രവിമേലൂർ
കൊരട്ടി : കൊരട്ടി ഗ്രാമപഞ്ചായത്തിൻ്റേയും നാലുകെട്ട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റേയും നേതൃത്വത്തിൽ തൃശൂർ ജില്ലാ മിസ്റ്റ് ടീമിൻ്റെ സഹകരണത്തോടെ അതിഥി തൊഴിലാളികൾക്കായി നടപ്പിലാക്കുന്ന “സ്വസ്ഥ് സുരക്ഷിത് കൊരട്ടി” പദ്ധതിയുടെ രണ്ടാമത്തെ ക്യാമ്പും ഹെൽത്ത് കാർഡ് വിതരണ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന എല്ലാ അതിഥി തൊഴിലാളികളുടേയും എല്ലാ പ്രധാന പകർച്ചവ്യാധികളുടേയും പരിശോധന നടത്തി അവർക്ക് സ്വന്തമായി ഹെൽത്ത് കാർഡ് നൽകുന്ന പദ്ധതിയാണ് ഇത്. മലേറിയ, ടൈഫോയ്ഡ്,ഹെപ്പറ്റൈറ്റിസ് എ, ബി, എച്ച്. ഐ. വി, ഫൈലേറിയ,ക്ഷയ രോഗം എന്നിവ ഇതിൽ പെടും. ടെസ്റ്റുകൾ എല്ലാം സൗജന്യം ആണ്. ആദ്യ ക്യാമ്പിൽ പങ്കെടുത്ത 75 പേരുടെ കാർഡ് വിതരണവും നടത്തി. എ . ടി.എം കാർഡ് പോലുള്ള പി.വി.സി കാർഡിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുക വഴി ടെസ്റ്റ് ചെയ്തിട്ടുള്ള പകർച്ചവ്യാധികളുടെ റിസൽറ്റ്, വാലിഡിറ്റി എന്നിവ അറിയാൻ കഴിയും. രോഗങ്ങൾ അതിരീകരിക്കുന്നവർക്ക് വേണ്ട ചികിത്സ സൗകര്യവും ഒരുക്കുന്നുണ്ട്.പഞ്ചായത്ത് പരിധിയിലുള്ള ആയിരത്തിലധികം അതിഥി തൊഴിലാളികൾക്ക് ഈ സേവനം ലഭ്യമാകും. പുതുതായി പഞ്ചായത്തിൽ എത്തുന്ന അതിഥി തൊഴിലാളികൾക്കും ഈ കാർഡ് നിർബന്ധമാക്കും. അതിനായി തൊഴിൽ ദാതാക്കൾക്ക് നിർദ്ദേശം നൽകും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ നൈനു റിച്ചു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിസ്സി പോൾ, ബിജി സുരേഷ് , മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര, മിസ്റ്റ് ടീം ഡോ. ആർച്ച എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി എസ് മനോജ് സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോമോൻ ജേക്കബ്ബ് നന്ദിയും പറഞ്ഞു. ഇന്നു നടന്ന ക്യാമ്പിൽ 143 അതിഥി തൊഴിലാളികളെ പരിശോധിച്ചു
Leave a Reply