രവിമേലൂർ
കാലടി: ബാംബൂ കോർപ്പറേഷനെ തകർച്ചയിൽ നിന്ന് രക്ഷിക്കുക, ഈറ്റവെട്ട് പനമ്പ് നെയ്ത്തു തൊഴിലാളികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബാംബൂ വർക്കേഴ്സ് യൂണിയൻ (സിഐടിയു ) സമര പ്രഖ്യാപന കൺവെൻഷൻ നവംബർ 23ന് രാവിലെ 10മണിക്ക് കാലടി നാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കും. കൺവെൻഷൻ പി.ആർ. മുരളീധരൻ (സിഐടിയു ജില്ലാ സെക്രട്ടറി)ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് കെ.എ. ചാക്കോച്ചൻ അധ്യക്ഷത വഹിക്കും. കെ. കെ. ഷിബു,സി.കെ.സലിംകുമാർ എന്നിവർ പങ്കെടുക്കും.
ഈറ്റ പനമ്പ് മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി 1971ൽ രൂപീകരിച്ച പൊതുമേഖല സ്ഥാപനമായ ബാംബൂ കോർപ്പറേഷൻ അധികാരികളുടെ അനാസ്ഥയെ തുടർന്ന് അടച്ച് പൂട്ടൽ ഭീഷണിയെ നേരിടുകയാണ്.
ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാണ് ഇതോടെ പ്രതിസന്ധിയിൽ ആകുന്നത്. 6000 നെയ്ത്ത് തൊഴിലാളികളും 200 ഈറ്റ വെട്ട് തൊഴിലാളികളും കൂടാതെ ഈറ്റ-കാട്ടുവ ള്ളി- തഴ തൊഴിൽ ചെയ്യുന്ന പതിനായിര കണക്കിന് തൊഴിലാളികളുമാണ് ഈ മേഖലയിലുള്ളത്. ബാംബൂ കോർപ്പറേഷൻ യഥാസമയം തൊഴിലാളികൾക്ക് ഈറ്റ വിതരണം നടത്തുന്നില്ല. കിട്ടുന്ന ഈറ്റ കൊണ്ട് പനമ്പ് നെയ്താൽ യഥാസമയം കൂലി നൽകാതെ തൊഴിലാളികളെ ദ്രോഹിക്കുന്നു. അന്നന്ന് ജോലി ചെയ്തു അതിൽ നിന്ന് കിട്ടുന്ന കൂലി കൊണ്ട് ഉപജീവനം കഴിച്ചു വന്നിരുന്ന തൊഴിലാളികൾ ഇന്നു ദുരിതമനുഭവിക്കുകയാണ്.
ബാംബൂ കോർപ്പറേഷൻ ഡിപ്പോ തൊഴിലാളികൾ, ബാംബൂ ബോർഡ് ഫാക്ടറി തൊഴിലാളികൾ എന്നിവരുടെ 12 മാസത്തെ ശമ്പളം കുടിശികയാണ് . ജീവനക്കാരുടെ മറ്റ് ആനുകൂല്യങ്ങളും കുടിശ്ശികയാണ്.രണ്ടു കോടിയോളം രൂപയുടെ ബാംബൂ ബോർഡ് കെട്ടിക്കിടക്കുകയാണ്. അത് വിറ്റഴിക്കുന്നതിനുള്ള യാതൊരു നടപടിയും സ്വീകരിക്കുന്നില്ല.21 കോടി രൂപയുടെ നഷ്ടത്തിലും ബാധ്യതയിലുമാണ് ബാംബൂ കോർപ്പറേഷൻ.ഓരോ വർഷവും സർക്കാർ നൽകുന്ന സഹായവും വ്യവസായ വകുപ്പ് നൽകുന്ന വായ്പയെയും ആശ്രയിച്ചായിരുന്നു പീഡിത വ്യവസായമായ ബാംബൂ കോർപ്പറേഷൻ പ്രവർത്തനം. സർക്കാർ സഹായം പഴയതുപോലെ ഇപ്പോൾ ലഭിക്കുന്നില്ല. മുഴുവൻ സമയ മാനേജിംഗ് ഡയറക്ടർ ഇല്ലാത്തത് കോർപ്പറേഷന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരിക്കുന്നു. തൃശ്ശൂർ ആസ്ഥാനമായുള്ള സ്റ്റീൽ & ഇൻഡസ്ട്രിയൽ സ്ഥാപനത്തിലെ എംഡിയാണ് ബാംബൂ കോർപ്പറേഷന്റെയും എം.ഡി യുടെ ചാർജ് വഹിക്കുന്നത്. അദ്ദേഹം ബാംബു കോർപ്പറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പൂർണമായി ശ്രദ്ധിക്കുന്നില്ല. പുതിയ മാനേജിങ് ഡയറക്ടർ വന്നശേഷം വനത്തിൽ നിന്ന് വെട്ടിക്കൊണ്ടുവരുന്ന ഈറ്റ നെയ്ത്ത് കേന്ദ്രങ്ങളിൽ തൊഴിലാളികൾക്ക് വിതരണം ചെയ്യാതെ സ്വകാര്യ കച്ചവടക്കാർക്ക് നൽകുകയുമാ ണ് ഇപ്പോൾ ചെയ്തുവരുന്നത്. തൊഴിലാളികൾക്ക് നൽകേണ്ട ഡിഎ 58 മാസത്തെ കുടിശികയാണ്.തൊഴിലാളികൾ നെയ്തെടുത്ത ലക്ഷക്കണക്കിന് രൂപയുടെ പനമ്പ് നെയ്ത്ത് കേന്ദ്രങ്ങളിൽ കെട്ടിക്കിടന്ന് നശിച്ചുപോകുന്നു.ഇതൊന്നും ശ്രദ്ധിക്കാൻ ഒരു മാനേജ്മെന്റ് ഇല്ലാതായി തീർന്നിരിക്കുന്നു.ക്ഷേമനിധി ബോർഡിൽ നിന്നും ലഭിച്ചുവരുന്ന സാമ്പത്തിക താങ്ങൽ പദ്ധതി പ്രകാരമുള്ള ധനസഹായം ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ യഥാസമയം തൊഴിലാളികൾക്ക് ലഭിക്കുന്നില്ല.
ഈ സാഹചര്യത്തിൽ ബാംബൂ കോർപ്പറേഷനെയും തൊഴിലാളികളെയും സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും നെയ്ത്ത് കേന്ദ്രങ്ങളെ സജീവമാക്കി തൊഴിലാളികൾക്ക് യഥാസമയം ഈറ്റവിതരണം ചെയ്തു പനമ്പ ശേഖരിച്ച് യഥാസമയം കൂലി ലഭ്യമാക്കണമെന്നും, കുടിശ്ശികയുള്ള ഡിഎ അടിയന്തരമായി അനുവദിച്ചു നൽകണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കി കാലാനുസൃതമായി ആനുകൂല്യങ്ങൾ വർധിപ്പിച്ച് യഥാസമയം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് തൊഴിലാളികൾ ആരംഭിക്കാൻ പോകുന്ന പ്രക്ഷോഭ സമരത്തിന്റെ മുന്നോടിയായി നവംബർ 23ന് നടക്കുന്ന സമര പ്രഖ്യാപന കൺവെൻഷനിൽ മുഴുവൻ തൊഴിലാളികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Leave a Reply