കളമശ്ശേരി കാർഷികോത്സവം സമാപിച്ചു

കളമശ്ശേരി: ഒരാഴ്ച നീണ്ടു നിന്ന കളമശ്ശേരി കാർഷികോത്സവം സമാപിച്ചു. വിപണന പ്രദർശന മേളക്കും സമാപനമായി. സീതാറാം യച്ചൂരിയുടെ നിര്യാണത്തെത്തുടർന്ന് സമാപന സമ്മേളനവും കലാപരിപാടികളും ഒഴിവാക്കിയിരുന്നു. ജനപങ്കാളിത്തം കൊണ്ടും ഉൽപന്ന വൈവിധ്യം കൊണ്ടും ശ്രദ്ധേയമായിരുന്നു വ്യവസായ മന്ത്രി പി.രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാർഷികോത്സവത്തിൻ്റെ രണ്ടാം പതിപ്പ്.

കളമശ്ശേരി ചാക്കോളാസ് പവലിയനിൽ രണ്ട് ലക്ഷം ച. അടി വിസ്തീർണ്ണത്തിലാണ് കാർഷികോത്സവ നഗരി ഒരുക്കിയത്. 132 സ്റ്റാളുകൾ കാർഷികോൽസവത്തിൽ ഒരുക്കിയിരുന്നു. സജ്ജീകരിച്ചിട്ടുള്ളത്. കളമശ്ശേരി മണ്ഡലത്തിൽ തുടക്കം കുറിച്ച പുതിയ കാർഷിക വിളകളുടെ വിപണന മേള സന്ദർശിക്കാൻ നിരവധി പേരെത്തി. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തനം തുടങ്ങിയ മൂല്യവർധിതയൂണിറ്റുകളിൽ നിന്നുള്ള ഉൽപന്നങ്ങളും വിറ്റഴിഞ്ഞു. അട്ടപ്പാടി വനസുന്ദരി ചിക്കൻ, രാമശ്ശേരി ഇഡ്ഡലി, കുടുംബശ്രീ വിഭവങ്ങൾ, കൂവ – കൂൺ വിഭവങ്ങൾ, ചെറുധാന്യ വിഭവങ്ങൾ എന്നിവ മുതൽ പ്രമുഖ സ്റ്റാർ ക്യൂസീനുകൾ വരെ അണിനിരന്നു. കാർഷികോത്സവ നഗരിയിൽ ഒരുക്കുന്ന ലേലത്തറയിൽ നടന്ന ആട് ലേലത്തിൽ ലഭിച്ച 13000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ആട് ലേലത്തിൽ എഴുത്തുകാരൻ ബെന്യാമിനും പങ്കെടുത്തു. കലാപരിപാടികൾ എല്ലാ ദിവസവും അരങ്ങേറി. കൂടുതൽ വിപുലമായ പരിപാടികളോടെ അടുത്ത ഓണത്തിന് കാർഷികോത്സവം മൂന്നാം പതിപ്പ് സംഘടിപ്പിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

Leave a Reply

Your email address will not be published.