തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ

തിരൂരിന്റെ കാരണവർക്ക് 101-ാം പിറന്നാൾ

കെ പി ഒ റഹ്മത്തുള്ള

തിരൂർ: ഒരു നൂറ്റാണ്ടിന്റെ ഓർമ്മകൾ അയവിറക്കുകയാണ് തിരൂരിന്റെ കാരണവരായ അഡ്വക്കേറ്റ് വി.എം.കെ. അഹമ്മദ്. തിരൂരിന്റെ മത, സാമൂഹ്യ, സാംസ്കാരിക, നിയമ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വി. എം.കെ., പ്രായത്തിന്റെ അവശതകൾ പരിഗണിക്കാതെ ഗതകാല സ്മരണകൾ അയവിറക്കാൻ മനസ്സ് തുറന്നു.

സ്വാതന്ത്ര്യ സമര സേനാനിയും മുൻ കേന്ദ്ര മന്ത്രിയും ആയിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോന്റെ ജൂനിയറായി ആരംഭിച്ച അഭിഭാഷക വൃത്തി, ഏകദേശം മുക്കാൽ നൂറ്റാണ്ടോളം നീണ്ടു നിന്നു. കോടതി വ്യവഹാരത്തോടൊപ്പം സാമൂഹ്യ സാംസ്കാരിക പ്രവർത്തനത്തിലും അദ്ദേഹം നിറഞ്ഞുനിന്നു.

ആലുവാക്കടുത്ത് പാനായിക്കുളത്ത് വേഴപ്പിള്ളി തറവാട്ടില്‍ മമ്മുക്കുട്ടി – പാത്തുമ്മ ദമ്പതിമാരുടെ ഏറ്റവും ഇളയ മകനായിട്ടാണ്‌ 1924 ൽ വിഎം കൊച്ചഹമ്മദ് ജനിക്കുന്നത്.

അമ്മാവനും പ്രശസ്ത മത പണ്ഡിതനുമായ പാനായിക്കുളം അബ്ദുർറഹിമാൻ മുസ്ലിയാരുടെ (പുതിയാപ്ല അബ്ദുർറഹിമാൻ മുസ്ലിയാർ) ദർസിൽ നിന്ന് കിട്ടിയ മത വിദ്യാഭ്യാസവും ആ കാലത്ത് പഠിച്ച തർക്കശാസ്ത്ര ഗ്രന്ഥങ്ങളും തുടർന്നുള്ള പ്രയാണത്തിന്ന് ഊർജ്ജം പകർന്നതായി അഹമ്മദ് വക്കീൽ പറയുന്നു.

വീട്ടിൽ വന്നിരുന്ന ട്യൂഷൻ മാഷുടെ നിർബന്ധത്തിന് വഴങ്ങിയാണ് പിതാവ്, പാനായിക്കുളം പ്രൈമറി സ്കൂളിൽ ചേർത്തത്. തുടർന്ന് ആലുവ യു.സി. കോളേജിൽ ഇന്റർമീഡിയറ്റിന് ചേർന്നെങ്കിലും ഇടക്ക് പഠനം നിർത്തി. പിന്നീട് തമിഴ്നാട്ടിലെ വാണിയമ്പാടി ഇസ്ലാമിയ കോളേജിൽ നിന്ന് Intermediate, B.Com. പഠനത്തോടൊപ്പം ഉറുദു , പേർഷ്യൻ, തമിഴ്, അറബി ഭാഷകളിൽ പ്രാവീണ്യം നേടി. തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി,
പ്രമുഖ അഭിഭാഷകൻ ആയിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ്റെ ജൂനിയർ ആയിട്ട് പ്രാക്ടീസ് ആരംഭിച്ചു. അദ്ദേഹം തിരു – കൊച്ചി മുഖ്യമന്ത്രി ആയതോടെയാണ്‌ അഹമ്മദ് വക്കീൽ സുഹൃത്തായ അഡ്വ. എ.വി. മുഹമ്മദ് വഴി കോഴിക്കോട് എത്തുന്നത്.1953 കാലഘട്ടത്തിൽ കോഴിക്കോട് മുതിർന്ന വക്കീലായ കേരളവർമ്മ രാജയുടെ ജൂനിയർ ആയിട്ടാണ് പ്രാക്ടീസ് ആരംഭിക്കുന്നത്.

2 വർഷങ്ങൾക്ക് ശേഷം തന്റെ വ്യവഹാര കളരി തിരൂരിലേക്ക് അദ്ദേഹം മാറ്റി. തിരൂരിലെ ആദ്യത്തെ മുസ്ലിം അഭിഭാഷകനാണ് അഹമ്മദ് വക്കീൽ. തിരൂരിലെ പാൻബസാറിലെ വെറ്റില മാർക്കറ്റ് പ്രശസ്തമായിരുന്നു. പ്രധാനമായും വെറ്റില കയറ്റി അയച്ചിരുന്നത് ഉത്തരേന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമായിരുന്നു. ഇവരുമായുള്ള വ്യവഹാരങ്ങളിൽ ഉറുദു പ്രധാന ഘടകമായിരുന്നു. അങ്ങിനെയാണ് ഉറുദു അനായാസം കൈകാര്യം ചെയ്യുന്ന അഹമ്മദ് വക്കീൽ തിരൂരിൽ സ്ഥാനം ഉറപ്പിക്കുന്നത്. തിരൂരിലെ കുന്നിൻ മുകളിലുള്ള മജിസ്ട്രേറ്റ് കോടതിയിലാണ് അദ്ദേഹം നിയമ പോരാട്ടത്തിന് തുടക്കം കുറിക്കുന്നത്. പ്രമാദമായ പല കേസുകളും അദ്ദേഹം ഏറ്റെടുത്ത് വിജയിച്ചിട്ടുണ്ട്. മുത്തനൂർ കേസ്, വടക്കാഞ്ചരി പൈതൽ ജാറം കേസ്…… എന്നിവ അവയിൽ ചിലതാണ്. പല കേസുകളിലും ഹാജരായി കേസ് നടത്തിയിട്ടുണ്ടെങ്കിലും മുത്തനൂർ കേസാണ് ദീർഘ കാലം ഓർമിക്കപ്പെടുന്നത്.

തിരൂരിന്റെ മത സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ അദ്ദേഹം നിറസാന്നിധ്യമായിരുന്നു. ബാർ അസോസിയേഷൻ, എം.ഇ.എസ്, എം.എസ്. എസ്., ലയൺസ് ക്ലബ്,റോട്ടറി ക്ലബ്ബ്, തുടങ്ങിയ ഒട്ടനവധി സംഘടനകളിൽ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.

താഴെപ്പാലംപള്ളി, ടൗൺ പള്ളി, റെയിൽവേ സ്റ്റേഷൻ പള്ളികളിൽ അദ്ദേഹം പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ജംഇയ്യത്തുൽ തർബിയ്യത്തില്‍ ഇസ്ലാമിയയുടെ പ്രസിഡണ്ടാണ്‌ .

തിരൂരിലെ പൗരപ്രമുഖരുമായുള്ള ഊഷ്മളമായ ബന്ധമാണ് പൊതുരംഗത്തേക്ക് കടന്നുവരാൻ കാരണമായത്. സയ്യിദ് അബ്ദുർറഹ്മാൻ ബാഫഖി തങ്ങൾ, പാണക്കാട് പൂക്കോയ തങ്ങൾ, പുത്രന്മാരായ മുഹമ്മദലി ശിഹാബ്, ഹൈദരലി ശിഹാബ്, ഉമറലി ശിഹാബ്, സയ്യിദ് ഉമർബാഫഖി തങ്ങൾ, മുൻ മുഖ്യമന്ത്രി CH മുഹമ്മദ് കോയ, മുൻ സ്പീക്കർ മൊയ്തീൻകുട്ടി എന്ന ബാവ ഹാജി, മന്ത്രിമാരായ U.A. ബീരാൻ സാഹിബ്, ചാക്കീരി അഹമ്മദ് കുട്ടി, അവുക്കാദർ കുട്ടി നഹ, E. അഹമ്മദ്, ET മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി എം പി, എം.എൽ.എ.മാരായ പി ടി കുഞ്ഞുട്ടി ഹാജി, M.M. മൊയ്തീൻ കുട്ടി, സി. മമ്മൂട്ടി, പി പി അബ്ദുള്ളക്കുട്ടി, കെപിസിസി പ്രസിഡൻ്റ് ആയിരുന്ന പി കെ മൊയ്തീൻകുട്ടി സാഹിബ്, ഡോ. സി എം കുട്ടി, കോൺഗ്രസ് നേതാവായ അസിനാർ കുട്ടി, കെ പി ഒ മൊയ്തീൻകുട്ടി ഹാജി, ടി വി മുഹമ്മദ് ഹാജി, ടി ഇ അബൂബക്കർ ഹാജി, പുഷ്കരാക്ഷ മേനോൻ, ജസ്റ്റീസ് SK ഖാദർ, അഡ്വ. കുഞ്ഞിരാമ മേനോൻ, അഡ്വ. വിജയരാഘവ വാര്യർ,കൈനിക്കര മമ്മി ഹാജി, ആലിക്കുട്ടി ഡോക്ടർ, ബി പി അങ്ങാടി ആലിക്കുട്ടി സാഹിബ്, മദിരാശി അബൂബക്കറാക്ക, പരിയാരത്ത് ബാവാ ഹാജി, സി കെ ഹമീദ് ഹാജി, കൈനിക്കര മുഹമ്മദ് ഹാജി, ബാവ ഡോക്ടർ, അബ്ദുള്ളക്കുട്ടി വക്കീൽ, മുസ്‌ലിം മത സംഘടനകളുടെ പ്രമുഖ നേതാക്കന്മാർ തുടങ്ങിയവരൊക്കെ വക്കീലുമായി അടുത്ത ബന്ധമുള്ളവരായിരുന്നു.

ചേന്നമംഗലത്തെ അഞ്ചാം പരുത്തി തറവാട്ടിലെ ഖദീജയാണ് സഹധർമ്മിണി. ഡോക്ടർ സഫിയ, ഹഫ്സാ, ഡോക്ടർ മുഹമ്മദ് സുബൈർ, അബ്ദുൽ ലത്തീഫ് (റിട്ടയേർഡ് കെ എസ് ഇ ബി ഇഞ്ചിനിയർ), മുഹമ്മദ് ഹാരിസ് (ബിസിനസ്) എന്നിവർ മക്കളാണ്. വാർദ്ധക്യസഹജമായ പ്രയാസങ്ങൾ കാരണം കഴിഞ്ഞ ഏഴു വർഷമായി പ്രാക്ടീസ് നിർത്തിയിരിക്കുകയാണ്. തന്റെ മുക്കാൽ നൂറ്റാണ്ട് കാലത്തെ നിയമ പോരാട്ടങ്ങളുടെ ഓർമ്മകളുമായി തിരൂർ ജില്ലാ ആശുപത്രിക്ക് സമീപമുളള വീട്ടിൽ ഭാര്യയോടും ഇളയ മകന്റെ കുടുംബത്തോടുമൊപ്പം വിശ്രമജീവിതം നയിക്കുകയാണ് തിരൂരിൻ്റെ കാരണവർ.

Leave a Reply

Your email address will not be published.