‘മതേതര ഇന്ത്യക്ക് കനത്ത നഷ്ടം’

ഭാരതത്തിൻ്റെ ഭരണഘടന നിലനിർത്താനും മനുഷ്യത്വം സംരക്ഷിക്കാനും ഒരായുസ്സ് മുഴുവനും ചെലവഴിച്ച സീതാറാം യെച്ചൂരി എന്ന നന്മനിറഞ്ഞ മനുഷ്യൻറെ വേർപാട് വളരെയധികം വേദനിപ്പിക്കുന്നു ഭാരതത്തിന് സംഭവിച്ച വൻ നഷ്ടങ്ങളിൽ ഒന്നാണ് അദ്ദേഹത്തിൻറെ വേർപാട്. ജീവിതത്തിൻറെ അന്ത്യഘട്ടത്തിലും ഫാസിസത്തിനോട് സന്ധിയില്ലാ സമരം നടത്തിയ നല്ല വ്യക്തിത്വത്തെ അംഗീകരിക്കുന്നു. സീതാറാം യെച്ചൂരിയുടെ മരണം ഇന്ത്യൻ ജനാധിപത്യത്തിനും മതേതരത്വത്തിനും തീരാനഷ്ടമാണ് വരുത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നും ഭിന്നമായി സിപിഎമ്മിനെ നയിച്ച ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിലെ വീരനായകനായിരുന്നു അദ്ദേഹം. ഇന്ത്യക്ക് ഏറെ അനിവാര്യമായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ വിയോഗം. ഹിന്ദുത്വ ഫാസിസത്തിനെതിരെ നാവും തൂലികയുമായി പോരാടുകയായിരുന്നു അദ്ദേഹം. ആർഎസ്എസിനെതിരെ ഇത്രയധികം ശബ്ദിച്ച രാഷ്ട്രീയ നേതാക്കൾ ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം എഴുതിയ കൃതികൾ ആ സത്യം അടയാളപ്പെടുത്തുന്നു. സിപിഎം നേതൃത്വം യെച്ചൂരിയെ പോലുള്ള നല്ല കൈകളിൽ എത്തട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം. മതേതര പാർട്ടികളുടെ തകർച്ച ഹിന്ദുത്വ ഫാസിസത്തെയാണ് വളർത്തുക.. ബംഗാളിലും ത്രിപുരയിലും നാമത് കണ്ടതാണ്. ന്യൂനപക്ഷങ്ങളുടെ വലിയ പ്രതീക്ഷയും ധൈര്യവുമായിരുന്നു യെച്ചൂരി. ഇന്ത്യാ സഖ്യത്തിന്റെ മഹാതേരാളി. രാഹുൽഗാന്ധിക്ക് ധൈര്യം പകരുന്ന നേതാവ്. കേരളത്തെ പോലെ കേന്ദ്രത്തിൽ പാർട്ടി അപചയത്തിൽ പെടാതിരിക്കാൻ യെച്ചൂരിയുടെ പിൻഗാമിക്ക് കഴിയുമെന്ന് പ്രതീക്ഷിക്കാം..
അദ്ദേഹത്തിൻറെ വേർപാട് കൊണ്ട് അദ്ദേഹത്തിന്റെ ബന്ധുമിത്രാദികൾക്കും നന്മ നിറഞ്ഞ നല്ല രാഷ്ട്രീയക്കാർക്കും മറ്റുള്ളവർക്കും ഉണ്ടായ വേദനയിൽ പങ്കുചേരുന്നു. അബുൽ കലാം ആസാദ് റിസർച്ച ഫൗണ്ടേഷന് വേണ്ടിയും സ്വന്തം നിലക്കും അനുശോചനം രേഖപ്പെടുത്തി ആദരാഞ്ജലികൾ അർപ്പിക്കുന്നു.

എന്ന് പ്രസിഡൻറ് സയ്യിദ് ഹാഷിം അൽ ഹദ്ദാദ്, ജനറൽ സെക്രട്ടറി ഡോക്ടർ കാസിമുല്‍ ഖാസിമി,
വൈസ് പ്രസിഡണ്ട് അലിയാർ കാസിമി, പ്രൊഫ. ഓമാനൂർ മുഹമ്മദ്, അഡ്വ. പിഎം നിയാസ്, അഡ്വ. എൻകെ മജീദ്, മറ്റു ഫൗണ്ടേഷൻ ഭാരവാഹികൾ.

Leave a Reply

Your email address will not be published.