തൃശൂര്‍ ജില്ലാതല തദ്ദേശ അദാലത്ത് 13ന്; പരാതികള്‍ സമര്‍പ്പിക്കാം

സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള നാലാം നൂറുദിന പരിപാടി 2024 ന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയില്‍ ഓഗസ്റ്റ് 13ന് ടൗണ്‍ ഹാളില്‍ ജില്ലാതല തദ്ദേശ അദാലത്ത് നടത്തുന്നു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ യഥാവിധി അപേക്ഷ നല്‍കിയതും എന്നാല്‍ സമയപരിധിക്കകം സേവനം ലഭിക്കാത്തതുമായ വിഷയങ്ങളിലുള്ള പരാതികള്‍, മന്ത്രിക്ക് ലഭിച്ച നിവേദനങ്ങള്‍, സ്ഥിരം അദാലത്ത് സമിതി, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ഓഫിസുകള്‍ എന്നിവയില്‍ തീര്‍പ്പാക്കാതെയുള്ള പൊതുജനങ്ങളുടെ പരാതികളും, നിവേദനങ്ങളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പുതിയ പരാതികള്‍/ നിര്‍ദ്ദേശങ്ങള്‍ എന്നീ വിഷയങ്ങള്‍ അദാലത്തില്‍ പരിഗണിക്കും. ലൈഫ് മിഷനില്‍ പുതിയ അപേക്ഷകള്‍, അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകള്‍, ജീവനക്കാരുടെ സര്‍വീസ് വിഷയങ്ങള്‍ എന്നിവ പരിഗണിക്കില്ല.

പരാതിക്കാര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ https://adalat.lsgkerala.gov.in പോര്‍ട്ടലിലെ സിറ്റിസണ്‍ ലോഗിന്‍ മുഖേന അദാലത്ത് തീയതിക്ക് അഞ്ച് ദിവസം മുമ്പ് വരെ പരാതി സമര്‍പ്പിക്കാം. കൂടാതെ അദാലത്ത് സ്ഥലത്തും പരാതികള്‍ നല്‍കാം. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്ഥിരം അദാലത്ത് സംവിധാനമായ ഉപജില്ലാ, ജില്ലാ, സംസ്ഥാന സമിതികള്‍ അന്നേ ദിവസം പരാതികള്‍ പരിശോധിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തുടങ്ങിയ ഉന്നതതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. രാവിലെ 8.30 രജിസ്‌ട്രേഷന്‍ ആരംഭിക്കും.

Leave a Reply

Your email address will not be published.