1921ലെ സ്വാതന്ത്ര്യ സമരത്തിന് അനുയോജ്യമായ
പേര് വിപ്ലവം എന്ന് തന്നെ – കെ.ഇ.എന്‍

1921 ലെ സ്വാതന്ത്ര്യ സമരത്തിന് ഏറ്റവും ഉചിതമായ പേര് വിപ്ലവം എന്നു തന്നെയാണെന്ന് ചിന്തകനും പ്രഭാഷകനുമായ കെ.ഇ.എന്‍. മാധ്യമ പ്രവര്‍ത്തകന്‍ പി.എ.എം. ഹാരിസ് രചിച്ച നിലമ്പൂര്‍ അറ്റ് 1921 കിഴക്കന്‍ ഏറനാടിന്റെ പോരാട്ട ചരിത്രം എന്ന പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ നടന്ന പോരാട്ടത്തില്‍ സമാന്തര രാഷ്ട്രം പ്രഖ്യാപിച്ചുവെന്ന നിലയില്‍ ലോക തലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട പോരാട്ടമായിരുന്നു മലബാറില്‍ നടന്നത്. അതിനു തുല്യമായ മറ്റൊരു എതിരാളിയെയും തങ്ങള്‍ക്ക് നേരിടേണ്ടി വന്നിട്ടില്ലെന്ന് ബ്രിട്ടീഷ് ഭരണാധികാരികള്‍ തന്നെ തുറന്നു സമ്മതിച്ചിട്ടുണ്ട്. മാപ്പിള ലഹള, മഹാസമരം, കര്‍ഷക സമരം എന്നിങ്ങനെയൊക്കെ വിശേഷിപ്പിക്കുമ്പോഴും മലബാര്‍ വിപ്ലവം എന്ന പേരാണ് ഈ പോരാട്ട ചരിത്രത്തിന് ഏറ്റവും അനുയോജ്യമായതെന്ന് കെ.ഇ.എന്‍ വിശദീകരിച്ചു.

ആലി മുസ്‌ലിയാര്‍ക്കും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കും എം.പി. നാരായണമേനോനും സമശീര്‍ഷരായ സ്വാതന്ത്ര്യസമര പോരാളികളെ ചരിത്രത്തില്‍ തന്നെ അധികം കാണാന്‍ കഴിയില്ല. ബ്രിട്ടീഷ് സാമ്രാജ്യത്വവും ജന്മിമാരും സവര്‍ണ്ണ മേധാവിത്വവും ഒത്തുചേര്‍ന്ന് ഈ സമരത്തെ മറ്റൊരു വഴിയിലേക്ക് തിരിച്ചുവിടാനുള്ള ശ്രമം പഴയ കാലം മുതലുള്ളതാണ്. ചരിത്രത്തിലും അതിന്റെ പലവിധ ശ്രമങ്ങള്‍ കാണാം. ഇപ്പോള്‍ സംഘപരിവാര്‍ മലബാര്‍ വിപ്ലവത്തെ ഒരു പ്രത്യേക വംശത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം എന്ന രീതിയിലാണ് അവതരിപ്പിക്കുന്നത്. മലബാര്‍ വിപ്ലവം നൂറുവര്‍ഷം പിന്നിട്ടപ്പോഴാണ് വംശഹത്യയുടെ ഇത്തരം പുതിയ സിദ്ധാന്തങ്ങളുമായി അവര്‍ ഇറങ്ങിയിരിക്കുന്നത്

സമാന്തര രാഷ്ട്രം എന്ന നിലയിലാണ് 1921 മറ്റ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങളില്‍ നിന്നും മലബാര്‍ സമരം വേറിട്ട് നില്‍ക്കുന്നത്. ലോകം ശ്രദ്ധിച്ച ഇന്ത്യന്‍ സമരം എന്ന് തിരിച്ചറിയപ്പെട്ട ഒരു മഹാസമരത്തിന്റെ സ്മരണകളെ മലിനമാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ കേന്ദ്ര ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഒരു കാലത്താണ് പുതിയ കണ്ടെത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും ഉണ്ടാകുന്നത്. ബ്രിട്ടീഷുകാരും നിക്ഷിപ്ത താല്പര്യക്കാരുമായ ചരിത്രകാരന്മാര്‍ കണ്ടെത്തിയ വസ്തുതകളെ തകര്‍ക്കുന്ന പുതിയ വിവരങ്ങള്‍ ഇനിയും പുറത്തുവരും. മലബാര്‍ സമരം മഹാസമരം ആയിരുന്നു എന്ന കാര്യം കൂടുതല്‍ തെളിമയോടെ അംഗീകരിക്കപ്പെടുന്ന ഒരു കാലം വരുമെന്നും പറഞ്ഞു.

കോഴിക്കോട് യൂനിവേഴ്‌സിറ്റി ചരിത്ര വിഭാഗം പ്രഫസര്‍ ഡോ. കെ.എസ്. മാധവന്‍ പുസ്തകം പ്രകാശനം ചെയ്തു. വാഗണ്‍ കൂട്ടക്കുരുതിയിലെ രക്തസാക്ഷി മേലേടത്ത് ശങ്കരന്‍ നായരുടെ സഹോദരി മാധവിയമ്മയുടെ പൗത്രന്‍ മേലേടത്ത് മുകുന്ദന്‍ ആദ്യ പ്രതി ഏറ്റുവാങ്ങി. ഡോ. ഹരിപ്രിയ വാരിയന്‍കുന്നന്‍ കുടുംബാംഗം ജമീല മാലികിന് പുസ്തകം സമ്മാനിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. ചെക്കൂട്ടി അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞാലി പുസ്തകത്തെ പരിചയപ്പെടുത്തി. മഞ്ചേരി എന്‍.എസ്.എസ് കോളജ് ചരിത്ര വിഭാഗം പ്രഫസര്‍ ഡോ. ഹരിപ്രിയ, മീഡിയ വണ്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ പി. ടി. നാസര്‍, അദര്‍ ബുക്സ് എം.ഡി ഡോ. ഔസാഫ് അഹ്സന്‍, ഗ്രന്ഥകര്‍ത്താവ് പി.എ.എം. ഹാരിസ്, പ്രസാധകരായ ഡെസ്റ്റിനി ബുക്‌സ് മാനേജിംഗ് ഡയരക്ടര്‍ മാലിക് മഖ്ബൂല്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.