കൊടിഞ്ഞി ഫൈസല്‍ വധക്കേസ് റോഡ് ഉപരോധ കേസില്‍ പരപ്പനങ്ങാടി കോതയില്‍ ഹാജറായി ജാമ്യം എടുത്ത ശേഷം പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തിലുള്ള നേതാക്കള്‍ പുറത്തേക്ക് വരുന്നു.
പരപ്പനങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് 2017-ല്‍ നടന്ന ദേശീയ പാത ഉപരോധ സമരത്തിന്റെ കേസില്‍ മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബിന് ജാമ്യം. പരപ്പനങ്ങാടി കോടതിയില്‍ നേരിട്ട് ഹാജറായാണ് മുസ്്‌ലിംലീഗ് നേതാവ് കൂടിയായ അബ്ദുറബ്ബ് ജാമ്യം നേടിയത്. 2016 നവംബര്‍ 19-ന്് പുലര്‍ച്ചെ ആര്‍.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ മാസം രണ്ട് പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്ത നടപടിക്കെതിരെ 2017 ജനുവരി 19 നാണ് അന്നത്തെ തിരൂരങ്ങാടി എം.എല്‍.എയായിരുന്ന പി.കെ അബ്ദുറബ്ബിന്റെ നേതൃത്വത്തില്‍ റോഡ് ഉപരോധ സമരം നടന്നിരുന്നു.
ആദ്യം ചെമ്മാട് ടൗണ്‍ ഉപരോധിച്ച ശേഷം നടപടിയാകാത്തതിനെ തുടര്‍ന്ന് ഉച്ചയോടെ ദേശീയ പാത ഉപരോധിക്കുകയായിരുന്നു. അന്നത്തെ ഉപരോധം മണിക്കൂറോളം നീണ്ടു നിന്നിരുന്നു. ആ സമരത്തില്‍ കെഎസ്.ആര്‍.ടി.സി ബസ് തകര്‍ക്കപ്പെട്ടു എന്ന കേസിലാണ് അബ്ദുറബ്ബും കൂട്ടാളികളും ഇന്ന് കോടതിയില്‍ ഹാജറായി ജാമ്യം നേടിയത്. അഡ്വ.ഹനീഫയായിരുന്നു വക്കീല്‍. ജാമ്യം അനുവദിച്ച കോടതി 2024 നവംബര്‍ ആറിന് കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു.
തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ്, തിരൂരങ്ങാടി മുന്‍സിപ്പല്‍ മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍ കുട്ടി, നഗരസഭ സഭ കൗണ്‍സിലര്‍ മഹ്ബൂബ് ചുള്ളിപ്പാറ, നിയമ സഹായ സമിതി ട്രഷറര്‍ പാലക്കാട്ട് അബ്ദുല്‍ ലത്തീഫ്, നരിമടക്കല്‍ നൗഷാദ്, ഇബ്രാഹീം കുട്ടി, ബാവ എന്നിവരാണ് അബ്ദുറബ്ബിനൊപ്പം കോടതിയില്‍ ഹാജറായി ജാമ്യം നേടി. സമാധാന പരമായി സമരം ചെയ്തതെല്ലാതെ ബസ്സോ മറ്റോ തകര്‍ക്കപ്പെട്ടിട്ടില്ലെന്നും ഇത് വ്യാജ കേസാണെന്നും നേതാക്കള്‍ പറഞ്ഞു.
ഈ സമരത്തെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്‍പ്പിക്കുന്നതും പ്രതികളായി ഒളിവില്‍ കഴിഞ്ഞിരുന്ന മഠത്തില്‍ നാരായണന്‍ ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നതും. കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ 15 പ്രതികളാണുള്ളത്. കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിയമിക്കാത്തതിനാല്‍ ഇത് വരെയും വിചാരണ തുടങ്ങിയിട്ടില്ല. 207 സാക്ഷികളുള്ള കേസ് തിരൂര്‍ ജില്ലാ കോടതിയിലാണ് ഇപ്പോഴുള്ളത്.
Leave a Reply