2025 മാർച്ച് 30ന് മാലിന്യ മുക്ത നവകേരള പ്രഖ്യാപനം നടത്തുമ്പോൾ തൃശൂർ ജില്ല ഒന്നാം സ്ഥാനത്ത് എന്ന് കേൾക്കുന്നതിന് എല്ലാ ജനവിഭാഗങ്ങളുടേയും സഹകരണം ഉണ്ടാകണമെന്ന് റവന്യൂ ഭവന വകുപ്പ് മന്ത്രി കെ.രാജൻ അഭ്യർത്ഥിച്ചു. മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പെയ്ൻ ജില്ലാ തല നിർവ്വഹണ സമിതി രൂപീകരണ യോഗം ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്ത് പറഞ്ഞു. സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റാണ് ജില്ലാതല സമിതിയുടെ ചെയര്‍പേഴ്‌സണ്‍, വൈസ് പ്രസിഡന്റ് വൈസ് ചെയര്‍പേഴ്‌സണ്‍. കണ്‍വീനര്‍ ജില്ലാ കളക്ടര്‍. കോ-കണ്‍വീനര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്. ജോയിന്റ് ഡയറക്ടര്‍ എല്‍എസ്ജിഡി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജലസേചന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുവിദ്യാഭ്യാസ ഡെ. ഡയറക്ടര്‍, ഡിഎംഒ (ആരോഗ്യം), പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്നിവര്‍ ജോയിന്റ് കണ്‍വീനര്‍മാരാകും. ജില്ലയിലെ എം.പി മാര്‍, എംഎല്‍എമാര്‍, മേയര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, പോലീസ് സൂപ്രണ്ട്, കോര്‍പറേഷന്‍ സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറിമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, സികെസിഎല്‍ മാനേജര്‍, കില ഫെസിലിറ്റേറ്റര്‍, കേരള ഗ്രന്ഥശാലാ സംഘം ജില്ലാ സെക്രട്ടറി, സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, എംജിഎന്‍ആര്‍ഇജിഎസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, എല്ലാ ജില്ലാ തല ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍, വനിതാ സംഘടനാ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ജില്ല തല സമിതി അംഗങ്ങളായിരിക്കും. കോര്‍പറേഷന്‍, മുനിസിപ്പാലിറ്റി, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് തലത്തിലും ഡിവിഷന്‍ വാര്‍ഡ് തലത്തിലും സമാന സമിതികള്‍ രൂപീകരിക്കും.
മാലിന്യ മുക്ത നവകേരളം എന്ന പേരില്‍ സംസ്ഥാനത്തു നടന്നു വരുന്ന ക്യാമ്പെയ്ന്‍ ജനകീയ സ്വഭാവത്തോടെ വിപുലീകരിച്ച് പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളിലും എത്തിച്ചേരുന്ന ശീലമാറ്റത്തിന് പ്രേരണയായി മാറുന്ന, അനുഭവ വേദ്യമായ ഫലങ്ങളുണ്ടാക്കുന്ന ക്യാമ്പെയ്ന്‍ 2025 മാര്‍ച്ച് 30 ആകുമ്പോള്‍ കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാമാക്കി പ്രഖ്യാപിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
ടൗണുകള്‍, പ്രധാന ജംഗ്ഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് ജൈവ, അജൈവ ദ്രവ മാലിന്യ സംസ്‌കരണ സംവിധനങ്ങളിലെ ഗ്യാപ്പുകള്‍ കണ്ടെത്തി പരിഹരിക്കല്‍, വലിയതോതില്‍ മാലിന്യങ്ങള്‍ രൂപപ്പെടുന്ന റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, കണ്‍വന്‍ഷന്‍ സെന്ററുകള്‍ തുടങ്ങിയ സ്ഥലങ്ങളിലെ മാലിന്യ വിടവുകള്‍ കണ്ടെത്തി പരിഹരിക്കുകയും അവിടങ്ങളില്‍ നിന്ന് പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം എത്തിച്ചേരുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യല്‍, സംസ്ഥനത്തെ മുഴുവന്‍ ടൂറിസം കേന്ദ്രങ്ങളേയും ഹരിത ടൂറിസം കേന്ദ്രങ്ങളാക്കല്‍, മുഴുവന്‍ അയല്‍ക്കൂട്ടങ്ങളും ഹരിത അയല്‍ക്കൂട്ടങ്ങളാക്കി മാറ്റല്‍, മുഴുവന്‍ ഓഫീസുകളും, പൊതുമേഖലാ സ്ഥാപനങ്ങളും, സ്‌കൂളുകളും കോളേജുകളും ഹരിത സ്ഥാപനങ്ങളാക്കി മാറ്റല്‍, മൂഴുവന്‍ നീര്‍ച്ചാലുകളും മാലിന്യരഹിതമാക്കി വീണ്ടെടുക്കല്‍ തുടങ്ങി വിവിധങ്ങളായ പ്രവര്‍ത്തന ഘടകങ്ങള്‍ ചേര്‍ന്നതാണ് ജനകീയ ക്യാമ്പെയ്ന്‍. 47 ലക്ഷത്തോളം വരുന്ന കുടുംബശ്രീ കുടുംബങ്ങള്‍, അഞ്ചു ലക്ഷത്തിലധികം വരുന്ന സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും, അഞ്ച് ലക്ഷത്തോളം യുവജന സംഘടനാ പ്രവര്‍ത്തകര്‍, 50 ലക്ഷത്തിലധികം സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍, എണ്ണായിരത്തിലധികം വരുന്ന ഗ്രന്ഥശാലകളിലെ ഒരു ലക്ഷത്തിലധികം വരുന്ന ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, മുഴുവന്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടേയും പ്രവര്‍ത്തകര്‍, സാമൂഹ്യ-സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, മത-സാമുദായിക സംഘടനകള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ക്യാമ്പെയ്‌ന്റെ വിവിധ ഘടകങ്ങളുടെ ഭാഗമാകും.
മുഖ്യമന്ത്രി അദ്ധ്യക്ഷനാകുന്ന സംസ്ഥാനതല സമിതിയാണ് ജനകീയ ക്യാമ്പെയ്‌ന്റെ പൊതു നേതൃത്വം വഹിക്കുന്നത്. തദ്ദേശ സ്വയംഭരണ വാര്‍ഡുതലം മുതല്‍ ജില്ലാ തലം വരെയുള്ള നിര്‍വ്വഹണ സമിതികള്‍ ക്യാമ്പെയ്‌ന്റെ ജനകീയത കാത്തുസൂക്ഷിക്കാനും പ്രകടവും സുസ്ഥിരവുമായ മാറ്റങ്ങള്‍ സൃഷ്ടിക്കാനും നേതൃത്വം നല്‍കും. 2024 ഒക്ടോബര്‍ രണ്ടിനാണ് ജനകീയ ക്യാമ്പെയ്‌ന് തുടക്കം കൂറിക്കുന്നത്. മാലിന്യ സംസ്‌കരണ മേഖലയുമായി ബന്ധപ്പെട്ട് നടപ്പാക്കിയ മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ക്യാമ്പെയ്‌ന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി നടത്തും. തുടര്‍ന്ന് 2025 മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ഓരോ ഘടകവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍ പൂര്‍ത്തികരിക്കുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യും. അന്താരാഷ്ട്ര ശൂന്യമാലിന്യ ദിനമായ 2025 മാര്‍ച്ച് 30 ന് സംസ്ഥാനത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കാനാണ് ലക്ഷ്യം. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി.എസ്. പ്രിൻസ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ജനകീയ ക്യാമ്പെയ്ൻ ആമുഖ പ്രഭാഷണം നടത്തി. നവകേരളം കർമ്മപദ്ധതി 2 ജില്ലാ കോർഡിനേറ്റർ ദിദിക സി ക്യാമ്പെയ്ൻ പ്രവർത്തനം വിശദീകരിച്ചു. ഡെപ്യൂട്ടി മേയർ എം.എൽ.റോസി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, കോർപറേഷൻ ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.ഷാജൻ, സബ് കലക്ടർ അഖിൽ വി.മേനോൻ എന്നിവർ ആശംസിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ഷെഫീഖ് പി.എം സ്വാഗതവും ശുചിത്വമിഷൻ അസി. ജില്ലാ കോർഡിനേറ്റർ രജനീഷ് രാജൻ നന്ദിയും പറഞ്ഞു.
ഒക്ടോബര്‍ രണ്ടിന് സംസ്ഥാന, ജില്ലാ, പ്രാദേശിക തലങ്ങളില്‍ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സൃഷ്ടിച്ച മാതൃകകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് തുടക്കമിടും. വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ആര്‍ജിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ 2025 മാര്‍ച്ച് 30 ന് സമ്പൂര്‍ണ ശുചിത്വ കേരള പ്രഖ്യാപനം നടത്തും. സമ്പൂര്‍ണ ഹരിത അയല്‍ക്കൂട്ടം, സമ്പൂര്‍ണ ഹരിത ടൂറിസം കേന്ദ്രം, സമ്പൂര്‍ണ ശുചിത്വ ഗ്രാമം, നഗരം, സമ്പൂര്‍ണ ഹരിത ഓഫീസ്, സമ്പൂര്‍ണ ഹരിത വിദ്യാലയം, കലാലയം തുടങ്ങി മേഖലകളിലെ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും.
Leave a Reply