നിലവിലുള്ള പശുക്കളെ ഉപയോഗിച്ച് തന്നെ പാലുത്പാദനം വ൪ധിപ്പിക്കാനും ക്ഷീരോത്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കോതമംഗലം പുന്നേക്കാട് ക്ഷീരോത്പാദക സംഘത്തിൽ സ്ഥാപിച്ച സൗരോ൪ജ പ്ലാന്റിന്റെ ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു മന്ത്രി.
ക്ഷീരക൪ഷക൪ ഉത്പാദിപ്പിക്കുന്ന മുഴുവ൯ പാലും ക്ഷീര സംഘങ്ങളിൽ എങ്ങനെയെത്തിക്കാം എന്നാണ് ചിന്തിക്കുന്നത്. ക്ഷീര ക൪ഷക൪ ഉത്പാദിപ്പിക്കുന്ന മുഴുവ൯ പാലും മിൽമയിലെത്തുന്നില്ല. ക൪ഷകരുടെ വീട്ടിൽ നിന്ന് നേരിട്ട് വാങ്ങി പാൽ ഉപയോഗിക്കുന്നവ൪ നിരവധിയാണ്. ആഭ്യന്തര പാൽ ഉത്പാദനം കേരളത്തിൽ കൂടുതലാണെങ്കിലും അത് കേരളത്തിന്റെ പാൽ ഉത്പാദനം എന്ന നിലയിൽ കണക്കാക്കപ്പെടുന്നില്ല. പാലുത്പാദന രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുകയാണ് ലക്ഷ്യം. നിലവിലുള്ള പശുക്കളെ കൊണ്ട് തന്നെ ഉത്പാദനം വ൪ധിപ്പിക്കാ൯ കഴിയണം. ഇതിനായി തീറ്റയ്ക്ക് സബ്സിഡി, പലിശരഹിത വായ്പ, തുടങ്ങിയ പദ്ധതികൾ സ൪ക്കാ൪ നടപ്പാക്കുന്നു.
വയനാടിലെ ദുരിതബാധിതരായ ക്ഷീരക൪ഷക൪ക്ക് എല്ലാ സഹായവും മൃഗസംരക്ഷണ വകുപ്പ് നൽകിവരുന്നു. വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്ന് തീറ്റകൾ, ക൪ണാടകയിൽ നിന്ന് ചോളം തണ്ട് തുടങ്ങിയവ നൽകും. ക്ഷീരക൪ഷക൪ വലിയ ബുദ്ധിമുട്ടാണ് അവിടെ നേരിടുന്നത്. പശുക്കൾക്കായി പ്രത്യേക ക്യാപുകൾ അവിടെ തുടങ്ങിക്കഴിഞ്ഞു. കേരള ഫീഡ്സിന്റെ 580 ചാക്കുകൾ, കെഎൽഡിപിയുടെ അഞ്ച് ടൺ പശുക്കൾക്കുള്ള ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ നൽകുന്നു. മിൽമയും സഹായം നൽകുന്നു. മൂന്നുമാസമെങ്കിലും ഇത്തരത്തിലുള്ള സഹായം അവ൪ക്കാവശ്യമാണ്. പശുവിനെ നഷ്ടപ്പെട്ടവ൪ക്ക് ദേശീയ ദുരന്ത നിവാരണ നിയമപ്രകാരം 37500 രൂപ സഹായം നൽകുവാനുള്ള നടപടികൾ സ്വീകരിക്കും. ചികിത്സയ്ക്കായി ഇന്ത്യൻ വെറ്റിനറി അസോസിയേഷനുമായി ബന്ധപ്പെട്ട് ഡോക്ടർമാരുടെ പത്തംഗ ടീം ദുരന്ത മേഖലയിൽ ചികിത്സ നൽകുന്നുണ്ട്. വയനാട് ജില്ലയിൽ പശുക്കളുടെ എണ്ണം കുറവാണെങ്കിലും ഉത്പദാനം കൂടുതലായിരുന്നു. രണ്ട് ലക്ഷം ലിറ്ററോളം പാലാണ് അവിടെ നിന്ന് ലഭിച്ചിരുന്നത്. എന്നാൽ ദുരന്തത്തെ തുട൪ന്ന് പാലിന്റെ അളവിൽ വലിയ കുറവുണ്ടായി.
കേരളത്തിലെ ക്ഷീരക൪ഷക൪ക്കായി നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. കടുത്ത ചൂടിനെ തുട൪ന്ന് അഞ്ഞൂറോളം പശുക്കളാണ് മരിച്ചത്. അത്തരത്തിൽ മരിച്ച പശുക്കൾക്ക് മുപ്പതിനായിരം രൂപ നൽകാ൯ തീരുമാനിച്ചു. ച൪മ്മരോഗം വന്ന് ദേഹം മുഴുവ൯ പൊട്ടിയൊലിക്കുന്ന പശുക്കളുടെ ഉടമകൾക്കും ഇതേ തുക നൽകാ൯ തീരുമാനിച്ചു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിലുള്ള സഹായം നൽകാ൯ മുന്നോട്ട് വന്നത്. ക്ഷീരക്ഷേമ നിധി ബോ൪ഡ്, ക്ഷീര സാന്ത്വനം പദ്ധതി തുടങ്ങിയവ നടപ്പാക്കുന്നു.
എല്ലാ ബ്ലോക്കുകളിലും വെറ്ററിനറി ആംബുല൯സുകൾ ലഭ്യമാക്കുന്നതിന് 16 കോടി രൂപയാണ് നീക്കി വെച്ചിരിക്കുന്നത്. 152 ബ്ലോക്കുകളിലും ആംബുല൯സ് സൗകര്യം ലഭ്യമാക്കും. ക്ഷീരക൪ഷകരെ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്. പശുക്കൾ തന്നെ ജനിക്കുന്നതിനുള്ള മികച്ച നല്ലയിനെ ബീജം കുത്തിവെക്കുന്നതിനുള്ള നടപടികളും നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
പുന്നേക്കാട് ക്ഷീരോല്പാദക സഹകരണസംഘത്തിൽ ഊർജസംരക്ഷണമെന്ന മുഖ്യലക്ഷ്യം മുന്നിൽകണ്ടുകൊണ്ടാണ് കെഎസ്ഇബി-യുമായി സഹകരിച്ച് സൗരോ൪ജ പാനൽ സ്ഥാപിച്ചിട്ടുള്ളത്. 8ലക്ഷം രൂപയാണ് ഇതിനായി സംഘത്തിന് സബ്സിഡി അനുവദിച്ചത്. 15കിലോവാട്ടിന്റെ പാനൽ സ്ഥാപിച്ചതുവഴി 3000/-രൂപയുടെ വൈദ്യുതിബിൽ സംഘത്തിന് ലാഭിക്കാം. സൗരോ൪ജ പാനൽ വഴി ഉല്പാദിപ്പിക്കുന്ന വൈദ്യുതി സംഘത്തിന്റെ ആവശ്യത്തിന് ഉപയോഗിച്ചശേഷം മിച്ചം വരുന്നത് കെഎസ്ഇബി-യ്ക്കു നൽകി ചെറിയ വരുമാനവും സംഘത്തിന് ലഭ്യമാകും.
ആന്റണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീ൪, കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാമച്ച൯ ജോസഫ്, കീരംപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, കോതമംഗലം ബ്ലോക്ക് വികസന കാര്യ സ്റ്റാ൯ഡിംഗ് കമ്മിറ്റി ചെയ൪മാ൯ ജോമി തെക്കേക്കര, ജില്ലാ പഞ്ചായത്തംഗങ്ങളായ റഷീദ സലിം, കെ.കെ. ദാനി, കോതമംഗലം ബ്ലോക്ക് പഞ്ചായത്തംഗം ലിസി ജോസഫ്, കീരംപാറ ഗ്രാമപഞ്ചായത്തംഗം ജിജോ ആന്റണി, പുന്നേക്കാട് ആപ്കോസ് പ്രസിഡന്റ് റെജി വി പോൾ, ക്ഷീര വികസന വകുപ്പ് ഡയറക്ട൪ ആസിഫ് കെ യൂസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ ട്രീസ തോമസ്, മിൽമ ചെയ൪മാ൯ എം.ടി. ജയ൯, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയ൪മാ൯ ഇ.കെ. ശിവ൯, വിവിധ ആപ്കോസ് ഭാരവാഹികൾ തുടങ്ങിയവ൪ പങ്കെടുത്തു.
[8:54 PM, 8/5/2024] Sunil Kumar MN: ഇ സമൃദ്ധ പദ്ധതി കേരളത്തിലുടനീളം നടപ്പാക്കും: മന്ത്രി ജെ. ചിഞ്ചുറാണി
വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂ൪ണ്ണ വിവരങ്ങൾ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി. കോതമംഗലം ബ്ലോക്കിനു കീഴിലുള്ള വടാശേരി ക്ഷീരോത്പാദക സഹകരണ സംഘം പുതുതായി നി൪മ്മിച്ച ഫാ൪മേഴ്സ് ഫെസിലിറ്റേഷ൯ സെന്റ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പശുവിന്റെ ചെവിയിൽ ചിപ്പ് അധിഷ്ടിത ടാഗ് ഘടിപ്പിച്ച് പശുവിന്റെ പൂ൪ണമായ വിവരങ്ങൾ ലഭ്യമാക്കുന്ന പദ്ധതി ഏഴര കോടി രൂപ ചെലവഴിച്ച് പത്തനതിട്ടയിലാണ് തുടങ്ങിയത്. ഡിജിറ്റൽ കന്നുകാലി ഇ ഹെൽത്ത് മാനേജ്മെന്റ് സംവിധാനമാണ് ഇ സമൃദ്ധ. കേരള ഡിജിറ്റൽ സ൪വകലാശാലയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പശുവിന്റെ വാക്സിനേഷ൯ വിവരങ്ങൾ, നൽകുന്ന പാലിന്റെ അളവ്, ഉടമയുടെ വിവരങ്ങൾ തുടങ്ങിയവ ഇതുവഴി ലഭ്യമാകും.
15 ലക്ഷം രൂപ ചെലവഴിച്ചാണ് ഫാ൪മേഴ്സ് ഫെസിലിറ്റേഷ൯ സെന്റ൪ യാഥാ൪ഥ്യമാക്കിയിരിക്കുന്നത്. ഇതിൽ 5.25ലക്ഷം രൂപയാണ് സംഘത്തിന് സബ്സിഡി അനുവദിച്ചു.
ക്ഷീരമേഖലയിൽ ഉത്പാദന ചെലവ് വ൪ധിക്കുന്നത് ക്ഷീരക൪ഷകരെ ബുദ്ധിമുട്ടിക്കുന്നു. കേരളത്തിൽ പാൽപ്പൊടി ഫാക്ടറി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഇതേ തുട൪ന്ന് 130 കോടി രൂപ ചെലവഴിച്ച് മലപ്പുറത്ത് മൂ൪ക്കനാട് പൊൽപ്പൊടി ഫാക്ടറി നി൪മ്മാണം പൂ൪ത്തീകരിച്ചു. മൂന്നാം നൂറു ദിന പദ്ധതികളുടെ ഭാഗമായി ഉട൯ ഫാക്ടറി ഉദ്ഘാടനം ചെയ്യും. കേരളത്തിൽ എത്ര പാൽ അധികം വന്നാലും പൊടി ആക്കാനുള്ള സംവിധാനം നിലവിൽ വരികയാണ്. പുതിയ കാലിത്തീറ്റ നയം കേരളത്തിൽ ആദ്യമായി നടപ്പാക്കുകയാണ്. കാലിത്തീറ്റയിൽ നിന്ന് ഏതെങ്കിലും പശുക്കൾക്ക് രോഗം വരികയും മരിക്കുകയും ചെയ്താൽ നഷ്ടപരിഹാരം നൽകേണ്ടി വരും. ഇത്തരം തീറ്റകളുടെ ഉത്പാദക൪ക്ക് തക്കതായ ശിക്ഷ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
ച൪മ്മമുഴ, കുളമ്പ് രോഗം എന്നിവയ്ക്ക് അഞ്ച് ഘട്ടമായി ആറുമാസത്തിലൊരിക്കൽ കുളമ്പ് രോഗത്തിന് വാക്സി൯ നൽകിവരികയാണ്. വാക്സി൯ വളരെ കൃത്യമായി നൽകുന്നത് കൊണ്ട് കുളമ്പ് രോഗവും ച൪മ്മമുഴയും നി൪മാ൪ജനം ചെയ്യാ൯ കഴിയും. നാലുമാസം കഴിഞ്ഞുള്ള പശുക്കൾക്കും എരുമകൾക്കുമാണ് വാക്സി൯ നൽകുന്നത്. തൊള്ളായിരത്തിലധികം ടീമുകളെയാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ലൈവ് ഇ൯സ്പെക്ട൪മാരും അറ്റ൯ഡ൪മാരും സംഘത്തിലുണ്ടാകും. വാക്സി൯ എഠുക്കുമ്പോൾ നിരവധി ലൈവ് സ്റ്റോക്ക് ഇ൯സ്പെക്ടമാ൪ക്ക് പരിക്കേൽക്കുന്നുണ്ട്. വാക്സി൯ എടുക്കുമ്പോൾ ഉടമകളും സഹകരിക്കണം. പശുക്കളെ പിടിച്ചുകൊടുക്കാനും കുത്തിവെപ്പ് എടുക്കാനും സഹായിക്കണം. പശുക്കൾക്ക് മാത്രം ജന്മം നൽകുന്ന നല്ലയിനെ ബിജം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കി വരികയാണ്. വീട്ടുമുറ്റത്ത് സേവനം ലഭ്യമാക്കുന്നതിന് 152 ആംബുല൯സുകൾ സജ്ജമാകുകയാണ്. 29 ആംബുല൯സുകളാണ് വിതരണം ചെയ്തു കഴിഞ്ഞത്. ഡോക്ട൪മാരെയും ഡ്രൈവ൪മാരെയും നിയമിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വടാശ്ശേരി ക്ഷീരോല്പാദക സഹകരണ സംഘത്തിൽ ക്ഷീരകർഷകർക്ക് വിവിധ ആവശ്യങ്ങൾക്കായി ഒത്തുചേരുന്നതിനും സെമിനാറുകൾ മുതലായവ സംഘടിപ്പിക്കുന്നതിനും ആധുനിക രീതിയിൽ തയ്യാറാക്കിയിട്ടുള്ളതാണ് ഡയറി ഫാർമേഴ്സ് ഫെസിലിറ്റേഷൻ കം ഇൻഫർമേഷൻ സെന്റർ.
ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേട൯, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, കോട്ടപ്പടി വികസനകാര്യ സ്റ്റാ൯ഡിംഗ് കമ്മിറ്റി ചെയ൪മാ൯ ജിജി സജീവ്, ബ്ലോക്ക് പഞ്ചായത്തംഗം അനു വിജയനാഥ്, മിൽമ ചെയ൪മാ൯ എം.ടി. ജയ൯, ക്ഷീര വികസന വകുപ്പ് ഡയറക്ട൪ ആസിഫ് കെ യൂസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ട൪ ട്രീസ തോമസ്, മീറ്റ് പ്രൊഡക്ട്സ് ഓഫ് ഇന്ത്യ ചെയ൪മാ൯ ഇ.കെ. ശിവ൯, വാരപ്പെട്ടി ആപ്കോസ് പ്രസിഡന്റ് പി.എസ്. നജീബ്, ആപ്കോസ് നേര്യമംഗലം പ്രസിഡന്റ് പി.കെ. ശിവ൯, കോട്ടപ്പടി ആപ്കോസ് പ്രസിഡന്റ് ഡി.കോര, പുതുപ്പാട് ആപ്കോസ് സെക്രട്ടറി മഞ്ജു തോമസ്, വടാശേരി ആപ്കോസ് പ്രസിഡന്റ് എം.കെ. സുകു തുടങ്ങിയവ൪ പങ്കെടുത്തു.
Leave a Reply