമ്മറ്റി പത്രക്കുറിപ്പിൽ വ്യക്തമാക്കി
Leave a Reply