സഹജീവികളെ ചേര്‍ത്തു പിടിച്ച ഹ്യൂമനിസ്റ്റുകള്‍

എസന്‍സ് ഗ്ലോബല്‍ ഹ്യൂമനിസം അവാര്‍ഡ് ജേതാക്കള്‍ ദുരന്ത മേഖലയിലെ അനുഭവം പങ്കുവയ്ക്കുന്നു

വയനാട്ടില്‍ മുണ്ടക്കൈ ചൂരല്‍മലയിലുണ്ടായ ഉരുളപൊട്ടലില്‍ സന്നദ്ധ പ്രവര്‍ത്തകരായ എസന്‍സ് ഗ്ലോബല്‍ പ്രവര്‍ത്തകരായ യാസിന്‍ ഒമര്‍, അഷ്റഫ് അലി എന്നിവര്‍ക്ക് ആദരസൂചകമായി കസ്റ്റോഡിയന്‍ ഓഫ് ഹ്യൂമനിസം അവാര്‍ഡ് എസന്‍സ് ഗ്ലോബല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുരന്തഭൂമിയില്‍ അക്ഷീണം പ്രവര്‍ത്തിച്ചവരെ മാതൃകാപരമായി അഭിനന്ദിക്കാനാണു സംഘടന അവാര്‍ഡ് ഏര്‍പ്പെടുത്തിയതെന്ന് ഭാരവാഹികള്‍ പറഞ്ഞു. അവാര്‍ഡ് ജേതാക്കള്‍ക്ക് എസെന്‍സ് മെഡലിയനും 25000 രൂപയും, പ്രശസ്തിപത്രവുമാണ് നല്‍കുക. ആര്‍ട്ടിക്കിള്‍ 51 A(h) ന്റെ സന്ദേശം ഉള്‍കൊണ്ട് കേരള സമൂഹത്തില്‍ ശാസ്ത്രവും സ്വതന്ത്രചിന്തയും പ്രചരിപ്പിച്ചതിനുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. 2024 ഒക്ടോബര്‍ 12ന് കോഴിക്കോട് സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ സംഘടിപ്പിക്കപ്പെടുന്ന എസന്‍സ് ഗ്ലോബലിന്റെ ശാസ്ത്ര സ്വാതന്ത്രചിന്ത സമ്മേളനം ലിറ്റ്മസ്’24 ല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

കേരളം കണ്ടതില്‍ വച്ചേറ്റവും വലിയ ദുരന്തമായിരുന്നു വയനാട്ടിലേത്. അപകടം കണ്ടവരെല്ലാം ആദ്യം പകച്ചു നിന്ന ദുരന്തം. ആ ദുരന്തത്തെ കുറിച്ച് ഓര്‍ത്തെടുക്കുകയാണ് പുരസ്‌കാരം നേടിയ യാസിന്‍ ഒമറും അഷ്‌റഫ് അലിയും. ആ ദിനം അവരലൂടെ ഇവിടെ വായിക്കാം…..

യാസിന്‍ ഒമര്‍ എഴുതുന്നു……..

ജൂലൈ 29-2024 അത് അക്ഷരാര്‍ത്ഥത്തില്‍ ഒരു കറുത്ത ദിനം തന്നെ ആയിരുന്നു…മഴ അതിന്റെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് പെയ്തുകൊണ്ടേയിരിക്കുന്നു. ഞാന്‍ വാര്‍ത്തയുടെ മുന്നില്‍ തന്നെ ആയിരുന്നു ചാനലുകള്‍ മാറ്റി മാറ്റി നോക്കിക്കൊണ്ടിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ രണ്ട് വെള്ളപൊക്കങ്ങളും നിരവധി ഉരുള്‍പൊട്ടലുകളും നടന്നിരുന്നതിനാലും മേപ്പടിയില്‍ ഇതുപോലുള്ള മഴ പെയ്ത ഒരു ദിവസമാണ് പുത്തുമല ഉരുള്‍പൊട്ടിയത് എന്നതിനാലും അന്നു രാത്രിയിലെ മഴക്ക് എനിയ്ക്ക് പതിവ് സൗന്ദര്യമൊന്നും തോന്നിയില്ല. സുഹൃത്തുക്കളെ വിളിച്ച് എന്താണ് അവസ്ഥ ആളുകളെ മാറ്റുന്നുണ്ടോ ക്യാമ്പുകള്‍ തുടങ്ങിയോ എന്നൊക്കെ അന്വേഷിച്ചു കൊണ്ടേയിരുന്നു. അപ്പോഴൊന്നും കാര്യമായ നടപടികള്‍ ഒന്നും നടന്നിരുന്നില്ല. വൈകുന്നേരം ആയപ്പോഴേക്കും പല ചാനലുകളും മേപ്പാടിയില്‍ അതിതീവ്രമായ എന്ന റിപ്പോര്‍ട്ട് ചെയ്തുകൊണ്ടേയിരുന്നു.

ഏറെ വൈകി ആണ് അന്ന് ഉറങ്ങിയത്… അതുകൊണ്ട് തന്നെ എഴുനേല്‍ക്കാന്‍ ഒരു ആറുമണി ആയി ഫോണില്‍ പത്തു നാല്പാത്തി അഞ്ചോളം മിസ്ഡ് കാളുകള്‍… അടുത്ത് നിന്നും അകലെ നിന്നും പലരും വിളിച്ചിട്ടുണ്ട്..എന്തോ സംഭവിച്ചു എന്ന് ഉറപ്പായിരുന്നു പെട്ടന്നു തന്നെ വാര്‍ത്താ ചാനല്‍ ഓണ്‍ ആക്കി നോക്കി. അതെ ഭയപ്പെട്ടത് തന്നെ സംഭവിച്ചിരിക്കുന്നു. ചൂരല്‍ മല പ്രദേശത്ത് അതിഭീകരമായ രീതിയില്‍ ഉരുള്‍ പൊട്ടിയിരിക്കുന്നു. നടുക്കം വിട്ടുമാറുന്നതിനു മുമ്പ് സാധാരണ ഇങ്ങനെ ഒരു ഡിസാസ്റ്റര്‍ ഉണ്ടായാല്‍ അവിടേക്ക് ഓടിയെത്താറുള്ള സുഹൃത്തുക്കളെയല്ലാം മാറി മാറി വിളിച്ചു ആരും ഫോണ്‍ എടുക്കുന്നില്ല……
പുത്തുമല ഉരുള്‍പൊട്ടുന്നതിനു മുമ്പ് എടുത്ത മുന്‍കരുതല്‍ നടപടികളും ആളുകളെ ഒഴിപ്പിച്ചതും നന്നായി അറിയാമായിരുന്നു.

എന്നാല്‍ ഇന്നലെ വൈകുന്നേരം കിടക്കുന്നത് വരെ ഒരു ഒഴിപ്പിക്കലിനെ കുറിച്ച് യാതൊരു വിവരവും കിട്ടിയിട്ടില്ല. ഉള്‍കിടിലെത്തോടെ ഞാന്‍ ഓര്‍ത്തു. അങ്ങനെ ആണെങ്കില്‍ ഇത് സമാനതകള്‍ ഇല്ലാത്ത ദുരന്തം ആവാന്‍ സാധ്യത ഉണ്ട്.വീണ്ടും ഫോണിലേക്ക്. പോലീസില്‍ ഉള്ള ഒരു സുഹൃത്തിനെ വിളിച്ചു അദ്ദേഹം സംഭവസ്ഥലത്തു ആണ്. സാന്ദര്‍ഭികമായി പറയട്ടെ ഈ ഡിസാസ്റ്റര്‍ നടക്കുന്നതിനു രണ്ട് ദിവസം മുന്‍പ് ഞാനും ജേഷ്ഠനും മുണ്ടക്കയിലേക്ക് വെറുതെ ഒരു ഡ്രൈവ് പോയിരുന്നു മനോഹരമായ ആ പ്രദേശത്തിന്റെ പല ചിത്രങ്ങളും പകര്‍ത്തുകയും ചെയ്തു. അന്നവിടെ പുഞ്ചിരി മറ്റത്ത് വൈകുന്നേരമിരുന്ന് സൊറ പറഞ്ഞിരുന്ന ആളുകളുടെ ദൃശ്യം മനസ്സിലൂടെ ഒരു നീറ്റലോടെ കടന്നുപോയി.

ഫോണ്‍ എടുത്ത സുഹൃത്തിനോട് എനിക്ക് ഒരൊറ്റ ചോദ്യമേ ഉണ്ടായിരുന്നുള്ളു… ഇന്നലെ രാത്രി ഏതെങ്കിലും രീതിയിലുള്ള മാസീവ് ഇവാക്കേഷന്‍ നടന്നിരുന്നോ. അദ്ദേഹം മറുപടി പറഞ്ഞത് ഒന്നും നടന്നിട്ടില്ല യാസി….ഉരുള്‍ പൊട്ടിയത് പുഞ്ചിരി മറ്റത്തിനു മുകളിലാണ് ഞങ്ങള്‍ ഇപ്പോള്‍ ഉളളതു ചൂരല്‍മലയിലും ചൂരല്‍മല ടൗണിന്റെ പകുതിയും ചെളികൊണ്ടു നിറഞ്ഞിരിക്കുന്നു……അവിടിന്നങ്ങോട്ട് മുകളില്‍ എത്ര വീടുകള്‍ പോയി എന്നോ ആരൊക്കെ മരിച്ചു എന്നോ പറയാന്‍ സാധിക്കില്ല….

മരവിച്ചു പോകുന്ന വിവരം ആണ് അദ്ദേഹം നല്‍കിയത് പിന്നീട് ചെയ്ത ഓരോ ഫോണ്‍ കോളുകളിലും എനിക്ക് ദുരന്തം എത്ര ആഴത്തില്‍ ആണ് എന്ന് മനസ്സിലായി. അവിടെ എല്ലാ വാര്‍ത്ത ചാനലുകളുടെ ആളുകളും എത്തിയിരുന്നു എന്നാല്‍ പ്രദേശവാസികള്‍ക്ക് അറിയാം അവിടെ എത്ര ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്നു എന്നുള്ള വസ്തുത. കിട്ടിയ ഇന്‍ഫര്‍മേഷന്‍ വച്ച് എനിക്ക് ഒരു കാര്യം ഉറപ്പായി മരണം മുന്നൂറിനു മുകളില്‍ ഉണ്ടാവും. വയനാടിന് പുറത്ത് നിന്ന് എന്നെ അപ്പോള്‍ വിളിച്ച സുഹൃത്തുക്കളോട് എല്ലാം ഞാന്‍ എന്റെ ഈ നിഗമനം പറയുകയും ചെയ്തു. ഒരു പത്ത് മൃതദേഹങ്ങള്‍ മാത്രം കണ്ടെടുത്തിരിക്കുന്ന ആ സമയത്ത് 300 മുകളില്‍ മരണം ഉണ്ടാകുമെന്ന് ഞാന്‍ പറഞ്ഞത് തീര്‍ച്ചയായും അവരെ അമ്പരപ്പിച്ചിട്ടുണ്ടാവും. പലരും ഞാന്‍ കൂട്ടി പറഞ്ഞത് ആണോ എന്നും കരുതി കാണും.

ഞെട്ടലില്‍ മരവിച്ചിരിക്കുമ്പോള്‍ ആണ് കാളിങ് ബെല്‍ കേട്ടത് എന്റെ ഒരു സുഹൃത്തായിരുന്നു. അവന്‍ പറഞ്ഞു എടാ ഉള്ള ഡ്രസ്സ് എല്ലാം എടുത്തോ ക്യാമ്പില്‍ ആളുകള്‍ എത്തിതുടങ്ങി എല്ലാം പോയിട്ടുണ്ട് ഒന്നും ഇല്ലെടാ… ജീവന്‍ മാത്രമേ കിട്ടീട്ടുള്ളു….

ഉപയോഗിക്കുന്ന ഡ്രസ്സ് ആയാലും എടുത്തോ…ഞങ്ങള്‍ ഉള്ള ഡ്രസ്സ് എല്ലാം വാരിക്കട്ടി മേപ്പാടി ഗവണ്മെന്റ് ഹൈ സ്‌കൂളിലേക്ക് പോയി…. ( സത്യത്തില്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ എത്തിക്കാന്‍ അന്ന് രാവിലെ പ്രദേശവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു കാരണം പുറത്തുനിന്ന് സഹായം എത്താന്‍ എന്തായാലും സമയമെടുക്കും അതുവരെ ഇട്ട് മാറാനുള്ള വസ്ത്രം ആവശ്യമായിരുന്നു..)

ടൗണ്‍ മുഴുവന്‍ പോലീസ് ഒഴിപ്പിച്ചിരുന്നു ആംബുലന്‍സുകള്‍ക്ക് വഴി ഒരുക്കാന്‍, ഒരു വാഹനവും നിര്‍ത്താന്‍ അനുവദിച്ചില്ല. ഒരു കാര്യം ഉറപ്പാണ് ദുരന്തത്തിന്റെ ഭീകരമുഖം തിരിച്ചറിഞ്ഞ മേപ്പാടിക്കാര്‍ മരവിച്ചു പോയിരുന്നു എന്നുള്ള കാര്യത്തില്‍ ഒരു സംശയവുമില്ല….. കടകള്‍ തുറക്കേണ്ട എന്ന് ആദ്യവും പിന്നീട് പല അവശ്യ സാധനങ്ങള്‍ വേണ്ടതുകൊണ്ട് തുറക്കണം എന്നും തീരുമാനിച്ചു.
കേരളം കണ്ട ഒരുപക്ഷേ ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തത്തിനാണ് സാക്ഷിയായി കൊണ്ടിരിക്കുന്നത് എന്ന് അപ്പോള്‍ തന്നെ മനസ്സിലായി. സമാനതകള്‍ ഇല്ലാത്ത രക്ഷാ ദൗത്യത്തിന് ആണ് പിന്നീട് മേപ്പാടി സാക്ഷ്യം വഹിച്ചത്. ഊണും ഉറക്കവും മറന്നുള്ള ദിവസങ്ങള്‍. ആംബുലന്‍സിന്റെ നിലയ്ക്കാത്ത ശബ്ദങ്ങള്‍ മാത്രമായിരുന്നു ആകെ ഉണ്ടായിരുന്നത്…..

മേപ്പാടി ടൗണിന്റെ ഒരറ്റത്തു ഹിന്ദുശ്മശാനവും ഒരറ്റത്ത് മുസ്ലിം പള്ളിയുമാണ് രണ്ടിടത്തും 24 മണിക്കൂറുകള്‍ നിലയ്ക്കാത്ത ശവ സംസ്‌കാരങ്ങള്‍ നടന്നു മനുഷ്യര്‍ കയ്യും മെയ്യും മറന്ന് പ്രവര്‍ത്തിച്ചു. എവിടെ നിന്നൊക്കെയാണ് ആളുകള്‍ ഇങ്ങോട്ടേക്ക് ഒഴുകിഎത്തിയത് എന്നറിയില്ല, പകച്ചു നില്‍ക്കുന്ന ഒരു ജനതയെ കൂട്ടി പിടിച്ചു കൊണ്ടുള്ള പ്രവര്‍ത്തനം. മാധ്യമങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ആരോഗ്യപ്രവര്‍ത്തകരും സന്നദ്ധ പ്രവര്‍ത്തകരും തോളോട് തോള്‍ ചേര്‍ന്ന് നിന്നപ്പോള്‍ മനുഷ്യന്റെ ഇച്ചാ ശക്തിക്ക് മുന്‍പില്‍ ദുരന്തം പോലും ചെറുതാകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.

ദുരന്തമുഖത്തും ക്യാമ്പുകളിലും ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന നൂറുകണക്കിനാളുകള്‍പുറത്ത് നിന്നും പലരും എന്നെ വിളിച്ചു എന്ത് സഹായമാണ് വേണ്ടതെന്ന് ചോദിച്ചവരോട് എല്ലാം ഞാന്‍ പറഞ്ഞത് ആവശ്യം ഉള്ളപ്പോള്‍ അറീക്കാം എന്നാണ്…

ക്യാമ്പുകളിലും മറ്റും നിരവധി സാധനങ്ങള്‍ വന്നു കുമിഞ്ഞു കൂടിയെങ്കിലും പല അവശ്യസാധനങ്ങളും അത്യാവശ്യമായി വാങ്ങേണ്ടതായി വരുന്നു എന്ന് മനസ്സിലാക്കിയപ്പോള്‍ എസന്‍സ് ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട എസ്സെന്‍സിന്റെ വയനാട് ഗ്രൂപ്പില്‍ ഈ ആവശ്യം മുന്നോട്ടുവയ്ക്കുകയും…
അപ്പോള്‍ തന്നെ അതിന് പരിഹാരം ഉണ്ടാവുകയും ചെയ്തു. ക്യാമ്പില്‍ എന്ത് അടിയന്തരാവശ്യം വന്നാലും മേപ്പാടിയില്‍ നിന്ന് കാശ് കൊടുത്ത്് വാങ്ങിച്ചു കൊടുത്തുകൊള്ളാന്‍ ക്യാഷ് കണ്ടെത്തുന്ന കാര്യം ആലോചിക്കേണ്ട എന്നും എസന്‍സ് ഗ്ലോബല്‍ ജില്ലാ ടീമും കോര്‍ ടീമും നിര്‍ദ്ദേശം തന്നു. പുകയ്ക്കാന്‍ ഉള്ള കുന്തിരിക്കം മുതല്‍ ചിരവ വരെ അങ്ങനെ സംഘടിപ്പിച്ചു നല്‍കാന്‍ സാധിച്ചു.

കുട്ടികളെ ഞങ്ങള്‍ നാട്ടിലേക്കു പറഞ്ഞയച്ചു എന്റെ പങ്കാളി ഫര്‍സീന കമ്മ്യൂണിറ്റി കിച്ചനില്‍ ആയിരുന്നു. ഞാന്‍ ക്യാമ്പുകളില്‍ അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നതിലേക്കും ആണ് ശ്രദ്ധിച്ചത്. പല നാടുകളില്‍ നിന്നെത്തിയവര്‍ പല സംഘടനയില്‍ പെട്ടവര്‍ സ്വന്തം വീട്ടില്‍ അപകടം നടന്ന പോലെ ഇവിടെ പ്രവര്‍ത്തിക്കുന്നത് കണ്ടപ്പോള്‍ പല തവണ ഹൃദയവും കണ്ണും നിറഞ്ഞു പോയിട്ടുണ്ട്. ദുരന്തത്തിനു ശേഷം ചൂരല്‍മലയില്‍ ഞാന്‍ പോകുന്നത് ജനകീയ തിരച്ചിലിന്റെ ഭാഗമായി ആണ്. മുന്‍പ് ആ പ്രദേശം കണ്ട ആളുകള്‍ക്ക് ഒരിക്കലും തിരിച്ചറിയാന്‍ ആവാത്ത വിധം ആ ഭൂപ്രകൃതി തന്നെ മാറി പോയിരുന്നു. പലരും അവരുടെ ബന്ധുക്കള്‍ ഉണ്ടായിരുന്നു ലോക്കഷന്‍ ഒക്കെ അയച്ചു തന്നിരുന്നു. എന്നാല്‍ വെറും ചെളിയും പാറക്കൂട്ടങ്ങളും മാത്രമാണ് അവശേഷിച്ചിരുന്നത്.

വൈകുന്നേരം തിരിച്ചു വരുമ്പോള്‍ പ്രിയ സുഹൃത്ത് പ്രജീഷ് പറഞ്ഞത് ഓര്‍മ്മവരുന്നു. പണ്ട് ഈ മല നിരകളിലേക്കും പ്രകൃതിയിലേക്കും നോക്കുമ്പോള്‍ എത്ര മനോഹരമായിരുന്നു. എത്ര അഹങ്കാരമായിരുന്നു ഈ പ്രകൃതി സൗന്ദര്യം മുറ്റി നില്‍ക്കുന്ന നാട്ടില്‍ ജീവിക്കുമ്പോള്‍. ഇപ്പോള്‍ ഇതൊക്കെ കാണുമ്പോള്‍ ഭയം തോന്നുന്നു. ഞാന്‍ നോക്കി.. ശരിയാണ് ചെമ്പ്ര മലയുടെ ആ സൗന്ദര്യം കാണാനേ സാധിക്കുന്നില്ല ഭീകരതയാണ് തോന്നുന്നത്. ദുരന്തം നടന്ന് ഒരു മാസം പിന്നിട്ടിരിക്കുന്നു…
ഈ ദുരന്തത്തില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയ ഏതാനും കാര്യങ്ങള്‍ കൂടെ എന്റെ ഒരു നിഗമനങ്ങള്‍ ആയി എഴുതട്ടെ. ദുരന്തത്തിനുശേഷം നടന്ന രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചോ അത് മാനേജ് ചെയ്ത രീതികളെ കുറിച്ചോ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെങ്കിലും അതിന്റെ ഏകോപനവും പ്രവര്‍ത്തനത്തിനും മാനദണ്ഡങ്ങള്‍ കൊണ്ട് വരേണ്ടതാണ്. നന്മയുള്ള മനസ്സുകള്‍ മാത്രമല്ല ദുരന്തത്തെ അവസരമായി കാണുന്ന കുറുക്കന്മാരും ദുരന്തമുഖത്തേക്ക് ഓടിയെത്താറുണ്ട് എന്നുള്ളത് ഒരു വസ്തുതയാണല്ലോ അതിനെ കുറിച്ച് അധികം എഴുതുന്നില്ല ….

എന്നാല്‍ കേരളത്തില്‍ തന്നെ ഇതിന് മുന്‍പും സമാനമായ ദുരന്തങ്ങള്‍ നടന്ന ഒരു ജില്ലയാണ് വയനാട്….
പ്രത്യേകിച്ച് മേപ്പാടി പഞ്ചായത്തില്‍. എന്നിട്ടും മാനുഷികമായി ചെയ്യാന്‍ സാധിക്കുന്ന യുക്തിസഹമായ ശാസ്ത്രീയമായ എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കാന്‍ നമുക്ക് സാധിച്ചിരുന്നോ എന്ന ചോദ്യം അവശേഷിക്കുന്നു. പ്രകൃതിയിലുണ്ടാവുന്ന ദുരന്തത്തെ തടയുന്നതില്‍ നമുക്ക് പരിമിതി ഉണ്ടാവാം എന്നാല്‍ ഈ വിഷയത്തില്‍ ശാസ്ത്രീയമായ പഠനങ്ങള്‍ നടത്തുകയും വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ ആളുകളെ പ്രാപ്തമാക്കുന്നതിനും നമ്മള്‍ എത്രമാത്രം പരാജയമാണ് എന്നതിനുള്ള ഉദാഹരണം കൂടിയാണ് ഈ ദുരന്തം.. മൂന്നുവര്‍ഷം മുമ്പ് സമാനമായ ഒരു ദുരന്തം നടന്ന ഒരു പ്രദേശമായിട്ടു പോലും സമാനമായ സാഹചര്യം വന്നപ്പോള്‍ മുന്‍ അനുഭവത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ചെയ്യാന്‍ കഴിയുമായിരുന്ന ഒന്നും ചെയ്തില്ല എന്ന് മാത്രമല്ല ആക്കാര്യത്തില്‍ പിറകോട്ടു പോവുകയാണ് ചെയ്തത്. 55 ഓളം വീടുകള്‍ നഷ്ടമായ പുത്തുമലയില്‍ മരണം പതിനെട്ടില്‍ നിര്‍ത്താന്‍ സാധിച്ചു എങ്കില്‍ ഇവിടെ ഉണ്ടായ മരണ സംഖ്യ തന്നെ ഒന്ന് പരിശോധിച്ചാല്‍ മതിയാവും… മുന്‍ അനുഭവങ്ങളില്‍ നിന്ന് നമ്മള്‍ ഒന്നും പഠിച്ചിട്ടില്ല എന്നറിയാന്‍…

ദുരന്തത്തില്‍ പൊലിഞ്ഞുപോയ ഒരുപാട് ജീവനുകളുണ്ട്,പാതി മുറിഞ്ഞു പോയ ഒരുപാടു ജീവിതങ്ങള്‍ ഉണ്ട്. കാലാവസ്ഥ വ്യതിയാനമോ മനുഷ്യന്റെ പ്രവര്‍ത്തനങ്ങളോ എന്തുമാകട്ടെ..നമ്മള്‍ ഇനിയും ഇതുപോലെ നിരവധി ദുരന്തങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. അന്ന് അതെല്ലാം നേരിടാന്‍ നമുക്ക് വെളിച്ചമാവട്ടെ ആ ജീവനുകള്‍. ഇനിയൊരു ദുരന്തമുഖത്തും ജീവനുകള്‍ പൊലിയാതിരിക്കാന്‍ ഈ അനുഭവം നാളെയുടെ മുന്‍കരുതലിന് വേണ്ടി നമുക്ക് വഴികാട്ടി ആവണം എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു…


അഷ്റഫ് അലി തന്റെ അനുഭവം എഴുതുന്നു

മുണ്ടക്കൈ ദുരന്തം ഉണ്ടായ അടുത്ത ദിവസം കാലത്ത് നാല് മണിമുതല്‍ ഗ്രന്ഥശാലയിലെ കുട്ടികള്‍ ദുരന്ത ഭൂമിയില്‍ എത്തിയിരുന്നു.യാതൊരു വിധ ഒരുക്കങ്ങളും ഇല്ലാതെയാണ് പലരും ദുരന്ത ഭൂമിയില്‍ എത്തിയത്… അത് കൊണ്ട് തന്നെ ഞാന്‍ ആദ്യം ചെയ്തത് ദുരന്ത ഭൂമിയിലുള്ള അറിയുന്ന സുഹൃത്തുക്കളെ പലരേയും വിളിച്ചു പ്രാഥമികമായി അവര്‍ക്ക് വേണ്ടിയിരുന്നത് കുടിവെള്ളവും സ്‌നാക്‌സുമായിരുന്നു. പത്ത് മണിയ്ക്ക് മുമ്പ് ആവശ്യത്തിനുള്ള വെള്ളവും ബിസ്‌കറ്റും എത്തിച്ചു കൊടുത്തു. അതു കഴിഞ്ഞ് ഉച്ചഭക്ഷണവും വൈകുന്നേരം മുതല്‍ ആളുകളെ ക്യമ്പുകളിലേക്ക് മാറ്റിത്തുടങ്ങി. രണ്ടാം ദിവസമാണ് റിപ്പണ്‍ ഹൈസ്‌കൂളില്‍ ക്യാമ്പ് ആരംഭിച്ചത്. ഇരുപത്തിയഞ്ച് ദിവസം നീണ്ടു നിന്ന ക്യാമ്പില്‍ ഇരുന്നൂറ് പേരാണ് ഉണ്ടായിരുന്നത് അവരുടെ ഭക്ഷണത്തിന്റെയും വൊളന്റിയര്‍മാരുടെ കോഡിനേഷന്റേയും ചുമതല എനിക്കായിരുന്നു. ഒപ്പം പരപ്പന്‍പാറയില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചവരുടെ കാടാശ്ശേരി ക്യാമ്പ്, പാലച്ചുരം കോളനിയില്‍ നിന്നും മാറ്റിപ്പാര്‍പ്പിച്ചവരുടെ വിഎസ്എസ് ഓഫീസിലെ ക്യാമ്പ് എന്നിവരുടെ ഭക്ഷണത്തിന്റെ ചുമതലയും എനിക്കായിരുന്നു ക്യാമ്പ് ആരംഭിച്ച ദിവസം മുതല്‍ കാലത്ത് അഞ്ച് മണിമുതല്‍ രാത്രി പത്ത് പതിനൊന്ന് മണിവരെ മുഴുവന്‍ സമയവും ക്യാമ്പില്‍ തന്നെയായിരുന്നു.

Leave a Reply

Your email address will not be published.